പഴയ വീട് പുതുക്കുന്നതോ പുതിയ വീടോ ലാഭകരം?
Mail This Article
വീടു പുതുക്കിപ്പണിയുന്നത് ഇരട്ടി ചെലവു വരുത്തിവയ്ക്കുമെന്നാണ് പൊതുവേ പറയാറുള്ളത്. അധികം പഴക്കമില്ലാത്ത വീടുകളാണെങ്കിൽ സൗകര്യത്തിനും ഭംഗിക്കും പ്രാധാന്യം നൽകിക്കൊണ്ട് പുതുക്കിപ്പണിയുന്നതാണു ലാഭകരം. ആയിരം സ്ക്വയർ ഫീറ്റിൽ ഒരു പുതിയ വീടു നിർമിക്കാൻ പന്ത്രണ്ടു മുതൽ പതിനഞ്ചു ലക്ഷം വരെ ചെലവാകും. ഉപയോഗിക്കുന്ന മെറ്റീരിയലുകളും അവലംബിക്കുന്ന ശൈലിയും അനുസരിച്ച് ഇത് 20 ലക്ഷം വരെയാകാം. അങ്ങനെ നോക്കുമ്പോൾ പുനർനിർമാണം ആണു ലാഭകരം.
പരിസ്ഥിതിയോട് ഇണങ്ങിയുള്ള പുനർനിർമാണം
വീടുകൾ നവീകരിക്കുമ്പോൾ മരത്തിന്റെ ഉരുപ്പടികൾ കഴിയാവുന്നത്ര പുനരുപയോഗിക്കുക. തടികളിൽ വരുന്ന തകരാറുകൾ പരിഹരിക്കുവാൻ ഇന്നു ധാരാളം വഴികളുണ്ട്. ജനലുകളുടെ ചട്ടം അഥവാ ഫ്രെയിമുകൾ ഇത്തരത്തിൽ ഉപയോഗിക്കാം. ജനൽപ്പാളികളും മറ്റും ചെലവു കുറഞ്ഞ രീതിയിൽ പുതിയതാക്കാം. തുരുമ്പെടുത്ത വിജാഗിരിയും കൊളുത്തും ഒക്കെ മാറ്റിയാൽ മാത്രം ഉപയോഗിക്കാവുന്നവയായിരിക്കും മിക്കതും. മരം മുറിക്കാതെതന്നെ അതിനു പകരമായി ഉപയോഗിക്കാവുന്ന ധാരാളം മെറ്റീരിയലുകളും ലഭ്യമാണ്. പരമാവധി പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള നവീകരണശൈലി ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
വീടിന്റെ അകത്തളങ്ങൾ
വാതിലുകളിലും ജനലുകളിലും ഉള്ള ചെറിയ ചെറിയ മാറ്റങ്ങൾ, പുറം ചുവരിൽ അറ്റകുറ്റപ്പണികൾക്കു ശേഷമുള്ള ഒന്നോ രണ്ടോ കോട്ട് പെയിന്റിങ് ഇത്രയുമായാൽത്തന്നെ വീടിന്റെ പുറംഭാഗം വൃത്തിയാകും. വീടിന്റെ ഉൾഭാഗങ്ങളിലാണ് കൂടുതൽ കാശ് ചെലവഴിക്കേണ്ടി വരുന്നത്. ഒന്നോ രണ്ടോ മുറികൾ കൂട്ടിയെടുക്കുന്നതോടെ വീടിന്റെ സൗകര്യം വർധിക്കും. മിക്ക വീടുകളുടെയും പ്രധാന പ്രശ്നം ഇന്നത്തെ രീതിയിലുള്ള വലുപ്പം മുറികൾക്ക് ഉണ്ടാകില്ല എന്നതാണ്. ഹാളുകൾക്കും വലുപ്പം കുറവായിരിക്കും. ഡൈനിങ് റൂം, വിസിറ്റിങ് റൂം, ലിവിങ് റൂം, ഡ്രോയിങ് റൂം എന്നിങ്ങനെ വിളിപ്പേരുള്ള റൂമുകൾ ഉണ്ടാകണമെന്നില്ല. ചില ഭിത്തികൾ നീക്കംചെയ്ത് ഇവയുടെ വലുപ്പം വർധിപ്പിക്കാം. ചില ഇട ഭിത്തികൾ നിർമിച്ച് അവയെ അനുയോജ്യമായ രീതിയിൽ ഉപയോഗിക്കുവാനും കഴിയും.
രണ്ടിഞ്ച് കനത്തിലുള്ള കട്ടകൾ മുതൽ സിമന്റ് ഫൈബർ ബോർഡ് വരെ നമുക്ക് ഇതിനായി ഉപയോഗിക്കാം. സാമാന്യം തരക്കേടില്ലാത്ത ടൈൽ വിരിച്ചും ബാത്റൂം ഫിറ്റിങ്സുകളിൽ ചിലതെല്ലാം മാറ്റുകയും ചെയ്ത് ബാത്റൂമുകൾ ഭംഗിയാക്കാം. മിതമായ വിലയ്ക്ക് ലഭിക്കുന്ന ഗുണമേന്മയുള്ളതും ആർഭാടരഹിതവുമായ ഫിറ്റിങ്സുകൾ വാങ്ങുക. സ്വിച്ച് ബോർഡുകളും അവയുടെ പ്ലേറ്റുകളും ഒക്കെ മാറ്റുക. മതിയായ പരിശോധനകൾക്കുശേഷം അഡീഷനൽ വയറിങ് വേണമെങ്കിൽ നൽകി വീടിന്റ് അകത്തളങ്ങളെ സുരക്ഷിതവും മനോഹരവുമാക്കാം.
കിച്ചനിൽ ഫെറോ സ്ലാബുകൾ കൊണ്ടു കള്ളികളുണ്ടാക്കി അവ സ്റ്റോറേജ് സ്പേസാക്കി മാറ്റിയാൽ വലിയൊരളവുവരെ കിച്ചന്റെ സ്ഥലപരിമിതി മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ഇലക്ട്രിക് ചിമ്മിനി, മോഡുലർ കിച്ചൻ തുടങ്ങിയ കൺസെപ്റ്റ് പുനർനിർമാണത്തിൽ മാറ്റിവയ്ക്കുന്നതാണു നല്ലത്. പുനർനിർമാണത്തിന്റെ അവസാനഘട്ടത്തിൽ പെയിന്റിങ് ചെയ്യുമ്പോൾ രണ്ടു കോട്ട് ഇന്റീരിയർ എമൽഷൻ അടിച്ചാലും കൂടുതൽ ഭംഗി കിട്ടും.
ഒരു പുതിയ വീട് നിർമിക്കുകയല്ല, മറിച്ച് നമ്മുടെ ആവശ്യങ്ങളെ മുൻനിർത്തി പഴയ വീട് നവീകരിക്കുകയാണ് എന്ന ബോധ്യം ഉണ്ടാകണം. ലോ കോസ്റ്റ് നിർമാണരീതി നവീകരണത്തിനു ചേർന്നതല്ല. ആർഭാടങ്ങൾ കുറച്ച് അത്യാവശ്യം ഉള്ള സൗകര്യങ്ങൾ മാത്രം കൂട്ടിച്ചേർക്കുന്ന തരത്തിലാകണം നവീകരണം. പ്രളയം അടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ഇന്ന് അഭിമുഖീകരിക്കേണ്ടി വരുന്നു. പുനർനിർമാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് അതാണ്. ഉദാഹരണത്തിന് റോഡ് നിരപ്പിൽനിന്നു താഴ്ന്നു നിൽക്കുന്ന ഒരു വീട് പുനർനിർമിക്കുകയാണെന്നിരിക്കട്ടെ, വർഷകാലത്ത് വെള്ളക്കെട്ട് ഉണ്ടാകും. അതിനെ നേരിടാൻ തയാറെടുപ്പു വേണം. ഇത്തരം സാഹചര്യങ്ങൾ മനസ്സിലാക്കി വീടിന്റെ നിലവിലെ ഭംഗിയും ദൃഢതയും കാലപ്പഴക്കവും പരിഗണിച്ച് ആകണം നവീകരണം.
തയാറാക്കിയത്
പ്രശാന്ത് കെ.വി.
English Summary- Renovation or New Home