പ്രളയശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ഇവ ഉറപ്പായും ശ്രദ്ധിക്കുക
Mail This Article
പ്രളയദുരിതം കഴിഞ്ഞു, വെള്ളം ഇറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിൽ ഇനി വേണ്ടത് ശുദ്ധീകരണ യജ്ഞമാണ്. വീടുകൾ വൃത്തിയാക്കി, വാസയോഗ്യമാക്കി, അണുവിമുക്തമാക്കിയുള്ള പുനഃപ്രവേശം. തിരികെ വീടുകളിലേക്ക് മടങ്ങുമ്പോൾ ചില മുൻകരുതലുകൾ എടുക്കണം. ഇവ ശ്രദ്ധിക്കുക.
അണുനശീകരണം
∙ ഇകോളി ഉൾപ്പെടെയുള്ള അണുക്കൾ വീട്ടിൽ ഉണ്ടായിരിക്കും.
∙ബ്ലീച്ചിങ് പൗഡർ ഫലപ്രദമായ അണു നശീകരണ ഉപാധി.
∙വലിയ ടേബിൾ സ്പൂൺ ബ്ലീച്ചിങ് പൗഡർ കുറച്ചു വെള്ളത്തിൽ ലയിപ്പിച്ച ശേഷം അതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക.
∙15 മിനിറ്റുകൾ കാത്തതിനു ശേഷം ഇതുപയോഗിച്ചു നിലം തുടച്ചാൽ അണുക്കൾ നശിക്കും.
∙പരിസരങ്ങൾ ശുചിയാക്കാൻ നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കാം.
∙മുറികളിലെ വായുമലിനീകരണം ഒഴിവാക്കാൻ വാതിലുകളും ജനാലകളും ദീർഘനേരം തുറന്നിടാം.
കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കുന്നത്
∙കിണറിൽ ചെളി നിറഞ്ഞിട്ടുണ്ടെങ്കിൽ വെള്ളം പമ്പ് ചെയ്ത് ചെളി നീക്കാം.
∙കിണറിലെ വെള്ളം അണുവിമുക്തമാക്കാൻ സൂപ്പർ ക്ലോറിനേഷൻ ഗുണം ചെയ്യും. 1000 ലീറ്റർ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അളവിൽ ലായിനി തയാർ ചെയ്യാം. ഇതു ബക്കറ്റിലാക്കി, കിണറ്റിലിറക്കി, വെള്ളവുമായി നന്നായി യോജിപ്പിക്കുക. വാട്ടർ ടാങ്കുകളിലെ വെള്ളം മുഴുവൻ കളഞ്ഞ് ശുചിയാക്കിയതിനു ശേഷം വീണ്ടും നിറയ്ക്കുക.
വീട്ടിലെ ഫർണീച്ചറുകൾ
∙ഉപയോഗശൂന്യമായ കട്ടിൽ, മെത്ത, കുഷ്യനുകൾ, വിരിപ്പ് തുടങ്ങിയവ കളയാം.
∙ഉപയോഗ യോഗ്യമായവ വീടിനു പുറത്തേക്കു മാറ്റി അകം വൃത്തിയാക്കുക.
മതിൽ
∙ഗേറ്റ് തുറക്കുമ്പോൾ സൂക്ഷിക്കുക. പ്രളയത്തിൽ നിന്ന് ആഘാതം നേരിട്ടതിനാൽ മതിലിടിയാൻ സാധ്യതയുണ്ട്.
English Summary- Returning Home After Floods