ADVERTISEMENT

സർക്കാർ ജീവനക്കാർ, സ്വകാര്യമേഖലയിൽ നല്ല ശമ്പളത്തിൽ ജോലിചെയ്യുന്നവർ, നല്ല സെറ്റപ്പിൽ വിദേശത്ത് ജോലി ചെയ്യുന്നവർ, മറ്റ് സ്ഥിരവരുമാനക്കാർ, വൻകിട ഇടത്തരം കച്ചവടക്കാർ, 4 സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ളവർ. etc..ഇത്തരം വിഭാഗക്കാർക്കുമാത്രമേ, അധികസാമ്പത്തികബാധ്യതയില്ലാതെ കേരളത്തിൽ വീട് യാഥാർഥ്യമാക്കാനാകൂ എന്ന അവസ്ഥയാണിപ്പോൾ.

രോഗബാധിതർ, പെൺമക്കളുടെ വിവാഹം നടത്തി സാമ്പത്തികമായി തകർന്നവർ, മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിച്ച് പൂജ്യമായവർ, മാരകരോഗങ്ങൾക്കുള്ള ചികിത്സാർഥം എല്ലാം നഷ്ടപ്പെട്ടവർ, വാഹനാപകടത്തിൽ പരിക്കേറ്റ് ജീവിതം മുഴുവൻ പരാശ്രയത്തിൽ ജീവിക്കുന്നവർ, ജന്മനാ ദരിദ്രർ, ഭിന്നശേഷിക്കാർ, സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തവർ, മറ്റു സാമൂഹിക പിന്നോക്കാവസ്ഥയിൽ ജീവിക്കുന്നവർ ഇവരെല്ലാം എത്ര പണിയെടുത്താലും രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാത്തവരായിരിക്കും.

ഇക്കൂട്ടർക്ക് സ്ഥലവില ഭീകരമായി വളർന്ന കേരളത്തിലെവിടെ ഭൂമി കിട്ടും? കിട്ടിയാൽതന്നെ അതിന് പണമെവിടെ? ഇനി കഷ്ടപ്പെട്ട് ഭൂമി വാങ്ങിയാൽതന്നെ വീടെങ്ങനെ നിർമ്മിക്കും? പണമെവിടെനിന്ന് സംഘടിപ്പിക്കും?

ബാങ്കിൽനിന്ന് ലോൺ എടുക്കണമെന്ന് നിങ്ങൾ പറയും.പക്ഷേ ശിഷ്ടജീവിതം ബാങ്കിന് വേണ്ടി ജീവിച്ച് ദരിദ്ര ജീവിതം നരകതുല്യമാവും. ബാങ്ക് ലോൺ പോലും ഇടത്തരക്കാർക്കോ സമ്പന്നർക്കോ മാത്രമല്ലേ ഗുണകരമാകൂ. കൂലിപ്പണിയിൽ നിന്ന് മിച്ചം പിടിച്ച് വീടുണ്ടാക്കാനാകും എന്ന ഭാവന യാഥാർഥ്യമാക്കാൻ  ചിലർക്കാകും. പക്ഷേ എല്ലാർക്കുമാവണമെന്നില്ല.

x-default

ചിലരുടെ പണമുണ്ടാക്കാനുള്ള കഴിവിനെ പ്രശംസിക്കുമ്പോൾതന്നെ പലർക്കുമത് കഴിയണമെന്നില്ല എന്ന യാഥാർഥ്യത്തെയും നാം കാണണം. പണമുണ്ടാക്കാനാവാത്തത് കഴിവുകേടാണെന്ന് പണമുണ്ടാക്കിയവർ വ്യാഖ്യാനിക്കുന്നത് ലളിതമായി പറഞ്ഞാൽ അൽപത്തരമോ അഹങ്കാരമോ അൽപ ജ്ഞാനമോ ഒക്കെയാണ്.

ത്യാഗനിർഭരമായ മൽസരയോട്ടത്തിന്റെ ഫലമാണ് മിക്ക ചെറു- ഇടത്തരവീടുകളും. ഓട്ടത്തിനിടയിൽ പുറകിലായവരെ മറന്നേക്കൂ, പക്ഷേ ഓട്ടത്തിനിടയിൽ സ്വന്തം സന്തോഷങ്ങളെയും ജീവിതത്തെ തന്നെയും ചവിട്ടിമെതിച്ചും കഴുത്തുഞെരിച്ചുമായിരിക്കും മുന്നേറിയിട്ടുണ്ടാകുക എന്ന് ഏറെക്കഴിഞ്ഞ് വെറുതെയൊന്ന് ആലോചിച്ചാൽ മനസിലാകും. എല്ലാവർക്കും ആളുകളെ തോൽപിച്ച് ഓടി ജയിക്കാനാവണമെന്നില്ലല്ലോ. പരാജയപ്പെട്ടവരെപ്പറ്റി ആലോചിക്കുകയെങ്കിലും ചെയ്യുന്നതാണ് എക്കാലത്തും നീതി എന്നെങ്കിലും മനസിലാക്കുക.

ലേഖകൻ ഡിസൈനറാണ്. അഭിപ്രായങ്ങൾ വ്യക്തിപരം.

മൊബൈൽ നമ്പർ- 81370 76470

English Summary- Price Hike in House Construction; When House become affordable to Poor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com