ADVERTISEMENT

മുടക്കുന്ന പണത്തിന് തക്ക മൂല്യമുള്ള വീടുകളാണോ സമ്പന്ന മലയാളികൾ നിർമിച്ചുകൂട്ടുന്നത്? അതോ പുറംപൂച്ച് കാണിക്കാനുള്ള പൊങ്ങച്ചകൂടാരങ്ങൾ മാത്രമാണോ? വീടൊരു പ്രദർശന വസ്തുവല്ല എന്ന് തിരിച്ചറിയണം. ‘എക്സിബിഷനിസം’ വീടിന്റെ കാര്യത്തിലും നന്നല്ല. വീടിന്റെ പുറംരൂപം കണ്ടിട്ടല്ല ആരും ആളിന്റെ വ്യക്തിത്വം മനസ്സിലാക്കുന്നത്.  മറ്റുള്ളവരെ കാണിക്കാനായുള്ള കോപ്രായമാകരുത് വീട്. വീടുപണിയിൽ മലയാളികൾക്ക് പിണയുന്ന അബദ്ധങ്ങൾ. അവ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

 

1. ചങ്ങാതി നന്നായില്ലെങ്കിൽ ചടങ്ങാകും...

വീടുപണി ആരെ ഏൽപിക്കുന്നു എന്ന തീരുമാനമാണ് ഏറ്റവും നിർണായകം. പ്രത്യേകിച്ച് പ്രവാസികളുടെ കാര്യത്തിൽ.  വീടുപണിയേൽപിക്കുന്ന ആർക്കിടെക്ടോ എൻജിനീയറോ ഡിസൈനറോ... ആരായാലും ആൾ മികച്ച പ്രഫഷനൽ അല്ലെങ്കിൽ മൊത്തം പണി പാളും.

പെട്ടെന്ന് പണി തുടങ്ങാം... ബാക്കിയൊക്കെ അപ്പപ്പോൾ വാട്ട്സാപ്പിൽ അയച്ചുതരാം എന്ന വാഗ്ദാനത്തിൽ വീഴ്ത്തുന്നതാണ് ഏറ്റവും പുതിയ തട്ടിപ്പ്. ഇവർ അയച്ചുതരുന്ന എൻജിനീയറിങ് ഡ്രോയിങ്ങോ സ്കെച്ചോ കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനുള്ള സാങ്കേതികജ്ഞാനം സാധാരണക്കാർക്കുണ്ടാകില്ല. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെപ്പറ്റി വിദേശത്തിരിക്കുന്ന വീട്ടുകാരന് യാതൊരു ഐഡിയയും കിട്ടുകയില്ല. ഫലമോ പറയുമ്പോഴൊക്കെ പണം കൊടുക്കാനുള്ള കറവപ്പശു മാത്രമായി വീട്ടുകാരന്റെ റോൾ മാറുന്നു.

വീടുപണിയേൽപിക്കുന്ന ആൾ മുമ്പ് നിർമിച്ചിട്ടുള്ള വീടുകൾ നേരിട്ട് കണ്ടും ആ വീട്ടുകാരുടെ അഭിപ്രായം കേട്ടും മാത്രം അന്തിമ തീരുമാനമെടുക്കുക. വീടുകളുടെ കുറെ ത്രീഡി ചിത്രങ്ങൾ അയച്ചുതരുന്നതു മാത്രം കണ്ട് വീണുപോകരുത്.

 

2. കാഴ്ചയ്ക്ക് ഗംഭീരമാകണം; അകത്തൊന്നുമില്ലെങ്കിലും

എന്റെ മനസ്സിലെ വീട് ഇതാണ് എന്നു പറഞ്ഞ് പലരും വീടിന്റെ ചിത്രം വരയ്ക്കും. വലിയ തൂണുകൾ, ഷോ വോൾ, ചരിഞ്ഞ മേൽക്കൂര... ഇങ്ങനെ വീടിന്റെ എലിവേഷൻ ചിത്രമായിരിക്കും അത്. വീട്ടിലുണ്ടാകേണ്ട സുന്ദരമായ ഇടങ്ങളെപ്പറ്റി അല്ലെങ്കിൽ സൗകര്യങ്ങളെപ്പറ്റി ഇവർക്ക് ഒന്നും പറയാനുണ്ടാകില്ല. എനിക്കെന്തു വേണം എന്നല്ല നാട്ടുകാരെ എന്തു കാണിക്കണം എന്നതിനെപ്പറ്റിയാണ് വീടു പണിയുന്നവനോട് ആദ്യമേ പറയുന്നത്. ഈ അവസരം അവർ മുതലെടുത്തില്ലെങ്കിലേ അതിശയമുള്ളു. ആകെ ബജറ്റിന്റെ നാൽപ്പത് ശതമാനത്തോളം എക്സ്റ്റീരിയർ ഭംഗിക്കുവേണ്ടി ചെലവാക്കുന്ന പൊങ്ങച്ചക്കൂടാരങ്ങൾ പിറക്കുന്നതങ്ങനെയാണ്. ആർച്ചുകൾ, പില്ലറുകൾ, കാണുന്നിടത്തെല്ലാം ക്ലാഡിങ്ങുകൾ എന്നിങ്ങനെ അനാവശ്യ കാട്ടിക്കൂട്ടലുകളുടെ സമ്മേളനമായിരിക്കും ഇത്തരം വീടുകളുടെ മുന്‍ഭാഗം. പാലുകാച്ചലിന് വരുന്നവരെല്ലാം ‘ഇംപ്രസ്ഡ്’ ആകണം എന്നതാണ് പ്രഥമ ലക്ഷ്യം. ഇതൊക്കെ ഒപ്പിച്ചെടുക്കാൻ വേണ്ടിവരുന്ന പണമോ പോയി. പിന്നീട് വർഷാവർഷം മെയ്ന്റനൻസിനും പണമിറക്കിക്കൊണ്ടിരിക്കണം എന്നുവരുമ്പോഴാണ് ഇതൊരു കുരിശായല്ലോ എന്ന തിരിച്ചറിവുണ്ടാകുക.

പുറംപൂച്ചുകൾക്കായി ചെലവഴിക്കുന്ന പണംകൊണ്ട് വീടിന്റെ ‘സ്പേസ് ക്വാളിറ്റി’ കൂട്ടാം. വീടിന് ഭംഗി വേണ്ട എന്നല്ല ഇതിനർഥം. ആവശ്യങ്ങൾക്ക് ഉത്തരമെന്ന നിലയിൽ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരുന്ന ഡിസൈൻ ആകുമ്പോൾ അതിന് അതിന്റേതായ തനിമയും സൗന്ദര്യവും ഉണ്ടാകും. 

 

3. പണമോ... അതൊരു പ്രശ്നമല്ലല്ലോ...

ഇത്ര ബജറ്റിൽ ഒതുങ്ങുന്ന വീട് എന്നല്ല ഇന്നയിന്ന സൗകര്യങ്ങൾ ഉള്ള വീട് വേണം എന്നാണ് മിക്കവരും ആവശ്യപ്പെടുക. ഈ സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തുമ്പോൾ എന്തു ചെലവാകും എന്നാണ് ചോദ്യം. ലോൺ വേണോ എന്നു ചോദിച്ച് ബാങ്കുകൾ ക്യൂ നിൽക്കുന്നതിനാൽ പലരും ബജറ്റിനെപ്പറ്റി ചിന്തിക്കാറേ ഇല്ല. ഈ മനോഭാവം തന്നെയാണ് ഏറ്റവും മുതലാക്കപ്പെടുന്നതും. ജോലി നഷ്ടപ്പെടുകയോ ശമ്പളം കുറയുകയോ ചെയ്യുന്നതോടെയാണ് സ്ഥിതി വഷളാകുന്നത്. വീട് വിൽക്കുക മാത്രമായിരിക്കും അപ്പോൾ മുന്നിലുള്ള പോംവഴി.

ശമ്പളം, ജോലിസ്ഥിരത, ജോലി നഷ്ടപ്പെട്ടാലും വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷമേ ബജറ്റ് നിശ്ചയിക്കാവൂ. ഇപ്പോൾ കയ്യിൽ പണമുണ്ട് അതിനാൽ വലിയ വീട് വയ്ക്കാം എന്ന നയം ശരിയല്ല. എസ്റ്റിമേറ്റ് കണക്കാക്കുമ്പോൾ എന്തെല്ലാം അതിൽ ഉൾപ്പെടും എന്ന് കൃത്യമായി മനസ്സിലാക്കണം. 

 

5. നൊസ്റ്റാൾജിയ വേണം; പക്ഷേ അതല്ലല്ലോ ജീവിതം

ഗൃഹാതുരത്വം ഇഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷം മലയാളികളും. നാലുകെട്ട്, നടുമുറ്റം, വരാന്ത... ഇവയൊക്കെ അവരുടെ സ്വപ്നങ്ങളാണ്. പുതിയൊരു വീടുപണിയുമ്പോൾ ഇതെല്ലാം അവിടെ ഉണ്ടാകണമെന്നാണ് പലരുടേയും ആഗ്രഹം. ഷോ കാണിക്കാനായി ഇവ കുത്തിനിറയ്ക്കുമ്പോൾ അത് വീടിന്റെ സ്വാഭാവികതയെ ബാധിക്കും. പിന്നെ മെയ്ന്റനൻസിന്റെ പ്രശ്നങ്ങളും തുടങ്ങും.

പാരമ്പര്യശൈലിയിലെ ഘടകങ്ങൾക്കൊപ്പം പുതിയ നിർമാണസാമഗ്രികളും ഫിനിഷുകളും കൂടെ ഉൾപ്പെടുത്തണമെന്ന നിർബന്ധബുദ്ധിയാണ് പുതിയൊരു പ്രശ്നം. പലപ്പോഴും ഹൽവയും മത്തിക്കറിയും പോലെയായിരിക്കും ഈ കോംബിനേഷൻ. മറ്റെങ്ങും കാണാത്ത രീതിയിലാണ് എന്റെ വീട് എന്നു വീമ്പു മുഴക്കാനുള്ള ശ്രമം ദുരന്തമാണെന്ന് തിരിച്ചറിയുന്നത് അടുപ്പിച്ച് ആറുമാസം വീട്ടിൽ താമസിക്കുമ്പോഴായിരിക്കും.

വീട് സ്വപ്നലോകമല്ലെന്നും താമസിക്കാനുള്ള ഇടമാണെന്നുമുള്ള പ്രായോഗിക ബോധ്യമാണ് ആവശ്യം. ഗൃഹാതുരതയുടെ ചിഹ്നങ്ങളെല്ലാം വീട്ടിൽ വേണമെന്ന് വാശി പിടിക്കരുത്. റിസോർട്ടുകൾക്ക് ആ അന്തരീക്ഷം ചേരുമായിരിക്കും വീടിന് അങ്ങനെയല്ല. ഏറ്റവും പുതിയ നിർമാണസാമഗ്രികൾ പ്രദർശിപ്പിക്കാനുള്ള എക്സിബിഷൻ സെന്ററുമല്ല വീട്. പല പ്രായത്തിലുള്ള മനുഷ്യർക്ക് പച്ചയായ ജീവിതം ജീവിച്ചു തീർക്കാനുള്ള ഇടമായിരിക്കണം വീട്.

English Summary- Upper Middile Class Malayalis Mistakes in House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com