'ആനയെ വാങ്ങാം, തോട്ടി വാങ്ങാൻ പിശുക്ക്!' ഇത് വീട്ടിൽ മിക്കവരും അവഗണിക്കുന്ന പ്രധാനപ്പെട്ട കാര്യം
Mail This Article
വീട്ടിൽ വളരെ പ്രധാനപ്പെട്ടതും എന്നാൽ മിക്കവരും പ്രാധാന്യം കൊടുക്കാത്തതും ആയ ഒരു കാര്യത്തെക്കുറിച്ച് പറയാം. നല്ല വെള്ളം ഉള്ള കിണറും, നല്ല വെളിച്ചവും വായുവും കയറുന്ന വീടും ആയാൽത്തന്നെ ഐശ്വര്യമായി എന്ന് പറയാറുണ്ട്. വെള്ളം തന്നെയായിരിക്കും അതിൽ ഏറ്റവും പ്രധാനപ്പെട്ടതും. എന്നാൽ ലക്ഷങ്ങൾ മുടക്കി ഇന്ന് നമ്മൾ വീട് പണിയുമ്പോൾ, വീട്ടിലെ വെള്ളത്തിനു നമ്മൾ പ്രാധാന്യം കൊടുക്കുന്നുണ്ടോ?
കാര്യം ഇതാണ്, നമ്മുടെ കിണറുകളിൽ ഉള്ള വെള്ളം, അല്ലെങ്കിൽ പൈപ്പിൽ കൂടി കിട്ടുന്ന വെള്ളം, ഇതൊക്കെ ചിലപ്പോൾ കാണുമ്പോൾ നല്ല ക്ലിയർ ആയിരിക്കുകയും ശുദ്ധമാണെന്ന് നമുക്ക് തോന്നുകയും ചെയ്യും, എന്നാൽ ഇത് യഥാർഥത്തിൽ ശുദ്ധമായ വെള്ളം ആണോ എന്ന് എത്ര പേർ നോക്കാറുണ്ട് (ഈ ഞാൻ അടക്കം 2 വർഷം കഴിഞ്ഞിട്ടാണ് അത് നോക്കിയത്).
വീട്ടിൽ മറ്റുള്ള ആവശ്യങ്ങൾക്ക് വേണ്ടി മൊത്തം ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യം ആണ് പറയുന്നത്. ഒന്നര വർഷം മുൻപ്, വീട്ടിൽ പച്ചക്കറികൾക്ക് നനയ്ക്കാൻ വേണ്ടി, പൈപ്പുകൾ ഒന്നു രണ്ടു സ്ഥലങ്ങളിലേക്ക് കൂടി എടുക്കേണ്ടി വന്നു, അപ്പോൾ ഒരു സ്ഥലത്തു, നിലവിൽ ഉണ്ടായിരുന്ന പൈപ്പ് കുറച്ചു മുറിച്ചു മാറ്റി പുതിയത് വയ്‌ക്കേണ്ടി വന്നു.
മുറിച്ചു മാറ്റിയ ആ പൈപ്പിന്റെ ഉള്ളിലേക്ക് ഒന്നു നോക്കിയപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് സിനിമാതിയേറ്ററിലെ പുകവലിയുടെ പരസ്യത്തിലെ സ്പോഞ്ചിനെയാണ്. നല്ല പോലെ അഴുക്ക് ആ പൈപ്പിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. താമസം തുടങ്ങിയിട്ട് വെറും രണ്ടു വർഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ.
എന്റെ ചിന്ത ഭിത്തിക്കുള്ളിലെ എല്ലാ പൈപ്പുകളെയും കുറിച്ച് ആയിരുന്നു. ഈ അഴുക്ക് ഉള്ള പൈപ്പിൽ കൂടി വരുന്ന വെള്ളം ആണല്ലോ എല്ലാവരും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. അപ്പോൾ ഞാൻ ആ പ്ലംബറിനോട് ചോദിച്ചപ്പോൾ പറഞ്ഞത്, ഇത് എല്ലായിടത്തും ഇങ്ങനെ തന്നെ ആയിരിക്കും എന്നാണ്. ഇത് കുറയ്ക്കാൻ ഉള്ള മാർഗം ഫിൽറ്ററുകൾ വയ്ക്കുക എന്നതാണ് എന്നും പറഞ്ഞു.
രണ്ടാമത്തെ കാര്യം, വീട്ടിലെ ടോയ്‌ലെറ്റുകളിലെ ക്ളോസ്റ്റിന്റെ ഫ്ലഷ് ടാങ്കിൽനിന്ന് ഇടക്കിടക്ക് വെള്ളം ലീക്ക് ആയിക്കൊണ്ടിരുന്നു, സാധാരണ നമ്മൾ ശ്രദ്ധിക്കില്ല, മുകളിലെ വലിയ ടാങ്കിലെ വെള്ളം പെട്ടെന്ന് തീരുമ്പോഴാണ് നമ്മൾ അറിയുക, എവിടെയോ ചോർച്ച ഉണ്ടെന്നുള്ളത്.
നല്ല ബ്രാൻഡ് കമ്പനിയുടെ അത്യാവശ്യം നല്ല വിലയും ക്വാളിറ്റിയും ഉള്ള സാധനങ്ങൾ ആയതു കൊണ്ട്, വിളിക്കുമ്പോഴേക്കും അവർ പെട്ടെന്ന് വന്നു ശരിയാക്കി തരും,സംഭവം വളരെ സിംപിൾ ആണ്, ഫ്ലഷ് ടാങ്കിൽ എന്തെങ്കിലും കരടോ, അഴുക്കോ, അല്ലെങ്കിൽ നമുക്ക് വെള്ളത്തിൽ കാണാൻ പറ്റാത്ത ചെറിയ പായലോ ഉണ്ടാകും, പക്ഷേ ആ ഫ്ലഷ് ടാങ്കിലും പൈപ്പിൽ കണ്ടപോലെയുള്ള അഴുക്ക് നമുക്ക് കാണാൻ സാധിക്കും.(ലൈൻ ഫിൽറ്റർ ഉണ്ടായിട്ടു കൂടി )അതിന്റെ ബാക്കി ക്ളോസെറ്റിലും ചിലപ്പോൾ കളർ മാറുന്നതായി കാണാറുണ്ട്.
അവസാനം വന്ന കമ്പനിയുടെ ആൾ പറഞ്ഞത്, ഇതൊരു ഫിൽറ്റർ സിസ്റ്റം വച്ചാൽ പിന്നെ ഉണ്ടാവില്ല എന്നാണ്. ഇത് എന്തുകൊണ്ടാണ് വാങ്ങിയപ്പോൾ പറയാതിരുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി-'ആനയെ വാങ്ങാം എന്നാൽ തോട്ടി വാങ്ങാൻ പറ്റില്ല അല്ലേ' എന്നായിരുന്നു.
ഞാനും വിചാരിച്ചിരുന്നത്, എന്റെ വീട്ടിലെ വെള്ളം നല്ല ക്ലിയർ ആയിട്ടുള്ള വെള്ളം ആണെന്നായിരുന്നു. പിന്നീടാണ് മനസ്സിലായത്, അത് കാഴ്ചയ്ക്ക് മാത്രമേ ഉള്ളൂ എന്ന്. ഇതുപോലെ തന്നെയാണ് മിക്ക വീടുകളിലെയും കിണറ്റിലെയും, പിന്നെ പൈപ്പിൽ കൂടി കിട്ടുന്ന വെള്ളത്തിന്റെയും കാര്യം. കുടിക്കാനുള്ള വെള്ളം നമ്മൾ തിളപ്പിച്ചോ അല്ലെങ്കിൽ മറ്റു ചെറിയ ഫിൽറ്റർ വെച്ചോ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ജീവിതകാലം മുഴുവൻ ഇതുപോലെ നമ്മൾ കാണാത്ത അഴുക്ക് ഉള്ള പൈപ്പിൽ കൂടി വരുന്ന വെള്ളം ആണ് നമ്മൾ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.
ഫിൽറ്റർ സിസ്റ്റം വച്ചാൽ ഈ പ്രശ്‌നമൊഴിവാക്കാം. പൈപ്പുകളിൽ അഴുക്ക് ആകുന്നതിനു മുൻപ് തന്നെ ഈ ഫിൽറ്റർ സിസ്റ്റം വയ്ക്കുന്നതാണ് നല്ലത്. എന്റെ പരിമിതമായ അറിവിൽ 15000 രൂപ മുതൽ മുകളിലേക്ക് ആകും ഈ ഫിൽറ്റർ സിസ്റ്റത്തിന്. മുപ്പത്തഞ്ചോ അമ്പതോ ലക്ഷം മുടക്കി ഒരു വീട് പണിയുമ്പോൾ അതിൽ ചെറിയൊരു തുക ഇതിനും കൂടി മുടക്കാൻ സാധിക്കില്ലേ. ആലോചിക്കുക...
English Summary- Importance of Water Filter System in Household; Purity of Water