ലോക്ഡൗൺ കാലം; വീട്ടിൽ അനായാസം ഒരുക്കാം ചീരത്തോട്ടം; ഇവ ശ്രദ്ധിക്കുക
Mail This Article
ലോക്ഡൗൺ കാലം വീട്ടിൽ നല്ലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ വിനിയോഗിച്ചാലോ? വീടുകളില്‍ വളരെ എളുപ്പം വളർത്തിയെടുക്കാവുന്ന ചെടിയാണ് ചീര. അന്നജം, പ്രോട്ടീൻ, കൊഴുപ്പ്,അമിനോ ആസിഡുകൾ എന്നിവയുടെ കലവറയാണ് ചീര. സ്ഥലമില്ലാത്തവർക്ക് വീടിന്റെ ടെറസിൽ ഗ്രോ ബാഗിൽ വരെ ചീര കൃഷി ചെയ്യാൻ കഴിയും. സ്ഥലമില്ലാത്തവർക്ക് വീടിന്റെ ടെറസിൽ ഗ്രോ ബാഗിൽ വരെ ചീര കൃഷി ചെയ്യാൻ കഴിയും.
മണ്ണിൽ നല്ല ജൈവാംശവും, ശരിയായ ജലസേചനവും ഉണ്ടെങ്കിൽ 25 ദിവസമാകുമ്പോൾ വിളവെടുക്കാമെന്നതും ചീരയെ പ്രിയപ്പെട്ടതാക്കുന്നു. എങ്ങനെയാണ് നല്ല രീതിയില്‍ ചീര കൃഷി ചെയ്യേണ്ടത് എന്ന് നോക്കാം.
വേനൽക്കാലം ചീര കൃഷിക്ക് മികച്ച സമയമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും എന്നാല്‍ വെള്ളം കെട്ടിനില്‍ക്കാത്തതുമായ അന്തരീക്ഷം ആണ് ചീരയ്ക്ക് അനുയോജ്യം. രണ്ടു രീതിയിൽ ചീര കൃഷി ചെയ്യാം. ഒന്ന് വാരത്തിൽ ചിരവിത്ത് വിതറി അവിടെ തന്നെ നിന്ന് ഉണ്ടാവുന്നത്. രണ്ടാമത്തേത് മുളച്ചു വന്ന ചീരതൈപറിച്ച് മാറ്റി നടുന്നത്. ചിരക്കൃഷിയിലേക്ക് ആദ്യമായി ഇറങ്ങുന്നവർ വിത്ത് മുളപ്പിച്ച് പറിച്ചുനടുന്നതാണ് നല്ലത്.
ചീര നടും മുൻപായി തടത്തിൽ വെള്ളമൊഴിച്ച് നാലഞ്ചു ദിവസം ഇടുക. അതിനുശേഷം ഉണങ്ങിയ മണ്ണും ചീരവിത്തുംനന്നായി ചേർത്ത് യോജിപ്പിച്ചതിനു ശേഷം തടത്തിൽ തൂവി കൊടുക്കുക. തുടർന്ന് ഇതിനു മുകളിൽ വളരെ കുറഞ്ഞ അളവിൽ പൊടിമണ്ണു വിതറുക.ഇതിന്റെ മുകളിലായി പ്ലാസ്റ്റിക് ഷീറ്റ് വിരിക്കാം.
വിത്ത് മുളപ്പിച്ചു പറിച്ചു നടുന്ന രീതിയിലാണ് കൃഷി എങ്കില്‍ പറിച്ചു നടും മുൻപ് തൈകളുടെ വേര് 20 ഗ്രാം സ്യൂഡോമോണാസ് ,ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയുണ്ടാക്കിയ ലായനിയിൽ 20 മിനിട്ട് മുക്കി വയ്ക്കുന്നത് നല്ലതാണ്. രണ്ടാഴ്ച പ്രായമായ ചെടിക്ക് ഫിഷ് അമിനോ സ്പ്രേ ചെയ്യുകയും, ചുവട്ടിൽ നനയ്ക്കുകയും ചെയ്യണം. ഫിഷ് അമിനോ 10 മില്ലി ഒരു ലിറ്റർ ജലത്തിൽ ലയിപ്പിച്ച് ചെടികളിൽ സ്പ്രേ ചെയ്യുക. 20 മില്ലി ഒരു ലിറ്റർ ജലത്തിൽ കലർത്തി തടത്തിൽ നനച്ചുകൊടുക്കണം. ഫിഷ് അമിനോ രാവിലെതന്നെ സ്പ്രേ ചെയ്യുന്ന കാര്യം ശ്രദ്ധിക്കുക.
2 ആഴ്ച കൂടുമ്പോൾ പച്ചില വളമോ, കുളത്തിലെ പായലോ വാരത്തിൽ വിതറുന്നത് ചീരയുടെ വളർച്ചയെ സഹായിക്കും. ദിവസവും ജലസേചനം നടത്തണം. കൃത്യസമയത്ത് കളകള്‍ നീക്കം ചെയ്യാനും ശ്രദ്ധിക്കണം. ചീര നന്നായി വളരുന്നതിന് 1 ലിറ്റർ ഗോമൂത്രം, 5 ലിറ്റർ വെള്ളവുമായി കലർത്തി സ്പ്രേ ചെയ്തു കൊടുക്കുക. ജീവാമൃതം നേർപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് ചീര നന്നായി കരുത്തിൽ വളരുന്നതിന് സഹായിക്കും.
English Summary- Spinach Farming Tips