കേരളത്തിൽ ഹിറ്റായി ഈ പുതിയ ഗാർഡൻ! ചെടിപ്രേമികൾ പരീക്ഷിച്ചോളൂ!
Mail This Article
ചെറിയ സ്ഥലത്ത് വീടുള്ളവർക്കും ഫ്ലാറ്റ്‌വാസികളുമൊക്കെ വീടലങ്കരിക്കാൻ വെർട്ടിക്കൽ ഗാർഡൻ ആണല്ലോ ഇന്ന് സാധാരണയായി ഉപയോഗിക്കുക. കാണുവാൻ ഭംഗി ഉണ്ടെങ്കിലും വെർട്ടിക്കൽ ഗാർഡന്റെ പരിപാലനം ശ്രമകരമാണ്. ചെടികൾ കുത്തിനിറച്ചുള്ള ഇത്തരം സംവിധാനത്തിൽ നന ഒന്ന് കുറഞ്ഞാലോ കൂടിയാലോ അല്ലെങ്കിൽ വെയിൽ അധികമായാലോ ചെടികൾ നശിച്ചു പോകും. ഇതിനു പകരമായി ലളിതമായ പരിചരണം മതിയാകുന്നതും എന്നാൽ എന്നും ഒരുപോലെ ഭംഗി നിൽക്കുന്നതുമായ, ഭിത്തിയിൽ ഒരുക്കാവുന്ന മെറ്റൽ ആർട്ട് ഇന്ന് പ്രചാരത്തിലായി വരുന്നു.
ഇരുമ്പു കമ്പിയും തകിടുമെല്ലാം ഉപയോഗിച്ച് തയാറാക്കുന്ന മെറ്റൽ ആർട്ടിനൊപ്പം തിരഞ്ഞെടുത്ത ഏതാനും ചെടികളും കൂടി ഉൾപ്പെടുത്തി ഭിത്തി മോടിയാക്കുന്ന ഈ കലാസൃഷ്ടി ഇപ്പോൾ പതിയ ഹിറ്റായി വരികയാണ്. ഇവിടെ ചെടികൾക്കും മെറ്റൽ ആർട്ടിനും പ്രാധാന്യം ഒരുപോലെയാണ്. ഈ സംവിധാനത്തിൽ ചെടികൾ അധികമായി ഉൾപ്പെടുത്താറില്ല. അതുകൊണ്ടു തന്നെ പരിപാലനവും ലളിതമാണ്.
വീടിന്റെ പുറംഭിത്തിയിലോ അല്ലെങ്കിൽ ബാൽക്കണിയുടെയോ വരാന്തയുടെയോ ചുമരിലെല്ലാം ഇത്തരം സംവിധാനം ഒരുക്കുവാൻ സാധിക്കും. നിലത്തു ചട്ടികൾ നിരത്താൻ സ്ഥല സൗകര്യമില്ലാത്തവർക്കു ഭിത്തിയിൽ ഇത്തരം കുഞ്ഞൻ ഉദ്യാനം നിർമ്മിച്ചെടുക്കാം.
മതിലിന്റെ ഭിത്തിയിൽ ഉറപ്പിച്ച വളയങ്ങളിൽ ചട്ടിയിൽ നട്ട ചെടികൾ നിരത്തുന്ന രീതി നമ്മുടെ നാട്ടിൽ കാണാറുണ്ട്. ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ് മെറ്റൽ ആർട്ടിനൊപ്പം ചെടികൾ കൂടി ഉൾപ്പെടുത്തുന്നത്. തിരഞ്ഞെടുത്ത ഭിത്തിക്ക് യോജിക്കുന്ന ഒരു രേഖാചിത്രം തയ്യാറാക്കി, ചെടികൾ നടാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തി, ഇരുമ്പു ഫ്രെയിം നിർമ്മിക്കുന്ന വിദഗ്ദ്ധന്റെ സഹായത്തോടെ ഇഷ്ട്ടപെട്ട കലാരൂപം ഒരുക്കിയെടുക്കുവാൻ സാധിക്കും.
ചുവർചിത്രം പോലെ ഫ്രേമിനുള്ളിൽ നിർമ്മിച്ചെടുത്ത ആർട് വർക്കിന്റെ ഭാഗമായും ചെടികൾ ഉൾപ്പെടുത്താം. ചട്ടിയിൽ നട്ട ചെടികൾക്ക് നല്ല ഭാരം ഉള്ളതുകൊണ്ട് മെറ്റൽ ആര്ട്ട് ചുവരിലേക്കു ബലമായിട്ടു വേണം ഉറപ്പിക്കുവാൻ. ഭിത്തി അലങ്കരിക്കുവാൻ മെറ്റൽ ആർട്ട് ചെയ്ത കലാരൂപങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
മെറ്റൽ ആർട്ടിന്റെ ഭംഗിക്ക് ഒട്ടും കോട്ടം തട്ടാത്തവിധത്തിലായിരിക്കണം ചെടികൾ ആവശ്യാനുസരണം അതിൽ ഉൾപ്പെടുത്തുവാൻ. സെക്കന്റ് ഹാൻഡ് ഇരുമ്പു സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും ചിലപ്പോൾ ഈ ആവശ്യത്തിനായി ഉപയോഗിക്കുവാൻ പറ്റിയവ ലഭിക്കുവാൻ സാധ്യതയുണ്ട്. ഇവ വൃത്തിയാക്കി, നന്നായി പെയിന്റ് ചെയ്തു ചെടിച്ചട്ടി തൂക്കുവാനുള്ള വളയങ്ങളും പിടിപ്പിച്ചു ഉപയോഗിക്കുവാൻ സാധിക്കും. കലാ രൂപത്തിന് ചേരുന്ന വിധത്തിലുള്ള ചട്ടികളും ചെടികളും തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. കറപ്പ് നിറമുള്ള ആര്ട്ട് വർക്കിന് കറുത്ത ചട്ടികളും ഇളം നിറത്തിൽ ഇലകളും പൂക്കളും ഉള്ള ചെടികളുമാണ് യോജിച്ചത്.
ചെടികൾ തിരഞ്ഞെടുക്കാം...
ഫ്രെയിം സ്ഥാപിക്കുന്നിടത്തെ പ്രകാശത്തിന്റെ അളവ് മനസിലാക്കി വേണം ചെടികൾ തിരഞ്ഞെടുക്കുവാൻ. കൂടാതെ അധികമായി വലുപ്പം വയ്ക്കുന്ന ചെമ്പരത്തി, റോസ് തുടങ്ങിയ ചെടികൾ ഒഴിവാക്കുക. ഒതുങ്ങിയ പ്രകൃതമുള്ളവയാണ് നല്ലത്. 3 - 4 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്തു ഡെൻഡ്രോബിയം, ഡാൻസിങ് ഗേൾ തുടങ്ങിയ ഓർക്കിഡുകൾ, ഡയാന്തസ്, മരിഗോൾഡ്, പെറ്റൂണിയ തുടങ്ങിയ വാർഷിക പൂച്ചെടികൾ, മിനിയേച്ചർ നന്യാർവട്ടം, ചെത്തി, കൊങ്ങിണി തുടങ്ങിയ കുറ്റിച്ചെടികൾ എല്ലാം പറ്റിയവയാണ്.
പാതി തണലുള്ളിടത്തു അലങ്കാര ഇലച്ചെടികളാണ് വേണ്ടത്. ഒതുക്കമുള്ള ഇലച്ചെടികളായ ആഗ്ളോനിമ, ഡാർഫ് പീസ് ലില്ലി, മണി പ്ലാന്റ്, സിങ്കോണിയം, റിയോ, ബോസ്റ്റൺ ഫേൺ, ആഫ്രിക്കൻ വയലറ്റ് എല്ലാം തിരഞ്ഞെടുക്കാം. അതുപോലെ ഒരേ വിധത്തിൽ നനയും സൂര്യപ്രകാശവും ആവശ്യമുള്ള ഓർക്കിഡുകൾ മാത്രം ഉപയോഗിച്ചുള്ള വാൾ ഗാർഡനും ഒരുക്കിയെടുക്കാം. ഞാന്നു പടർന്നു വളരുന്ന ചെടികളായ മണി പ്ലാന്റ്, ടർട്ടിൽ വൈൻ, റസ്സീലിയ, സ്പൈഡർ പ്ലാന്റ്, പത്തുമണി ചെടി, ലിപ്സ്റ്റിക്ക് പ്ലാന്റ് ഇവ മാത്രം ഉപയോഗിച്ചും ഭിത്തിക്ക് പച്ചപ്പ് നൽകാം.
നട്ടുവളർത്തുവാൻ ചട്ടിയോ മിശ്രിതമൊ ഒന്നും ആവശ്യമില്ലാത്ത എയർ പ്ലാൻറ്സ് ഇത്തരം സംവിധാനത്തിൽ അനായാസം പരിപാലിക്കുവാൻ സാധിക്കും. ചുവരിന് യോജിക്കുന്ന വിധത്തിൽ ഒരു ഫ്രെയിം തയ്യാറാക്കി അതിനുള്ളിൽ ബലമുള്ള കമ്പികൾ ഉപയോഗിച്ചു വലിപ്പമുള്ള കള്ളികൾ ഒരുക്കിയെടുക്കണം. ഈ കമ്പികളിലേക്കു എയർ പ്ലാന്റ്‌സ് യഥേഷ്ട്ടം കെട്ടി ഉറപ്പിച്ചു അല്ലെങ്കിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വച്ച് വളർത്താം. പാതി തണൽ കിട്ടുന്നതും നല്ല വായുസഞ്ചാരം ഉള്ളതുമായ ഇടത്താണ് ഇത് തയ്യാറാക്കേണ്ടത്. എയർ പ്ലാന്റകളിലെ റ്റില്ലാൻസിയ ഇനങ്ങളാണ് ഇതിനായി ഏറ്റവും പറ്റിയത്. നന വളരെ ശ്രദ്ധിച്ചു മാത്രം നൽകുക.
അടുക്കളയുടെ അടുത്ത് ഭാഗികമായി സൂര്യപ്രകാശം കിട്ടുന്ന ഭിത്തിയിൽ ഇത്തരം ചുവർ ഉദ്യാനം തയ്യാറാക്കി മോടിയാക്കി അതിൽ പൊതിന, മല്ലി, ഉള്ളി, റോസ്‌മേരി, കാരറ്റ്, ആഫ്രിക്കൻ മല്ലി തുടങ്ങി പാചകത്തിന് ആവശ്യമായ ചെടികൾ പരിപാലിക്കുവാൻ സാധിക്കും. ചട്ടിയുടെ ഭാരം കുറയ്ക്കുവാൻ പ്ലാസ്റ്റിക് ചട്ടികൾ ആണ് കൂടുതൽ നല്ലത്. ഗുണനിലവാരമുള്ള ചകിരിച്ചോറും, ആറ്റുമണലും, ചുവന്ന മണ്ണും ഒരേ അളവിൽ കലർത്തിയെടുത്തതിൽ വളമായി എല്ലുപൊടിയും വേപ്പിന്പിണ്ണാക്കും അല്പം കുമ്മായവും കൂടിച്ചേർത്തു നടീൽ മിശ്രിതം തയാറാക്കാം.
പരിപാലനം...
ചെടികൾ വളരുവാൻ തുടങ്ങിയാൽ വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻ. പി. കെ. 19 :19 :19 ഒരു ലിറ്റർ വെള്ളത്തിൽ 2 ഗ്രാം എന്ന അളവിൽ, മാസത്തിൽ ഒരിക്കൽ, ചെടി മുഴുവനായി തളിച്ച് നൽകാം. ഭാരം കുറഞ്ഞ ജൈവവളമായ മണ്ണിരകമ്പോസ്റ് അല്ലെങ്കിൽ നന്നായി ഉണങ്ങിയ ആട്ടിൻകാഷ്ഠം മിശ്രിതത്തിൽ നേരിട്ട് ഉപയോഗിക്കാം. ചുവരിൽ വളരുന്ന ഇത്തരം ചെടികൾക്ക് ഒച്ചിന്റെ ശല്യം കുറവാവായിരിക്കും. ചട്ടിയിലെ മിശ്രിതത്തിലെ ഈർപ്പത്തിന്റെ അളവനുസരിച്ചു മാത്രം നന നൽകുക. ആവശ്യമെങ്കിൽ ചെടി ചട്ടിയുൾപ്പെടെ മാറ്റി പുതിയത് സ്ഥാപിക്കാമെന്ന മെച്ചവുമുണ്ട്.
ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ,
റിട്ട. അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി, ഭാരതമാതാ കോളജ്, തൃക്കാക്കര
ഫോൺ: 94470 02211
Email: jacobkunthara123@gmail.com
English Summary- New Metal Art Garden Trend Kerala; Garden Tour Malayalam