വീട് പുതുക്കണോ പുതിയത് പണിയണോ? ഏതാണ് ലാഭകരം?...
Mail This Article
പഴയ വീട് പുതുക്കിപ്പണിയാൻ തുടങ്ങിയിട്ട് അവസാനം പുതിയ വീടൊന്നു പണിയുന്നതായിരുന്നു ഭേദമെന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. പുതുക്കിപ്പണിയുന്നതായാലും പുതിയതു പണിയുന്നതായാലും വ്യക്തമായ പ്ലാനും പദ്ധതിയും കയ്യിലില്ലെങ്കിൽ സംഗതി കുളമാകും. അതിനു വീട് പഴയതെന്നോ പുതിയതെന്നോ വ്യത്യാസം വേണ്ട. അതുകൊണ്ട് ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നല്ലൊരു പ്ലാൻ തയാറാക്കുകയും അതിനു വേണ്ട ബജറ്റ് കണക്കാക്കി തുക കണ്ടെത്തുകയുമാണ് ആദ്യം വേണ്ടത്.
ഇതിനായി മികച്ച ആർക്കിടെക്റ്റുമാരെയോ ഡിസൈനർമാരെയോ കണ്ടെത്തി അവരുമായി ആശയം പങ്കുവയ്ക്കുക. സാധിക്കുമെങ്കിൽ നിലവിലുള്ള വീടും സാഹചര്യങ്ങളും നേരിട്ടു കാണിച്ച് ബോധ്യപ്പെടുത്തണം. അതിനുശേഷം അവരുടെ കൂടി അഭിപ്രായം കണക്കിലെടുത്തുവേണം വീട് പുതുക്കിപ്പണിയാണോ പുതിയതു പണിയണോ എന്ന് തീരുമാനിക്കാൻ.
പഴയ വീട് പണമാക്കി മാറ്റുക
പഴയതു പൊളിച്ചു കളഞ്ഞിട്ട് പുതിയതൊന്ന് പണിയാനാണ് തീരുമാനമെങ്കിൽ അതിൽനിന്നു പുതിയ വീട്ടിലേക്ക് പ്രയോജനപ്പെടുത്താവുന്ന സാമഗ്രികൾ എന്തൊക്കെയാണെന്ന് പരിശോധിക്കുകയും അവ അഴിച്ചെടുക്കുകയും വേണം. പൊക്കമുള്ള വാതിലുകളും നല്ല സൈസിലുള്ള ജനാലകളുമാണെങ്കിൽ അവ കളയാതെ ഉപയോഗിക്കാമല്ലോ.
എവിടെയാണ് ലാഭം
വീട് പുതുക്കുമ്പോൾ വെറുതെ എന്തിനാണ് പൊളിച്ചു കളയുന്നതെന്നു കരുതി ആവശ്യമില്ലാത്ത ഭാഗങ്ങൾ പഴയ വീട്ടിൽ നിലനിർത്തരുത്. ഇത് ചെലവ് വർധിപ്പിക്കും. ആകെ കോലം കെട്ടുകിടക്കുന്ന വീട്. അതൊന്നു പൊളിച്ചിട്ട് പുതിയതു വച്ചാൽ എല്ലാം ശരിയാകുമെന്ന് വിചാരിക്കുന്നവർ ഉണ്ട്. വീട് പുതിയതായാലും പഴയതായാലും വൃത്തിയായി സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുകയാണ് പ്രധാനം. ഇക്കാര്യത്തിൽ പിന്നോട്ടാണെങ്കിൽ നിലവിലുള്ളത് പൊളിച്ചു കളഞ്ഞിട്ട് പുതിയതു പണിതാലും കാര്യമില്ല. അതുകൊണ്ട് നിലവിലുള്ള വീടിനോട് കൂട്ടിച്ചേർക്കാവുന്ന സൗകര്യങ്ങളെ നിങ്ങൾ ആവശ്യപ്പെടുന്നുള്ളൂ എങ്കിൽ പഴയ വീട് പുതുക്കിപ്പണിയുന്നതാണ് ലാഭകരം.
English Summary- Renovation or New House Profitable