അന്ന് പലരും കളിയാക്കി; ഇന്ന് വീട് നിറയെ കൊതിയൂറും പഴങ്ങളും പച്ചക്കറിയും! മാതൃക
Mail This Article
എറണാകുളം ചുള്ളി സ്വദേശിയും പ്രവാസിയുമായ ലതീഷിന്റെ വീട്ടിലേക്കെത്തിയാൽ ഒരു ഏദൻതോട്ടത്തിൽ എത്തിയ പ്രതീതിയാണ്. ഇരുപതോളം ഫലവൃക്ഷങ്ങളും പച്ചക്കറികളുമാണ് വീടിനുചുറ്റും. വീടിനെ പഴങ്ങളുടെ പറുദീസയാക്കി മാറ്റിയ കഥ ലതീഷ് പറയുന്നു..
സ്വന്തമായൊരു വീട് തന്നെ ഏറെക്കാലത്തെ സ്വപ്നവും അധ്വാനവുമായിരുന്നു. ഇപ്പോൾ ലഭിച്ചത് ശരിക്കും ഒരു ബോണസാണ്. കയ്യിലുള്ള സമ്പാദ്യവും ലോണുമെല്ലാം എടുത്ത്, അഞ്ചു വർഷം മുൻപ് അത് സഫലമാക്കി. ഭാര്യക്ക് വീട്ടിൽ നിറയെ പൂച്ചെടികളുള്ള ഗാർഡൻ ഉണ്ടാക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ എന്റെ ആഗ്രഹങ്ങൾ വ്യത്യസ്തമായിരുന്നു.
പാലുകാച്ചലിന്റെ തലേന്ന് ഒരു വണ്ടി നിറയെ ഫലവൃക്ഷത്തൈകളുമായി വരുന്ന എന്നെ കണ്ടുവീട്ടുകാർ അമ്പരന്നു. തെങ്ങ് , മാവ്, പ്ലാവ്, പേര, പപ്പായ, ആപ്പിൾ, ഓറഞ്ച്, ചാമ്പ, ലൂബി തുടങ്ങി സമീപത്തുള്ള നഴ്സ്റിയിലുള്ള തൈകൾ മിക്കതും ഞാൻ തൂത്തുവാരി വാങ്ങി.
വീട്ടുകാർ തന്നെ ആദ്യം നിരുത്സാഹപ്പെടുത്തി. പിന്നെ നാട്ടുകാരും. 'ഇതൊക്കെ ഏതുകാലത്തുണ്ടാകാനാ? വല്ല ചെടികളും നട്ടാൽ പോരേ'? തുടങ്ങിയ ചോദ്യങ്ങളെ ഞാൻ അവഗണിച്ചു. നാലു വർഷങ്ങൾ പെട്ടെന്ന് കടന്നുപോയി. തൈകൾ മിക്കതും കായ്ച്ചു. നല്ല വലുപ്പമുള്ള ഫലങ്ങൾ ലഭിച്ചുതുടങ്ങി. വിവിധതരം പേരയ്ക്ക, പപ്പായ, ചാമ്പയ്‌ക്ക എല്ലാം നന്നായി കുലപിടിച്ചു കായ്ച്ചു. അതോടെ വീട്ടുകാരും പരിചയക്കാരും അഭിനന്ദിക്കാൻ തുടങ്ങി.
ഇപ്പോൾ റോഡിൽ നിന്നും നോക്കിയാൽ വീടുകാണില്ല. വീട്ടിലേക്ക് കയറുന്നത് ഫലവൃക്ഷങ്ങൾ നിറഞ്ഞ മുറ്റത്തുകൂടിയാണ്. മരങ്ങളുടെ കുടയ്ക്കുള്ളിലാണ് വീട്. അതിനാൽ ചൂടും കുറവാണ്. കിളികളും അണ്ണാനും പൂമ്പാറ്റകളുമെല്ലാം ഇവിടെ തേനുണ്ണാനെത്തും. ഇതിലൂടെ എന്റെ മക്കളെയും പ്രകൃതിയുമായി അടുപ്പിക്കാൻ സാധിച്ചു. 50 സെന്റിൽ വീടും കുറച്ചു മുറ്റവും കഴിഞ്ഞു ബാക്കി മൊത്തം പഴം, പച്ചക്കറിത്തോട്ടമാണ്. അടുക്കളയിൽ ഒരുനേരത്തേക്കുള്ള പച്ചക്കറിക്കായി തൊടിയിലേക്കിറങ്ങിയാൽ മതി. സീസൺ അനുസരിച്ചുള്ള ഇഞ്ചി, മഞ്ഞൾ കൃഷിയുമുണ്ട്.
അബുദാബിയിൽ ജോലി ചെയ്യുന്ന എനിക്കുമാത്രം ഇപ്പോൾ അതെല്ലാം മിസ് ചെയ്യുന്നുണ്ട്. കഥയ്ക്ക് ഒരു ക്ലൈമാക്സ് കൂടിയുണ്ട് കേട്ടോ..പിന്നീട് ഭാര്യയുടെ ആഗ്രഹം പോലെ ഒരു പൂന്തോട്ടവും വീടിനുമുന്നിൽ ഒരുക്കി പ്രശ്നം സോൾവാക്കി...
English Summary- Fruit vegetble Gardem; Kerala Home Garden Tour Malayalam