കൊറോണക്കാലം; വീട്ടിലൊരുക്കാം കൃഷിത്തോട്ടം; ഗ്രോ ബാഗ് അനായാസം ഉണ്ടാക്കാം
Mail This Article
ഈ കൊറോണക്കാലത്ത് പുറത്തിറങ്ങാനാകാതെ വീട്ടിൽ ഇരിക്കുമ്പോഴാണ് പലർക്കും അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യം മനസിലായത്. എത്ര കുറഞ്ഞ സ്ഥലത്തും ഇനി വീടിന്റെ ടെറസിലും വരെ പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ ഇനിയും സമയമുണ്ട്. ഏത് അടിയന്തരസാഹചര്യത്തിലും ഒരു കറി ഉണ്ടാക്കാനുള്ള ശുദ്ധമായ പച്ചക്കറി വീട്ടിലുണ്ടാകും.
ഗ്രോബാഗ് കൃഷി ഇന്ന് ഏറെ പ്രചാരണത്തില്‍ ഉള്ളതാണ്. സൂര്യപ്രകാശവും ജലസേചനസൗകര്യവും ലഭ്യമാകുന്ന ഇടങ്ങളിലെല്ലാം ഗ്രോബാഗ് കൃഷി വിജയകരമായി നടത്താം. അടുക്കളതോട്ടത്തിലും ടെറസിലും എല്ലാം കൃഷി ചെയ്യാന്‍ അനുയോജ്യമാണ് ഗ്രോ ബാഗ്. എന്തൊക്കെയാണ് ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.
വിവിധ വലുപ്പത്തിലുള്ള ഗ്രോബാഗുകള്‍ ഇന്ന് ലഭ്യമാണ്. പച്ചക്കറി ഇനങ്ങളുടെ വളര്‍ച്ചാസ്വഭാവം അനുസരിച്ച് വലുപ്പം നിര്‍ണയിക്കാം. അടിവശത്ത് വെള്ളം വാര്‍ന്നുപോകാന്‍ പാകത്തിൽ ചെറുദ്വാരങ്ങള്‍ ഉണ്ടാക്കണം.
ഗ്രോ ബാഗില്‍ മിശ്രിതം നിറക്കുമ്പോള്‍ ഏറ്റവും അടിയില്‍ ഒരിഞ്ച് മണ്ണ് നിറച്ചതിനു ശേഷം ചെറിയ ഓടിന്റെ കഷ്ണം ബാഗിന്റെ നടുവിലായി വയ്ക്കുക. വെള്ളം വാര്‍ന്നു പോകാന്‍ ഇതു സഹായിക്കും. കൃഷിയുടെ പുഷ്ടിയായ വളര്‍ച്ചയ്ക്കും ഉൽപാദനത്തിനും നിറയ്ക്കുന്ന വളമിശ്രിതത്തിന്റെ ഗുണം പ്രധാന ഘടകമാണ്.
ഗ്രോ ബാഗില്‍ നിറയ്ക്കാനുള്ള മണ്ണില്‍ നിന്നു കല്ലും കട്ടയുമെല്ലാം കളയണം. ഇതിനു ശേഷം രണ്ടോ മൂന്നോ ദിവസം വെയിലത്തിട്ടു നന്നായി ചൂട് കൊള്ളിക്കണം. മണ്ണിന്റെ കൂടെ തുല്യ അളവില്‍ ചാണകപ്പൊടി മിക്‌സ് ചെയ്യുന്നതും നല്ലതാണ്. ബാഗില്‍ നിറയ്ക്കുന്ന മിശ്രിതത്തിന്റെ കൂടെ പച്ചച്ചാണവും ചാരവും ഉപയോഗിക്കരുത്. ചാരം മണ്ണിന്റെ പുളിപ്പ് കൂട്ടും, ഇതു ചെടികള്‍ക്ക് അത്ര നല്ലതല്ല.ഗ്രോബാഗ് കൃഷിയില്‍ ചാകവളത്തോടൊപ്പം ട്രൈക്കോഡര്‍മ എന്ന മിത്രകുമിളിനെ ചേര്‍ത്ത് ഉപയോഗിച്ചാല്‍ പച്ചക്കറിയിലെ വിവിധ കുമിള്‍രോഗങ്ങളെ നിയന്ത്രിക്കാനാകും.
അതുപോലെ മറ്റൊന്നാണ് ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ചെടികള്‍ക്ക് വേരോട്ടം ലഭിക്കാന്‍ മണല്‍ മിക്‌സ് ചെയ്യുന്നത് .ടെറസില്‍ കൃഷി ചെയ്യുന്നവര്‍ മണ്ണിന്റെ കൂടെ ചകിരിച്ചോര്‍ മിക്‌സ് ചെയ്യുന്നതു മണ്ണിന്റെ ഈര്‍പ്പം നില നിര്‍ത്താനും ചട്ടിയുടെ ഭാരം കുറയ്ക്കാനും സഹായിക്കും.
ചെടികള്‍ നടുമ്പോള്‍ ആദ്യം ട്രേകളില്‍ നട്ടുവളര്‍ത്തിയ തൈകള്‍ പറിച്ചുനടുന്നതാണ് നല്ലത്. പ്രത്യേകിച്ചും വെണ്ട, പാവല്‍, വഴുതന, മുളകുപോലെ മുളയ്ക്കാന്‍ കൂടുതല്‍ സമയം ആവശ്യമുള്ള ഇനങ്ങള്‍. പയര്‍പോലെ പെട്ടെന്നു മുളയ്ക്കുന്നവയുടെ വിത്ത് നേരിട്ട് ബാഗില്‍ നടാം. പറിച്ചുനട്ടാല്‍ മൂന്നുനാലു ദിവസം വെയിലും തണലും തട്ടാതെ വച്ചശേഷം പിന്നീട് സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ മാറ്റി വയ്ക്കാം.
ഒരിക്കലും ഗ്രോബാഗ് മുഴുവനായി മണ്ണു നിറക്കരുത്, എപ്പോഴും ഗ്രോബാഗിന്റെ പകുതിയെ നിറക്കാന്‍ പാടുള്ളൂ, പിന്നീട് ചെടി വളരുന്നതിന് അനുസരിച്ച് ജൈവവളവും മണ്ണും മിക്‌സ് ചെയ്തിട്ടു കൊടുക്കാം.അതുപോലെ വെള്ളം ഒഴിക്കുമ്പോള്‍ ചളിപ്പരുവമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. പന്തല്‍ ആവശ്യമുള്ളവയ്ക്ക് പന്തലും, പടര്‍ന്നുപോകുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കണം.
English Summary- Grow Bag making; Home Vegetable Garden