ഷോ കാണിക്കാൻ വാങ്ങിവച്ചു; പിന്നെ തൊട്ടിട്ടില്ല; ഒടുവിൽ വൻതലവേദനയായി...
Mail This Article
വീടുപണി കഴിഞ്ഞിട്ട് രണ്ടോ മൂന്നോ വർഷങ്ങൾ കഴിഞ്ഞിട്ടുള്ളവരിൽ, ആദ്യത്തെ കുറച്ചു നാൾ കഴിഞ്ഞിട്ട് പിന്നീട് ഉപയോഗിക്കാത്തതും അല്ലെങ്കിൽ വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നതുമായ ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ജിപ്സം സീലിങ്ങിലെ എൽഇഡി സ്ട്രിപ്പുകൾ, ഷോ കിച്ചനുകൾ, ഫയർ കിച്ചനുകൾ, മുകളിലെ ബെഡ് റൂമുകൾ, മുകളിലുള്ള ലിവിങ്, ഡ്രസിങ് ഏരിയകൾ, കോർട്യാർഡ്, ഗാർഡനിലെ പച്ച പുല്ലുകൾ, പർഗോളകൾ, ഓവർ ആയിട്ടുള്ള ഇന്റീരിയർ തുടങ്ങിയവ.
എനിക്ക് തോന്നിയത്, പലരും ജിപ്സം സീലിങ്ങിലെ എൽഇഡി സ്ട്രിപ്പുകൾ, 3 വർഷത്തിനുള്ളിൽ ആകെ മൂന്നു പ്രാവശ്യമേ ഉപയോഗിച്ചിട്ടുണ്ടാകൂ. ആരെങ്കിലും വീട്ടിൽ വരുമ്പോൾ ഇടണം എന്ന് വിചാരിക്കും, പക്ഷേ എല്ലാവരും മറന്നു പോകാറാണ് പതിവ്. അതിൽ ബെഡ് റൂമിലെ ഉപയോഗിക്കാറേ ഇല്ല. ഫലമോ, ഇഷ്ടംപോലെ പൊടിയും ഇടയ്ക്ക് വരുന്ന മാറാലയും, ഇത് ക്ളീൻ ചെയ്യുന്ന ജോലിയും ആണ്. ബോണസ് ആയി ഇടക്ക് പല്ലികാഷ്ടവും കിട്ടാറുണ്ട്! ( ജിപ്സം സീലിങ്ങോ അതിൽ ഇടുന്ന ലൈറ്റുകളോ അല്ല, അതിൽ ഗ്യാപ്പ് ഇട്ടു ചെയ്തിടുന്ന എൽഇഡി സ്ട്രിപ്പുകളുടെ കാര്യമാണ്). ഡിം ലൈറ്റ് ആയി ഉപയോഗിക്കാം എന്ന് കരുതിയാൽ മിക്ക വീടുകളിലും അതിനു വേറെ ലൈറ്റ് ഇടുന്നുണ്ട്.
നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന, ഇടയ്ക്ക് എങ്കിലും തുടയ്ക്കുന്ന ടൈലിലുള്ള skirtingകളിൽ ഇത്രയും പൊടിയും അഴുക്കും പല്ലിയുടെയും പാറ്റയുടെയും കാഷ്ടവും ഉണ്ടെങ്കിൽ, നമ്മൾ കാണാത്ത ഇത്രയും വലിയ ഈ സ്ഥലത്തു എന്തുമാത്രം ഉണ്ടാകും എന്നൊന്ന് ചിന്തിച്ചു നോക്കിയേ!
ഒരു 95% പേരും ഇത് ചെയ്തിട്ട് എത്ര വർഷം ആയിട്ടുണ്ടെങ്കിലും ആ ഭാഗം ക്ളീൻ ചെയ്തിട്ടുണ്ടാകില്ല. താഴെനിന്ന് മാറാല വൃത്തിയാക്കിയിട്ടുണ്ടാകാം. ഒന്നുകയറി പരിശോധിച്ചാൽ മിക്കവാറും രണ്ടു തെങ്ങിന് ഉള്ള വളം കിട്ടും അവിടെനിന്നും!.
ഒരിക്കലെങ്കിലും ഇത് ക്ളീൻ ചെയ്യാൻ നോക്കിയാൽ അറിയാം എന്തു മാത്രം ബുദ്ധിമുട്ട് ഉണ്ടെന്ന്. വൈറ്റ് സീലിങ്ങിൽ കൈ മുട്ടാതെയും തുടയ്ക്കുന്ന തുണിയൊ അല്ലെങ്കിൽ മറ്റു സാധനങ്ങളോ മുട്ടാതെ ( മുട്ടിയാൽ അവിടെ അഴുക്ക് ആകും, പിന്നെ തുടച്ചാലും പോകില്ല, കഴുകാനും പറ്റില്ല) എൽഇഡി സ്ട്രിപ്പിൽമുട്ടാതെയും ക്ളീൻ ചെയ്യുക ഒരു ചെറിയ ജോലി അല്ല. തൃശൂർ ഭാഷയിൽ പറഞ്ഞാൽ, 'എന്റെ ടാവേ ഇത് ചെയ്യുന്ന സമയം കൊണ്ട് അഞ്ചു പ്രാവശ്യം കനകമല കയറിയിറങ്ങാട്ടാ'...
ഒരു വീട് കൂടുതൽ ഭംഗിയാക്കുന്നതിന് ഏറ്റവും ചെലവ് കുറഞ്ഞ നല്ലൊരു കാര്യം ആണ് ജിപ്സം സീലിങ്. എങ്കിലും ഇത് ചെയ്യുമ്പോൾ അത്യാവശ്യ സ്ഥലങ്ങൾ ഒഴിച്ച് ബാക്കിയുള്ള സ്ഥലങ്ങൾ (ബെഡ് റൂമുകൾ, കിച്ചൻ, പോലുള്ള ) ഗ്യാപ്പ് ഇടാതെ ക്ലോസ് ആയി ചെയ്യാൻ ശ്രമിക്കുക. ഇത് ഒന്നും ചെയ്യേണ്ട എന്നല്ല പറയുന്നത്,ചെയ്യുന്നത് നല്ല ഭംഗിയാണ്. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത് ചെയ്യേണ്ടവർ ചെയ്യും എന്നറിയാം. എന്നാലും ഇനി ചെയ്യാൻ പോകുന്നവർക്ക് ആലോചിക്കാൻ ഒരു അവസരത്തിന് പറഞ്ഞുവെന്നുമാത്രം.
English Summary- LED Strip Ligting & False Ceiling; Maintenance Headache