ADVERTISEMENT

"സാർ, നമ്മ വേലയിൽ ടൈം താൻ മുഖ്യം. മിനിമം ടൈമുക്കുള്ളെ മാക്സിമം വേല കംപ്ലീറ്റ് ചെയ്യാ വേണം” എന്നോട് ഇങ്ങനെ പറഞ്ഞത് ഒരു പ്രോജക്ട് മാനേജരോ പ്ലാനിങ് എൻജിനീയറോ അല്ല .നമ്മുടെ കള്ളൻ മാരിമുത്തു ആണ്. എന്റെ കഴിഞ്ഞ ലേഖനത്തിലെ മാരിമുത്തുതന്നെ...ഗുണപാഠം- വീട്ടിനകത്തു എത്തുന്ന ഒരു കള്ളന്റെ ഏറ്റവും വലിയ മുടക്കുമുതൽ സമയം ആണ്. അവിടെ അവന്റെ കണക്കുകൂട്ടൽ തെറ്റിക്കാൻ കഴിഞ്ഞാൽ നാം പാതി വിജയിച്ചു.

ഒരുമാതിരിപ്പെട്ട വീട്ടിലൊക്കെ ഇപ്പോൾ CCTV ക്യാമറയും അലാറവും ഒക്കെ ഉണ്ടെന്നു അറിഞ്ഞുകൊണ്ടുതന്നെയാണ്  കള്ളന്മാരുടെ വരവ്. അവന്മാർ ഒരു കർച്ചീഫെടുത്തു മുഖം മറച്ചാൽ എല്ലാം പാളും. അല്ലെങ്കിലും മോക്ഷണം നടന്നശേഷം കള്ളനെ പിടിക്കുന്നതിനേക്കാൾ നല്ലത് മോക്ഷണം നടക്കാതെ സൂക്ഷിക്കുന്നതല്ലേ...

വീട്ടിനകത്തു കടന്ന കള്ളനെ പരമാവധി വട്ടം കറക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു പരിപാടി.  നാട്ടിൽ ഞാൻ ഒരു ഡോക്ടർക്കു വേണ്ടി നിർമ്മിച്ച ഒരു വീടുണ്ട്. എല്ലാ ആഴ്ചയും അദ്ദേഹവും കുടുംബവും മാതാപിതാക്കളെ കാണാൻ വീട് പൂട്ടി പോകാറുണ്ട്, ഈ സുരക്ഷാ വിഷയം ഡിസൈൻ സ്റ്റേജിൽ തന്നെ ഞങ്ങൾ ചർച്ച ചെയ്തതും ആണ്.

ആ വീട്ടിൽ മാസ്റ്റർ ബെഡ്റൂമിന്റെ ചുവരിൽ പെട്ടെന്ന് കാണാത്ത, എന്നാൽ അൽപം മെനക്കെട്ടാൽ കണ്ടുപിടിക്കാവുന്ന ഒരു ഘടാഘടിയൻ ലോക്കറുണ്ട്. വെട്ടിപ്പൊളിക്കണമെങ്കിൽ ഏതാണ്ട് നാലോ അഞ്ചോ മണിക്കൂർ അധ്വാനിക്കണം. മരവാതിലുകളെ അപേക്ഷിച്ചു ന്യൂ ജനറേഷൻ സ്റ്റീൽ വാതിലുകൾ കള്ളന്മാർക്ക് ഒരു തലവേദനയാണ്. ഓരോ ഡോറും മറികടക്കാൻ എടുക്കുന്ന സമയം വർധിക്കും. മാസ്റ്റർ ബെഡ്റൂമിന്റെ ടോയ്ലെറ്റിനും സ്റ്റീൽ ഡോർ ഒക്കെ വേണമെന്നാണ് എന്റെ ഒരിത്.

പൊക്കികൊണ്ടുപോകാൻ നല്ല കനമുണ്ട്, ചുവരിനോട് ചേർത്ത് കോൺക്രീറ്റ് ചെയ്തിട്ടുമുണ്ട്.  അതിനകത്തു കുറച്ചു റോൾഡ് ഗോൾഡ് ആഭരണങ്ങളും ഉണ്ട് . ശേഷം ചിന്ത്യം.അതേസമയം നമ്മുടെ വീടുകളിൽ പണവും ആഭരണങ്ങളും സമർഥമായി ഒളിപ്പിക്കാവുന്ന ഇടങ്ങളുണ്ട് .

പഴയ മുത്തശ്ശിമാർക്കറിയാം. മുളകുപൊടിയും മല്ലിപ്പൊടിയും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന ഡപ്പികളിൽ സ്വർണ്ണം വിദഗ്ധമായി ഒളിപ്പിച്ചിരുന്ന അമ്മൂമ്മമാരെ എനിക്കറിയാം. എന്നാൽ ഈ ഡപ്പി പരിപാടി ഇപ്പോൾ നടക്കില്ല. നടക്കില്ലെന്നല്ല. അതുക്കും മേലെയുള്ള ചില പരിപാടികൾ ഉണ്ട്.

പ്രവാസജീവിതം തുടങ്ങുന്നതിനു തൊട്ടു മുൻപായി മെക്കാനിക്കൽ എൻജിനീയറിങ് ബിരുദാനന്തര ബിരുധാരിയായ ഒരു ഷെജീർ അയാളുടെ ചില വിചിത്ര ഉല്പന്നങ്ങളുമായി എന്നെ കാണാൻ വരുമായിരുന്നു.

സ്വിച് ബോർഡിന്റെയും ക്ളോക്കിന്റെയും അലങ്കാരവിളക്കുകളുടെയും ഒക്കെ ആകൃതിയിലുള്ള ലോക്കറുകൾ അയാൾ എന്നെ കാണിച്ചിരുന്നു. നമ്പർ ലോക്കിങ്ങും ബയോ മെട്രിക്സ് ലോക്കിങ്ങും ഒക്കെയുള്ള സംഗതികൾ വേറെയും. 

ചുരുക്കിപ്പറഞ്ഞാൽ വീട്ടിനകത്തു കയറിപ്പറ്റിയ കള്ളന്റെ കണ്മുന്നിലുള്ള ഒരു സ്വിച് ബോർഡിനുള്ളിൽ പത്തോ നൂറോ പവന്റെ ആഭരണങ്ങൾ കണ്ടേക്കാം. എന്നാൽ അതൊരു സ്വിച് ബോർഡ് അല്ലെന്ന കാര്യം അയാൾ മനസ്സിലാകില്ല. അത്രയ്ക്ക് ഒറിജിനാലിറ്റി ആണ് . എന്നാൽ ഷജീറിന്റെ അഭിപ്രായത്തിൽ ഈ ലോക്കറുകൾ ഉപയോഗിക്കുന്നവർ ഈ രഹസ്യം കുടുംബാംഗങ്ങ ളിൽനിന്ന് മറച്ചു വയ്ക്കരുത്.

കാരണം, രഹസ്യവും പേറി നടക്കുന്ന ആൾ ഒരുനാൾ വടിയായാൽ തീർന്നു. ഈ സൂത്രപ്പണികൾ വീടിന്റെ തെർമോകോൾ  സീലിങ്ങിലോ നടുമുറ്റത്തെ ഫൗണ്ടന്റെ അടിയിലോ ഒക്കെ ചെയ്യാം. രഹസ്യമായിരിക്കണം എന്നുമാത്രം.

ഇത്രയുമാണ് മാരിമുത്തു പറഞ്ഞതിൽ നിന്നും എനിക്ക് വെളിവായ കാര്യങ്ങൾ. എന്നാൽ മാരിമുത്തുവിനും അപ്പുറമുള്ള ചില കള്ളന്മാരുണ്ട് . നമ്മുടെ സാന്നിധ്യം പ്രശ്നമാക്കാതെ, നമ്മളുടെ തലക്കടിച്ചു വീഴ്ത്തിയോ, വേണ്ടിവന്നാൽ കൊന്നോ വീട് കൊള്ളയടിക്കുന്നവർ. ഈയിടെ എറണാകുളത്തോ മറ്റോ ഒരു ഡോക്ടറെ കെട്ടിയിട്ടു പത്തറുപതു പവന്റെ സ്വർണ്ണം കവർന്നതുപോലെയുള്ള എമണ്ടൻ കള്ളന്മാർ.

എന്നാൽ ഇവരുടെ മുന്നിൽ മാരിമുത്തു നിസ്സഹായനാണ് . കാരണം ഒരാളെ കൊന്നോ, തലക്കറിച്ചോ വീട് കൊള്ളയടിക്കാനുള്ള ധൈര്യമോ ക്രൂരതയോ അയാൾക്കില്ല . അതുകൊണ്ടുതന്നെ അവരെക്കുറിച്ചു പറയാനും അയാൾക്കറിയില്ല. എന്നാൽ സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ അവരുമായും നമുക്ക് ഒരു കൈ നോക്കിയേ പറ്റൂ . സാഹചര്യം അതാണ്. അത് വഴിയെപറയാം....

***

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- Confusing Thieve Entered into House Tricks- Home Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com