വീട്ടിലെ ആദ്യരാത്രി ഉടമ മരിച്ചു; പ്രേതബംഗ്ലാവ് ഒടുവിൽ വിൽപനയ്ക്ക്; വിലയോ?...
Mail This Article
ഹോളിവുഡ് ഹൊറര്‍ സിനിമകളിലെ അവിഭാജ്യ ഘടകമാണ് നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ബംഗ്ലാവുകള്‍. അവധിക്കാലം ആഘോഷിക്കാനോ അഡ്വഞ്ചര്‍ ട്രിപ്പുകള്ക്കായോ ഒക്കെ ഇവിടെയെത്തുന്നവര്‍ പാരാനോര്‍മല്‍ ആക്ടിവിറ്റികള്ക്കിരയാവുന്നതാണ് മിക്ക സിനിമകളുടെയും കഥ. ഈ സിനിമകള്‍ക്കൊക്കെ ഒരു ഹൊറര്‍ ഫീല്‍ നല്കാന് ഇത്തരം പഴക്കം ചെന്ന ബംഗ്ലാവുകള്‍ക്ക് കഴിയാറുമുണ്ട്.
അത്തരത്തില്‍ കാലങ്ങളായി ഉടമസ്ഥരാരുമില്ലാതെ കിടക്കുന്ന ഒരു പഴയ ബംഗ്ലാവുണ്ട് ന്യൂയോര്‍ക്കിലെ കനേഡിയന്‍ ബോര്‍ഡറിന് സമീപമുള്ള കാര്‍ലെടണ്‍ ഐലന്‍ഡില്‍. ഏകദേശം എഴുപത് വര്‍ഷത്തിലേറെയായി വീടിന് ഉടമസ്ഥരില്ല. മൂന്ന് ചുറ്റും തടാകത്താല്‍ ചുറ്റപ്പെട്ട ബംഗ്ലാവ് പ്രേതഭവനം എന്നാണ് അറിയപ്പെടുന്നതുതന്നെ. പതിനൊന്ന് മുറികളോട് കൂടിയ ബംഗ്ലാവ് 1895ല്‍ വില്യം ഒ വൈകോഫ് എന്ന ബിസിനസ്സുകാരന് വേണ്ടി ആര്‍ക്കിടെക്ട് വില്യം മില്ലര്‍ ആണ് പണി കഴിപ്പിച്ചത്.
ടൈപ്പ്റൈറ്റര്‍ കമ്പനി നടത്തിയിരുന്ന വൈകോഫ് വേനല്‍ക്കാല വസതി എന്ന നിലയ്ക്കാണ് വീട് നിര്‍മിച്ചത്. എന്നാല്‍ ബംഗ്ലാവില്‍ ഒരു ദിവസം പോലും തികയ്ക്കാന്‍ വൈകോഫിനായില്ല. വീട്ടില്‍ താമസിച്ച ആദ്യ രാത്രി തന്നെ ഹൃദയാഘാതം വന്ന് വൈകോഫ് മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മാസങ്ങള്‍ക്ക് മുമ്പ് സമാനരീതിയില്‍ മരണമടഞ്ഞിരുന്നു. രണ്ട് സംഭവങ്ങളും വീടിനോട് ചേർത്തുവച്ച് ആളുകള്‍ കഥകളുണ്ടാക്കാന്‍ തുടങ്ങി. വൈകോഫിന്റെ മരണശേഷം ബംഗ്ലാവ് പിന്നീട് മകന് ഏറ്റെടുക്കുകയും 1927 വരെ ഇദ്ദേഹം ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടുണ്ടായ ഗ്രേറ്റ് ഡിപ്രഷനും ഒന്നാം ലോകമഹായുദ്ധവുമെല്ലാം മൂലം കുടുംബം ക്ഷയിക്കുകയും ബംഗ്ലാവ് വില്‍ക്കേണ്ട അവസ്ഥ വരികയും ചെയ്തു. വില്പനയ്ക്കിട്ടിരിക്കെ ബംഗ്ലാവിനകത്തേക്ക് പ്രവേശനമുണ്ടായിരുന്ന കോണ്‍ട്രാക്ടര്‍മാര്‍ തടിയും വിലപിടിപ്പുള്ള വസ്തുക്കളും തറയിലെ മാര്ബിളുമുള്പ്പടെ കൊള്ളയടിച്ചു. ഇതെല്ലാം കൂടിയായതോടെ ബംഗ്ലാവ് പ്രേതഭവനമായി. നിലവില്‍ ഭിത്തിയുള്‍പ്പടെ പൊട്ടിയടര്‍ന്ന് പെയിന്റിളകി കണ്ടാല്‍ തന്നെ ഭീതിയുളവാക്കുന്ന രീതിയിലാണ് ബംഗ്ലാവ്.
വൈദ്യുതിയും വാട്ടര്‍ കണക്ഷനുമെല്ലാമുണ്ടെങ്കിലും ബംഗ്ലാവിനുള്ളില്‍ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ല.1927 മുതല്‍ ബംഗ്ലാവ് വില്പനയ്ക്കിട്ടിരിക്കുകയാണെങ്കിലും ഇവിടെ നടന്ന അനിഷ്ടസംഭവങ്ങളും ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി വരുന്ന ചെലവും കണക്കിലെടുത്ത് ആരും ഇത് വാങ്ങാന്‍ ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. നിലവില്‍ 495,000 യുഎസ് ഡോളര്‍ (മൂന്നരക്കോടി ഇന്ത്യന്‍ രൂപ) ആണ് ബംഗ്ലാവിന്റെ വില.
English Summary- Haunted Mansion for Sale