തുടർക്കഥയായി പ്രളയം; പ്രതിരോധിക്കാൻ വീടുകളിൽ വേണം ഈ മാറ്റങ്ങൾ
Mail This Article
തുടർച്ചയായ മൂന്നാം പ്രളയത്തിന്റെ ഭീതി മുനമ്പിലാണ് കേരളം. കാലവർഷം കനത്തതോടെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറി. പതിനായിരക്കണക്കിന് ജനങ്ങൾ ദുരിതത്തിലായി. ഇനിയങ്ങോട്ടുള്ള വർഷങ്ങളിലും ഇത് തുടരാനാണ് സാധ്യത എന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇനിയെങ്കിലും വീടുപണി സമയത്ത് ചില മുൻകരുതലുകൾ എടുത്താൽ ഒരുപരിധി വരെ ഈ പ്രശ്നം ഒഴിവാക്കാനാകും.
വെള്ളക്കെട്ടുള്ള സ്ഥലത്ത് വീട് വയ്ക്കുന്ന വീട്ടുടമ എടുക്കുന്ന റിസ്ക് കുറച്ചൊന്നുമല്ല. എന്നാൽ കാര്യഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കാൻ കഴിഞ്ഞാൽ വെള്ളക്കെട്ട് ഉണ്ട് എന്നത് ഒരു പ്രശ്നമായി വരില്ല. വീട് വയ്ക്കാൻ സ്ഥലം വാങ്ങേണ്ടത് മഴക്കാലത്താണ് എന്ന് പറയുന്നത് ഇതുകൊണ്ടാണ്. നല്ല മഴയുള്ള സമയത്ത് സ്ഥലം വാങ്ങാൻ പോയാൽ, അവിടം വെള്ളക്കെട്ടുള്ള പ്രദേശമാണോ അല്ലയോ എന്ന് മനസിലാക്കാനായി സാധിക്കും. വെള്ളക്കെട്ടുള്ള പ്രദേശമാണ് എങ്കിൽ ഒഴിവാക്കാൻ ശ്രമിക്കുക. അല്ല അവിടെ തന്നെ തുടരാനാണ് ഉദ്ദേശമെങ്കിൽ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിക്കുക എന്നതാണ് ഉചിതം.
വെള്ളക്കെട്ടുള്ള സ്ഥലത്ത് വീട് പണിയുന്നതിന് മുൻപായി മണ്ണിന്റെ ഘടന പരിശോധിക്കുന്നത് നന്നായിരിക്കും. ഉറച്ച മണ്ണാണ് എങ്കിൽ അത്രതന്നെ പ്രശ്നം വരില്ല. ഇനി അതല്ല കുഴഞ്ഞ മണ്ണാണ് എങ്കിൽ, കൂടുതൽ മണ്ണടിച്ച് വെള്ളം കെട്ടി നിൽക്കാത്ത രീതിൽ ഭൂമിയെ ഉയർത്തുകയാണ് ഉചിതം. ഒപ്പം തങ്ങളുടെ ഭൂമിയിൽ വീഴുന്ന വെള്ളം പുറത്തേക്കോ, തുറസ്സായ സ്ഥലങ്ങളിലേക്കോ ഒഴുക്കി കളയുന്നതിനായി ചാലുകൾ കീറുന്നത് നന്നായിരിക്കും. ഇത് സ്ഥിരമായി ഉപയോഗത്തിൽ വരുന്നതിനു ചാലുകൾ കോൺക്രീറ്റ് ചെയ്യുക.
അടുത്തതായി ശ്രദ്ധിക്കേണ്ടത് വീട് നിർമാണത്തിനായി ബേസ്മെന്റ് നിർമ്മിക്കുമ്പോൾ ആഴം പതിവിലും കൂട്ടുക എന്നതാണ്. മാത്രമല്ല, കരിങ്കല്ല് കൊണ്ട് തന്നെ ബേസ്മെന്റ് തീർക്കുന്നതിനായി ശ്രമിക്കുക. ഇത് വീടിനു കൂടുതൽ ഉറപ്പ് നൽകും. പറമ്പിൽ വീഴുന്ന വെള്ളം സംരക്ഷിക്കുന്നതിനായി മഴക്കുഴി നിർമ്മാണം , കിണർ റീചാർജിംഗ് എന്നിവ ചെയ്യുന്നതും ഉപകാരപ്രദമാണ്.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ വീട് നിർമിക്കുമ്പോൾ മേൽക്കൂര ചെരിച്ചു വാർക്കാൻ ശ്രമിക്കുക. അല്ലാത്തവർ റൂഫിംഗ് ഷീറ്റുകൾ ഇടുക. ഒപ്പം സൺഷേഡുകൾ വീതി കൂട്ടി നിർമിക്കാനും ശ്രദ്ധിക്കുക. കാരണം, ഇങ്ങനെ ചെയ്യാത്ത പക്ഷം ഭിത്തി നനഞ്ഞതിന്റെ തണുപ്പും മഴവെള്ളം കെട്ടി നിൽക്കുന്നതിന്റെ തണുപ്പും കൂടി ചേർന്ന് വീട്ടിനകത്ത് തണുപ്പ് ഏറെ കൂടാനുള്ള സാധ്യതയുണ്ട്.
വീടിന്റെ തറപ്പൊക്കം സാധാരണവീടുകളേക്കാൾ ഉയർത്തുന്നതും ഗുണകരമാണ്. ചെലവ് അല്പം കൂടുതലുള്ള കാര്യമാണ് എങ്കിലും വെള്ളപ്പൊക്കം മൂലം കാലാന്തരത്തിൽ കനത്ത നഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി ഇത്തരം നടപടികൾ സ്വീകരിക്കുന്നതാണ് ഉചിതം
English Summary- Flood Resistant House Construction Tips