ADVERTISEMENT

വീടിന്റെ പ്ലാൻ വരയ്ക്കുക, അനുബന്ധ സംശയങ്ങൾ തീർക്കുക എന്നിവയ്ക്കായി ആളുകൾ സമീപിക്കാറുണ്ടെങ്കിലും ഈ അടുത്തകാലത്ത് പ്രവാസിയായ സുഹൃത്ത് എന്നെ സമീപിച്ചത് വിചിത്രമായ ഒരാവശ്യവുമായാണ്. അതായത്, ടിയാന്റെ ഭാര്യയ്‌ക്കൊരു  ഡയമണ്ട് നെക്ലേസ് വാങ്ങണം. എന്നുവച്ചാൽ അൽപം വിലയുള്ളതുതന്നെ.

എന്നാൽ സുഹൃത്തിനു ഈ കച്ചവടത്തിൽ അശേഷം താൽപര്യമില്ല. ഡയമണ്ടിനു റീസെയിൽ വാല്യൂ ഇല്ല, പണയം വയ്ക്കാൻ പറ്റില്ല എന്നിങ്ങനെയൊക്കെയാണ് പുള്ളിയുടെ വാദമുഖങ്ങൾ. എന്നാൽ ഭാര്യയേയും കൂട്ടി ആഭരക്കടയിൽ പോയാലോ, അവർ ഒരു ഡയമണ്ട് എടുത്തുകാണിച്ചു മേൽപടി വസ്തു, വകയിൽ കോഹിനൂർ രത്നത്തിന്റെ വകയിൽ ഒരു അനന്തരവൻ ആണെന്നോ, ബെൽജിയം കട്ട് ആണെന്നോ ഒക്കെ പറയും .വിശ്വസിക്കുകയല്ലാതെ തൽക്കാലം സാധാരണക്കാരന് ഇതൊന്നും പരിശോധിക്കാനുള്ള ചാൻസില്ല.

ഇക്കാര്യങ്ങളൊക്കെ ടിയാന്റെ ഭാര്യയെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ് ജീവിതത്തിൽ ഒരിക്കൽപോലും ഒരു ഡയമണ്ട് കയ്യിൽ എടുക്കുകകൂടി ചെയ്യാത്ത എന്നിൽ നിക്ഷിപ്തമായ ദൗത്യം.

എന്നാൽ ആഭരണം വാങ്ങാൻ നിശ്ചയിച്ച സ്ത്രീയെ അതിൽനിന്നു പിന്തിരിപ്പിക്കുക എന്നത് സ്വൽപ്പം റിസ്കുള്ള ഏർപ്പാടാണ്. ആഭരണം വാങ്ങാൻ ജ്വല്ലറിയിലേക്കു പുറപ്പെട്ട ഭാര്യയെ തടഞ്ഞ മാടമ്പള്ളിയിലെ നകുലന്റെ അനുഭവം എല്ലാവർക്കുമറിയാം. അതുപോട്ടെ. രത്നങ്ങളെക്കുറിച്ചു എനിക്കൊരു ചുക്കുമറിയില്ലെങ്കിലും ഒന്നെനിക്കറിയാം.

രത്നങ്ങൾ തിളങ്ങണമെങ്കിൽ വെളിച്ചം വേണം. ഈ വെളിച്ചത്തെത്തന്നെയാണ് ജ്വല്ലറി വ്യാപാരികൾ ഏറ്റവുമധികം ഉപയോഗിക്കുന്നതും. ഇനി,നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന ആഭരണത്തിന്റെ നേർക്കുള്ള സ്‌പോട്ട്‌ലൈറ്റ്‌ ഒന്ന് ഓഫ് ചെയ്യാൻ സെയിൽസുമാനോട് പറയുക, ശേഷം തീരുമാനിക്കുക. കാരണം ഈ ആഭരണം അണിഞ്ഞുനിൽക്കുന്ന 99% സ്ത്രീകൾക്കും ഈ വെളിച്ചത്തിന്റെ സപ്പോർട്ട് കിട്ടില്ലെന്നറിയുക . അപ്പോൾ ഈ ഡയമണ്ടിനും സൂപ്പർ മാർക്കറ്റിൽ നൂറുരൂപക്കു കിട്ടുന്ന മാലയ്ക്കും ഏതാണ്ട് ഒരേ തിളക്കമായിരിക്കും.

ആഭരണക്കടക്കാർ മാത്രമല്ല, മത്തി വിൽക്കുന്നവർ വരെ ഒന്നോ രണ്ടോ പെട്രോമാക്സു കത്തിച്ചുവച്ച് വെളിച്ചത്തിന്റെ ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട്. പെട്രോമാക്സിന്റെ അടുത്തിരിക്കുന്നത് ചീഞ്ഞ മത്തി ആണെങ്കിലും ആ തിളക്കം കണ്ടു ആളുകൾ വാങ്ങും.

deceptive-visuals
shutterstock ©mypokcik

ടൈൽസിന്റെ കച്ചവടക്കാരും ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട്. പറഞ്ഞുവന്നത് ഇതാണ്, നിങ്ങൾ ഉപയോഗിക്കുന്ന ഫ്ളോറിങ് മെറ്റേറിയൽ ഏതുമാകട്ടെ, വെളിച്ചത്തിന്റെ അഭാവത്തിൽ അതിനു ഷോപ്പിൽ കാണുന്ന തിളക്കമൊന്നും ഉണ്ടാവില്ല. വീട്ടിനകത്താണെങ്കിലും ടൈലിന്റെ ഭംഗി അതുപോലെ ലഭിക്കണമെങ്കിൽ വെളിച്ചത്തിന്റെ പിന്തുണ കൂടിയേ തീരൂ.

പക്ഷേ അവിടെയും പ്രശ്നമുണ്ട്. ടൈൽസിന്റെ പരസ്യങ്ങളിൽ കാണുന്ന വീടുകൾ പോലെയല്ല നമ്മുടെ വീടുകൾ. ഉദാഹരണത്തിന് ഡ്രോയിങ് റൂം എടുക്കാം. അതിഥികൾ വന്നാൽ ഇരിക്കുന്ന, വീട്ടുകാരന്റെ പ്രൗഢിയും, ആസ്തിയും ഒക്കെ മറ്റുള്ളവനെ അറിയിക്കേണ്ട തന്ത്രപ്രധാനമായ ഒരു സ്ഥലമാണീ ഡ്രോയിങ് റൂം. ഇറ്റാലിയൻ മാർബിൾ തന്നെ വേണം.

ഇനി നോക്കാം. ഡ്രോയിങ് റൂമിൽ നമുക്ക് ആറോ ഏഴോ പേർക്കിരിക്കാവുന്ന സോഫ സെറ്റി കാണും. ചായ സൽക്കാരത്തിനുള്ള ടീപോയി കാണും. ഘടാഘടിയനായ ഒരു ടിവി യൂണിറ്റ് കാണും. ഇതിനുശേഷം ബാക്കിയുള്ള സ്ഥലത്തു നമ്മളൊരു കാർപറ്റും വിരിക്കും. ശേഷം  കാഴ്ചയിൽ വരുന്നത് ഏതാണ്ട് പത്തോ ഇരുപതോ സ്‌ക്വയർഫീറ്റ് ഏരിയ ആയിരിക്കും. അതിനാൽ വെളിച്ചം ഉപയോഗിച്ചുള്ള തിളക്കം വർധിപ്പിക്കലും ഇവിടെ നടക്കില്ല. പണം പോവുന്നത് മെച്ചം.

ഡൈനിങ് ഹാളിലെ സ്ഥിതിയും ഏതാണ്ട് ഇങ്ങനെതന്നെയാണ്. ബെഡ് റൂമിലാണെങ്കിൽ പറയുകയും വേണ്ട. കട്ടിലും, അലമാരയും ഡ്രസ്സിങ് ടേബിളും ഒക്കെ ചേർന്ന് നല്ലൊരു ഭാഗം സ്ഥലവും അപഹരിക്കും. അതിനിടയിലൂടെ കാണുന്ന എട്ടോ പത്തോ സ്ക്വയർഫീറ്റ് ടൈലാണ് നമുക്ക് പ്രദർശനവസ്തു ആക്കാനുള്ളത്. ആ സ്ഥലത്തെ വിശകലനം ചെയ്തു ഈ ടൈൽ ജോയിന്റ് ഫ്രീ ആണോ, ഇറ്റാലിയൻ മാർബിൾ ആണോ എന്ന് നോക്കുകയൊന്നുമല്ല നാട്ടുകാരുടെ പണി.

എന്നാൽ ഞാനീ പറയുന്നത് സാധാരണക്കാരെ ഉദ്ദേശിച്ചു മാത്രമാണ്, മുന്നൂറോ നാനൂറോ അടി വിസ്തീർണ്ണത്തിൽ ഹാളും റൂമും ഒക്കെ പണിയുന്നവർക്കു ഈ ഫർണിച്ചർഏരിയ കൂടാതെ ധാരാളം സ്ഥലം കാണും, അവർക്കു ഇതൊക്കെ ചെയ്യാം. എന്നാൽ സിറ്റൗട്ട്, നടുമുറ്റം, വരാന്തകൾ, സ്റ്റെയർ, ലാൻഡിങ് തുടങ്ങീ സ്ഥലങ്ങളിൽ നമുക്കും ഒരുകൈ നോക്കാം. കാരണം ഇവിടങ്ങളിൽ ഫർണിച്ചർ ഇല്ലാത്തതു കാരണം ഫ്ലോറിങ്ങിന്റെ കാഴ്ച മറയില്ല. ബാത്റൂമുകളും അതുപോലെതന്നെ.

അതുകൊണ്ടുതന്നെ ചെറിയ ബജറ്റിലുള്ള വീടുകളുടെ അകത്തളങ്ങൾ മനോഹരമാക്കണമെങ്കിൽ ഫ്ലോറിങ്ങിനെക്കാൾ ഉപരി സീലിങ്ങിലോ, ചുമരിലൊ ശ്രദ്ധിക്കുന്നതാണ് നല്ലതെന്നാണ് അബുദാബിക്കാരനായ ഒരു തത്വചിന്തകൻ അഭിപ്രായപ്പെട്ടിട്ടുള്ളത്. കാരണം ചുവരിലേക്കോ, സീലിങ്ങിലേക്കോ ഉള്ള നമ്മുടെ ദൃഷ്ടിയെ തടസ്സപ്പെടുത്താൻ കാര്യമായി ഒന്നുമില്ല എന്നതുതന്നെ.

എന്നാൽ സീലിങ്ങിലോ ചുവരിലോ കടുംനിറങ്ങൾ വാരിപ്പൂശുക എന്നോ പച്ചയും മഞ്ഞയും നീലയും കലർന്ന എൽഇഡി ബൾബുകൾ പിടിപ്പിച്ചു റൂമിനെ ഡാൻസ് ബാർ പോലെ ആക്കുക എന്നോ ഞാൻ പറഞ്ഞതിന് അർത്ഥമില്ല. സിംപിളായ വാൾ പേപ്പറുകൾ, ചുവർ ചിത്രങ്ങൾ, നിഷുകൾ, അവയിൽ ക്രമീകരിച്ച ചെറുശിൽപങ്ങൾ, അവയിലേക്ക് സ്പോട്ട് ചെയ്ത ഉറവിടം കാണാത്ത എൽഇഡി ലൈറ്റുകൾ എന്നിവയൊക്കെ സംവിധാനം ചെയ്തു വീടിനു നല്ലൊരു നക്ഷത്ര ഹോട്ടലിന്റെ ഭംഗി വരുത്താം, കാശ് വല്ലാതെ പൊടിയാതെതന്നെ. ചുവരിൽ വെർട്ടിക്കൽ ഗാർഡനും പരീക്ഷിക്കാം.

എന്നാൽ ഇതിനെയൊക്കെ മനോഹരമാക്കണമെങ്കിൽ മേൽപറഞ്ഞ സംഗതി കൂടിയേ തീരൂ-വെളിച്ചം. കൂടുതൽ ശ്രദ്ധ ലഭിക്കേണ്ട ഒരു ചിത്രമോ, ശില്പമോ ഒക്കെ ഉണ്ടെങ്കിൽ അതിനുചുറ്റും നേരിയ ഇരുട്ട് നൽകണം. പിന്നെ ശ്രദ്ധ ലഭിക്കേണ്ട വസ്തുവിലേക്കു ഒരു സ്പോട്ട് ലൈറ്റ് ആകാം.

അല്ലാതെ ആ ഭാഗം മൊത്തം പൂരപ്പറമ്പുപോലെ വെളിച്ചം കൊടുത്താൽ നമ്മൾ ഉദ്ദേശിക്കുന്ന വസ്തുവിലേക്കു ആളുകളുടെ ശ്രദ്ധ പോവുകയോ, തങ്ങി നിൽക്കുകയോ ചെയ്യില്ല. ശില്പങ്ങൾ, ചിത്രം, ഫൗണ്ടൻ, നെറ്റിപ്പട്ടം ഇവയൊക്കെ ഇങ്ങനെ ചെയ്യാം. ഇതുപോലെ പ്രധാനമാണ് ബെഡ് റൂമുകളിലെ വെളിച്ച വിതാനം. കിടന്നുറങ്ങാൻ പോകുന്നിടത്ത് എന്തിനാണ് സ്വാമീ കണ്ണ് മഞ്ഞളിക്കുന്ന വെളിച്ചം ..?

മാത്രമല്ല, രാത്രിയിൽ പെട്ടെന്ന് എണീറ്റ് അമ്മാതിരി ലൈറ്റിട്ടാൽ പിന്നെ നിവിൻ പോളി പറഞ്ഞതുപോലെ ചുറ്റുമുള്ളതൊന്നും കാണാനും പറ്റില്ല. അതുകൊണ്ടു ബെഡ് റൂമിലെ വെളിച്ച വിന്യാസത്തിലും വേണം ചില കണക്കുകൂട്ടലുകളൊക്കെ. ഇട്ടാലുടനെ തീരെ മങ്ങി കത്തി ഏതാണ്ട് ഒരു മിനിറ്റിനുള്ളിൽ പൂർണ്ണ വെളിച്ചം പ്രസരിപ്പിക്കുന്ന ബൾബുകൾ ഉണ്ട്, നാട്ടിൽ ഉണ്ടോ എന്നറിയില്ല.

അതുപോലെ വേറൊരു രീതിയാണ് സീലിങ്ങിലേക്കു ലൈറ്റടിക്കൽ. സീലിങ്ങിൽ വീഴുന്ന ലൈറ്റ് ചിതറിത്തെറിച്ചു റൂം മൊത്തം പ്രസരിക്കുന്ന രീതി. കൂട്ടത്തിൽ സീലിങ്ങിൽ വല്ല മരത്തിന്റെ തട്ടോ, കതിർക്കുലയോ, കൊത്തുപണികളോ ഒക്കെ ഉണ്ടെങ്കിൽ അവയെ ഒന്ന് ഹൈലൈറ്റ് ചെയ്യുകയും ആകാം, എന്തായാലും സംഗതി ജോറാകും. എന്നാൽ ഇതിനൊക്കെ വലിയ കാശ് ചെലവാക്കണമെന്നില്ല. ചെറിയ ചെലവിൽ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിവുള്ള നല്ല കഴിവുള്ള പണിക്കാർ നമ്മുടെ നാട്ടിലുണ്ട്. അവരെ കണ്ടെത്തുകയെ വേണ്ടൂ.

അൽപം ഭാവനയുള്ള ഇലക്ട്രീഷ്യന്മാർക്കും ഇതൊക്കെ ചെയ്യാം. എന്നാൽ ഇതൊക്കെ ചെയ്യുംമുന്നേ പ്രസ്തുത വീടിന്റെ ശൈലി അറിയണം. മനോഹരമായ നാലുകെട്ട് ശൈലിയിൽ ഞാൻ രൂപപ്പെടുത്തിയ ഒരു വീടിന്റെ ഡ്രോയിങ് റൂമിനെ എന്റെ അസാന്നിധ്യത്തിൽ ദുബായിയിലെ ഡാൻസുബാറിന്റെ പരുവത്തിലാക്കിയ പാലക്കാട്ടെ ഒരു ഇന്റീരിയർ ഡിസൈനറെ ഞാൻ ഇപ്പോഴും തിരഞ്ഞുനടക്കുകയാണ്.

എന്തായാലും മാടമ്പള്ളിയിലെ നകുലന്റെ അനുഭവം അറിയാവുന്നതുകൊണ്ട് സുഹൃത്തിന്റെ ആഭരണ വിഷയത്തിൽ ഞാൻ നേരിട്ട് ഇടപെട്ടില്ല. ആഭരണ വ്യാപാരത്തിൽ വെളിച്ചത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചു മാത്രം പറഞ്ഞു. അതുകൊണ്ടുതന്നെ അവർ ഡയമണ്ട് വാങ്ങിയോ എന്നെനിക്കറിയില്ല.

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Importance of Lighting and Flooring in Creating Aesthetic Ambience- Experiene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com