ADVERTISEMENT

വീടിന്റെ നിർമ്മാണം കരാറുകാരെ ഏൽപ്പിക്കുന്നവരാണ് ഇന്ന് അധികവും. കരാറുകാരെ കണ്ണുമടച്ച് വിശ്വസിച്ചതിനെ തുടർന്ന്  മാസങ്ങൾകൊണ്ട് പൂർത്തിയാകേണ്ട വീടുപണി വർഷങ്ങളോളം നീളുന്നതും ഗൃഹപ്രവേശനത്തിനായി കാത്തിരിക്കേണ്ടി വരുന്നതുമൊക്കെ ഇപ്പോൾ പതിവുകാഴ്ചയാണ്. കണക്കുകൂട്ടിയതിലധികം പണവും ചെലവായെന്ന് വരാം. കരാറിലേർപ്പെടും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

പരിചയസമ്പന്നരായവരെ തിരഞ്ഞെടുക്കാം

കരാറുകാരെ തിരഞ്ഞെടുക്കുമ്പോൾ  പരിചയസമ്പന്നരായവരെ തന്നെ നിർമ്മാണചുമതല ഏൽപ്പിക്കാൻ ശ്രദ്ധിക്കുക. വിശ്വസ്തരായ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട് നിർമ്മിച്ച കരാറുകാരാണെങ്കിൽ നിർമ്മാണ രീതികൾ നേരിട്ട് കണ്ടു മനസ്സിലാക്കാനും അവരിൽ നിന്ന് അഭിപ്രായം തേടാനും സാധിക്കും. നേരിട്ട് പരിചയമില്ലാത്ത കരാറുകാരെയാണ് ഏർപ്പാടാക്കുന്നതെങ്കിൽ അവർ മുൻപ് നിർമ്മിച്ച വീടുകൾ നേരിട്ട് കണ്ടു മനസ്സിലാക്കാനുള്ള അവസരമൊരുക്കാൻ ശ്രമിക്കുക. നിർമ്മാണം പകുതിവഴിയിൽ എത്തിയശേഷമാണ് കരാർ ഏൽപ്പിച്ച വ്യക്തിക്ക് വേണ്ടത്ര കാര്യപ്രാപ്തിയില്ലെന്ന് തിരിച്ചറിയുന്നതെങ്കിൽ പിന്നീട് ഏറെ ബുദ്ധിമുട്ടേണ്ടി വരും.

മുൻകൂർ പണം നൽകുമ്പോൾ

കരാറിലേർപ്പെട്ടതിനുശേഷം ഇടയ്ക്കുവച്ച് ക്ലയന്റ് പിന്മാറിയാൽ നിർമാണ സാമഗ്രികൾ വാങ്ങിയതിലും മറ്റുമുണ്ടായ നഷ്ടം നികത്താൻ മുൻകൂറായി കരാറുകാർ പണം കൈപ്പറ്റുന്ന പതിവുണ്ട്. ആകെ കണക്കാക്കിയിരിക്കുന്ന നിർമ്മാണ ചിലവിന്റെ പത്ത് ശതമാനത്തിലധികം ഇത്തരത്തിൽ നൽകേണ്ടതില്ല എന്ന് ഓർമിക്കുക.

ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം

നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പ്രധാനമാണ്. കരാർ പ്രകാരം തന്നെയാണ് നിർമ്മാണസാമഗ്രികൾ  വാങ്ങിയിരിക്കുന്നത് എന്ന് ഉറപ്പു വരുത്താൻ ശ്രദ്ധിക്കുക. സിമന്റ് മുതൽ ഇലക്ട്രിക്കൽ - പ്ലംബിങ് ജോലികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികൾവരെ കരാറിൽ നിന്നും വ്യത്യസ്തമായി ഗുണനിലവാരം കുറഞ്ഞവ തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ സ്വാപ്പ് എന്ന തട്ടിപ്പിനിരയാകുന്നവർ ഏറെയാണ്. നിർമ്മാണസാമഗ്രികൾ വാങ്ങുമ്പോൾ  കരാറുകാർക്കൊപ്പം നേരിട്ടെത്തി വാങ്ങാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ല മാർഗ്ഗം. തടി ഉരുപ്പടികളുംമറ്റും ആവശ്യാനുസരണമാണ് വാങ്ങുന്നതെന്നും നിർമ്മാണസാമഗ്രികൾ അമിതമായി വാങ്ങി പാഴാക്കുന്നില്ല എന്നും ഉറപ്പുവരുത്തണം.

സമയബന്ധിതമായി പൂർത്തിയാക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്താം

നിർമ്മാണത്തിന്റെ ഓരോഘട്ടവും പൂർത്തിയാക്കാൻ എത്ര സമയമെടുക്കും എന്നത് കരാറിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. പ്രതികൂല കാലാവസ്ഥയിൽ നിർമാണപ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലും അല്പം താമസിക്കാൻ സാധ്യതയുണ്ട്. എങ്കിലും കരാറിൽ പറഞ്ഞിരിക്കുന്ന സമയത്തിനടുത്തു  തന്നെ ഓരോ ഘട്ടവും പൂർത്തിയാവുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പല കെട്ടിടങ്ങളുടെ നിർമ്മാണം ഒരേസമയം ഏറ്റെടുക്കുന്ന കരാറുകാർക്ക് സമയബന്ധിതമായി  നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചെന്നു വരില്ല. അതിന് കൃത്യമായ മേൽനോട്ടം അത്യാവശ്യമാണ്.

കരാർ പ്രകാരം മാത്രം പണം നൽകുക

മുൻകൂർ പണം നൽകിയശേഷം അടുത്തതായി ഏതു ഘട്ടത്തിൽ പണം നൽകണമെന്നാണോ കരാറിൽ പറഞ്ഞിരിക്കുന്നത് അപ്പോൾ മാത്രം നൽകുക. കരാർപ്രകാരമല്ലാത്ത സമയങ്ങളിൽ നിർമ്മാണസാമഗ്രികൾ  വാങ്ങുന്നതിനായോ മറ്റോ പണം നൽക്കുന്നുണ്ടെങ്കിൽ അത് കൃത്യമായി തീയതിയടക്കം രേഖപ്പെടുത്തി കരാറുകാരന്റെ ഒപ്പു വാങ്ങി സൂക്ഷിക്കാം. പിന്നീട് പണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താം

കെട്ടിടത്തിന്റെ പ്രാരംഭ പണികൾ ആരംഭിച്ചശേഷം നിർമ്മാണം കൃത്യമായി നടക്കുന്നുണ്ടെന്ന വിശ്വാസത്തിൽ ജോലിത്തിരക്കുകളിൽപെട്ട് മാറി നിൽക്കുന്നവരുണ്ട്. എന്നാൽ  പറ്റുമ്പോഴൊക്കെ നിർമ്മാണ പ്രക്രിയകൾ നേരിട്ടെത്തി വിലയിരുത്തുന്നതാണ് നല്ലത്. പോരായ്മയണ്ടെന്നു തോന്നുന്ന കാര്യങ്ങൾ തുറന്നു പറയാൻ മടിക്കേണ്ടതില്ല. കരാറിൽ പറഞ്ഞ പ്രകാരം സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി ഭവന നിർമ്മാണം നടത്തിത്തരുന്നവർ ഏറെയുണ്ടെങ്കിലും ചിലരെങ്കിലും ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കാറുണ്ട്.  കരാർ പ്രകാരം രണ്ടു കോട്ട് പെയിന്റ് അടിക്കേണ്ട സ്ഥാനത്ത് ഒരു കോട്ടു മാത്രം അടിക്കുക, വിലയേറിയ മെറ്റൽ ഹാർഡ്‌വെയർ ഉപയോഗിച്ചു നടത്തേണ്ട ഫിനിഷിങ് ചെയ്യാതിരിക്കുക, സിമന്റ് മിക്സിങ്ങിലടക്കം തട്ടിപ്പ് കാണിക്കുക തുടങ്ങിയവയൊക്കെ ഇതിൽ പെടും. കൃത്യമായ മേൽനോട്ടമുണ്ടെങ്കിൽ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ സാധിക്കും.

വിശദമായ കരാർ തയ്യാറാക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള പ്രധാന പരിഹാരം. നിർമാണം പൂർത്തിയാക്കാനുള്ള അന്തിമകാലാവധി, പണം നൽകുന്നത് സംബന്ധിച്ച ഷെഡ്യൂൾ, ഉപയോഗിക്കുന്ന നിർമാണസാമഗ്രികൾ,  അവയുടെ ബ്രാൻഡും വാങ്ങുന്ന കടയും സംബന്ധിച്ച വിവരങ്ങൾ എന്നിവയടക്കം വിശദവിവരങ്ങൾ കരാറിൽ ഉൾക്കൊള്ളിക്കണം. വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകൾ കൃത്യമായി  പരിശോധിക്കാനും മറക്കരുത്. നിർമ്മാണം പൂർത്തിയായി എന്ന് പൂർണമായി ഉറപ്പാക്കിയതിന് ശേഷം മാത്രം  ഫൈനൽ പെയ്മെന്റ് നടത്തുന്നതാണ് ബുദ്ധി.

English Summary- House Contract- Best practices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com