പുതിയ വീട് പണിയുകയാണോ? എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്
Mail This Article
നമുക്ക് തീർത്തും സൗജന്യമായി പ്രകൃതി കനിഞ്ഞു നൽകുന്ന സൗരോർജ്ജവും ജൈവോർജ്ജവുമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട്, പണം കൊടുത്തു വാങ്ങേണ്ട വൈദ്യുതിയും പാചക ഇന്ധനവുമൊക്കെ ലാഭിക്കാൻ വീട് പണിയുമ്പോൾ തന്നെ അല്പം ശ്രദ്ധിച്ചു കൂടെ?
1. മേൽക്കൂരയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിൽ നിന്നും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ വീടുകളിൽ വില കൊടുത്തു വാങ്ങുന്ന വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന സംവിധാനമാണ് സൗരമേൽക്കൂര വൈദ്യുതി നിലയം.
നിർമാണഘട്ടത്തിൽ ശ്രദ്ധിക്കേണ്ടത്: കേരളത്തിൽ വർഷത്തിൽ ഏറിയ ഭാഗവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് നിന്നാണ്. അതിനാൽ മേൽക്കൂരയുടെ തെക്കോട്ട് അഭിമുഖമായ ഭാഗം സൗരവൈദ്യുത നിലയം സ്ഥാപിക്കാൻ സൗകര്യപ്രദമായി പണിയുക. മേൽക്കൂര ചരിച്ചു വാർക്കുന്നുവെങ്കിൽ തെക്കുവശം സൗരഉപകരണങ്ങൾക്ക് അനുയോജ്യമായ വിധം പണിയുക. വാട്ടർടാങ്ക്, സ്റ്റെയർകേസ്, മുറി തുടങ്ങിയവയുടെ നിഴൽ ഈ ഭാഗത്ത് വരാത്തവിധം ക്രമീകരിക്കുക. ഒരു കിലോവാട്ട് ശേഷിയുള്ള സൗരവൈദ്യുത നിലയത്തിന് കുറഞ്ഞത് 10 ചതുരശ്രമീറ്റർ നിഴലെത്താത്ത മേൽക്കൂര ആവശ്യമാണ്.
2. കുളിക്കാനും പാചകത്തിനുമുള്ള വെള്ളം ചൂടാക്കാൻ സൂര്യതാപം ഉപയോഗപ്പെടുത്തുന്നതിലൂടെ വീടുകളിലെ ഊർജ്ജോപയോഗം കുറയ്ക്കാൻ സഹായിക്കുന്ന അക്ഷയോർജ്ജ ഉപകരണമാണ് സൗരജലതാപന സംവിധാനം.
നിർമാണഘട്ടത്തിൽ ശ്രദ്ധിക്കേണ്ടത്: മേൽക്കൂരയുടെ തെക്കോട്ട് അഭിമുഖമായ ഭാഗം സൗരജലതാപന സംവിധാനം സ്ഥാപിക്കാൻ അനുയോജ്യമായ വിധം പണിയുക. പ്രതിദിനം 100 ലിറ്റർ വെള്ളം ചൂടാക്കാവുന്ന ഗാർഹിക സൗരജലതാപിനി സ്ഥാപിക്കാൻ കുറഞ്ഞത് 3 ചതുരശ്രമീറ്റർ നിഴലെത്താത്ത മേൽക്കൂര ആവശ്യമാണ്. ഇതിലേക്ക് തണുത്ത വെള്ളം നൽകുന്ന വാട്ടർ ടാങ്ക് സൗരജലതാപിനി സ്ഥാപിക്കുന്ന മേൽക്കൂരനിരപ്പിൽ നിന്നും കുറഞ്ഞത് 1.5 മീറ്റർ ഉയരത്തിൽ സ്ഥാപിക്കാനും ശ്രദ്ധിക്കണം. ചൂടുവെള്ളം കുളിമുറികളിലേക്കും അടുക്കളയിലേക്കും കൊണ്ടുപോകുന്നതിന് അനുയോജ്യമായ പൈപ്പുകൾ വീടിന്റെ പ്ലംബിംഗ് പണിയോടൊപ്പം തന്നെ സ്ഥാപിക്കുന്നതും നന്ന്.
3. വീട്ടുവളപ്പിൽ നിന്ന് തന്നെ തെങ്ങോലയുടെ മടലും കൊതുമ്പും മറ്റു വിറകുമൊക്കെ കിട്ടാനുണ്ടെങ്കിൽ ഒരു മെച്ചപ്പെട്ട വിറകടുപ്പു കൂടി സ്ഥാപിക്കാവുന്ന തരത്തിൽ അടുക്കള ഡിസൈൻ ചെയ്യുന്നത് വിലകൂടിയ പാചക ഇന്ധനം ലാഭിക്കാൻ സഹായിക്കും.
നിർമാണഘട്ടത്തിൽ ശ്രദ്ധിക്കേണ്ടത്: അടുക്കള പണിയുമ്പോൾ മെച്ചപ്പെട്ട വിറകടുപ്പു സ്ഥാപിക്കേണ്ടുന്ന പ്ലാറ്റ്ഫോം (തിണ്ണ) തറനിരപ്പിൽ നിന്നും 18 ഇഞ്ച് ഉയരത്തിലാണ് പണിയേണ്ടത്. രണ്ട് അടുപ്പുകളുള്ള പരിഷത്ത് 2+1മാതൃക അടുപ്പു സ്ഥാപിക്കുന്നതിനുള്ള പ്ലാറ്റ്ഫോമിന് 36' നീളവും 30' വീതിയും വേണം; ഒരു അടുപ്പുള്ള പരിഷത്ത് 1+1 മാതൃക അടുപ്പിനുള്ള പ്ലാറ്റ്ഫോമിന് 30' നീളവും 30' വീതിയും മതിയാകും.
4. അടുക്കളമുറ്റത്ത് ജൈവവാതകനിലയം സ്ഥാപിക്കുന്നത്, ദിനംപ്രതി വീട്ടിലുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറിച്ചവറും ചീഞ്ഞളിഞ്ഞു ഈച്ചയും പാറ്റയും എലിയും വർധിക്കാൻ ഇടയാക്കാതെ സുരക്ഷിതമായി നിര്‍മ്മാർജ്ജനം ചെയ്യുന്നതിനും അതിൽ നിന്നും എൽ.പി.ജിക്ക് സമാനമായ പാചകവാതകം ലഭ്യമാക്കാനും സഹായിക്കും.
നിർമാണഘട്ടത്തിൽ ശ്രദ്ധിക്കേണ്ടത്: പ്രതിദിനം ലഭ്യമാകാവുന്ന ജൈവമാലിന്യങ്ങൾ പരമാവധി 4 കിലോഗ്രാമില്‍ താഴെയാണെങ്കിൽ 0.75 ഘനമീറ്റർ ശേഷിയുള്ള ജൈവവാതകനിലയം മതിയാകും. ജൈവമാലിന്യങ്ങളുടെ അളവ് പ്രതിദിനം 6 കിലോഗ്രാമെങ്കിലും ഉണ്ടാകുമ്പോൾ ഒരു ഘനമീറ്റർ ശേഷിയുള്ള ജൈവവാതകനിലയം സ്ഥാപിക്കണം. അടുക്കളയിൽ നിന്നും ഏറെ ദൂരത്തിലല്ലാതെ 1.52 ചതുരശ്രമീറ്റർ സ്ഥലം ഇതിനു വേണ്ടി വരും. വെള്ളം കെട്ടി നിൽക്കാത്തതും വെയിൽ കിട്ടുന്നതുമായ ഉറപ്പുള്ള സ്ഥലമാണ് അനുയോജ്യം.
English Summary- Energy Efficient House Construction Tips