ADVERTISEMENT

നാട്ടിൽ വച്ച് വർഷങ്ങൾക്കുശേഷം അടുത്തകാലത്ത് ഒരു വിവാഹച്ചടങ്ങിനിടിയിലാണ് ഞാൻ എന്റെ ജൂനിയറായി പഠിച്ച രാജേഷിനെ നേരിൽ കാണുന്നത്. രാജേഷ് എന്നെപ്പോലെ ചീള് വീട് പ്ലാനിങ്ങും, വാസ്തുവിദ്യയും മറ്റു തക്കിട തരികിട ഏർപ്പാടുമായി നടക്കുന്ന ആളല്ല. മറിച്ച് ആളൊരു പുലിയാണ്, പുപ്പുലി.

പുള്ളി രാജ്യാന്തര പ്രശസ്തമായ ഒരു കൺസൾട്ടിങ് കമ്പനിയിൽ സീനിയർ എൻജിനീയറാണ്, നിലവിൽ ലോക പ്രശസ്തമായ ഒരു വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയുമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ ആ വിമാനത്താവളത്തിന്റെ റൺവേ  വികസിപ്പിക്കുന്ന ഭാഗത്തെ ഭൗമശാസ്ത്രപരമായ പഠനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് അദ്ദേഹമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച് അൽപം വിവരങ്ങൾ ഓസിന്‌ കിട്ടുമെന്ന് വന്നപ്പോൾ ഞാനിക്കാര്യങ്ങൾ വിശദമായി നമ്മുടെ രാജേഷിനോട് ചോദിച്ചറിഞ്ഞു.

രാജേഷിനോടുള്ള എന്റെ ചോദ്യങ്ങൾ മുഖ്യമായും ഇങ്ങനെയായിരുന്നു.

ഭൗമശാസ്ത്ര പഠനങ്ങൾക്കായി നാം ഇന്നുപയോഗിക്കുന്ന സാങ്കേതികവിദ്യകൾ എത്രമാത്രം ഫലപ്രദമാണ്..?

ഇത്തരം രീതികളിലൂടെ ലഭിക്കുന്ന റിസൾട്ടുകളിൽ എത്രമാത്രം കൃത്യതയുണ്ട് ..?

ഭൗമാന്തർഭാഗത്തെ ചലനങ്ങളെയും സമ്മർദ്ദങ്ങളെയും നമുക്ക് എത്രകണ്ട് പ്രവചിക്കാനാവും ..?.

രാജേഷ് അൽപമൊന്ന് ആലോചിച്ചു.

"അൽപം സങ്കീർണ്ണമായ വിഷയമാണ്, സമയമെടുത്തു വിശദീകരിക്കണം. നമുക്ക് ഒന്നങ്ങോട്ടു മാറിനിൽക്കാം."

അങ്ങനെ പുള്ളി ഒപ്പമുണ്ടായിരുന്ന ഭാര്യയേയും അമ്മായിയപ്പനെയും ഒക്കെ ഒഴിവാക്കി, അല്ലെങ്കിലും ഗൗരവകരമായ ഒരു കാര്യം  ചർച്ച ചെയ്യുമ്പോൾ രണ്ടു കസേര അങ്ങോട്ട് മുറ്റത്തേക്കിടണം എന്നാണു ലോകപ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോക്ർ സണ്ണിയോട് പുല്ലാട്ടുപുറം ബ്രഹ്മദത്തൻ തിരുമേനി പണ്ട് പറഞ്ഞിട്ടുള്ളത്.

എല്ലാവരും ഒഴിഞ്ഞുപോയപ്പോൾ രാജേഷ് പതിയെ എന്റെ കയ്യിൽ പിടിച്ചു.

"നാറ്റിക്കരുത്. ചേട്ടൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇന്നും കൃത്യമായ ഉത്തരമില്ല. പിന്നെ വിമാനത്താവളത്തിന്റെ പണി നടത്തുന്ന എൻജിനീയറെന്ന നിലക്ക് ഭാര്യയുടെയും, ഭാര്യവീട്ടുകാരുടെയും മുന്നിലുള്ള ഇമേജ് കളയണ്ടല്ലോ എന്ന് കരുതിയാണ് അവരെ ഒഴിവാക്കിയത്" 

രാജേഷ് പറഞ്ഞത് സത്യമാണ്. ഭൗമോപരിതലത്തിൽ കാര്യങ്ങളെക്കുറിച്ചു പറയാം എന്നല്ലാതെ നമ്മുടെ ഭൂമിയുടെ അന്തർഭാഗത്ത് ഉള്ള കാര്യങ്ങളെക്കുറിച്ചു ഇന്നും ആധുനീക ശാസ്ത്രത്തിനുള്ള ജ്ഞാനം വളരെ കുറവാണ്. പിന്നെ ലഭ്യമായ വിവരങ്ങൾ വച്ചുകൊണ്ടു ചില നിഗമനങ്ങളിൽ എത്തുന്നു എന്നുമാത്രം. നിലവിൽ അതിന്റെ കൃത്യതയും വളരെ കുറവാണ്. നാളെ ശാസ്ത്രം വികസിക്കുന്നതിനനുസരിച്ച്  കൂടുതൽ കൃത്യത കൈവന്നേക്കാം.

ഇന്നും നമുക്ക് ഒരു ഭൂകമ്പത്തെ കൃത്യമായി പ്രവചിക്കാൻ കഴിയാത്തതും ഇതേ കാരണം കൊണ്ടുതന്നെയാണ്. കോഴിക്കോട്ടെ പോലൂരിലെ വീട്ടിനകത്തു നിന്നും കേൾക്കുന്ന ശബ്‍ദവും, റോഡിൽ പൊടുന്നനെ പ്രത്യക്ഷമാവുന്ന ഗർത്തങ്ങളും, അപ്രത്യക്ഷമാവുന്നു കിണറുകളും ഒന്നും  വിശദീകരിക്കാൻ തൽക്കാലം സാധിക്കുമെന്ന് കരുതുന്നില്ല. നെഗറ്റിവ് ഗ്രാവിറ്റി അനുഭവപ്പെടുന്ന സ്ഥലങ്ങൾ പോലും ഈ ലോകത്തുണ്ട്.

ഇക്കാരണം കൊണ്ടുതന്നെ ലോകത്തെ ഒരു കെട്ടിടവും പൂർണ്ണമായും സുരക്ഷിതമാണെന്ന് പറയുക വയ്യ, ഒരു ഫൗണ്ടേഷനും പൂർണ്ണമായും നൂറു ശതമാനം ഭൂകമ്പ പ്രതിരോധ ശേഷി ഉള്ളതാണെന്നും പറയുക വയ്യ. കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന ചിലയിനം മരങ്ങൾ പോലും അതിന്റെ ഫൗണ്ടേഷൻ തകർച്ചക്ക് കാരണമാകാമെന്ന്‌ സിവിൽ എൻജിനീയറിങ് ഗ്രന്ഥങ്ങളിൽ സൂചനയുണ്ട്.

സീസ്മിക് ഐസൊലേറ്ററുകൾ സ്ഥാപിച്ചു സുരക്ഷിതമാക്കിയ ഒരു കെട്ടിടം ആണെങ്കിൽ പോലും ഒരു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ആ കെട്ടിടത്തിന്റെ സമീപപ്രദേശത്താണെങ്കിൽ അത് തകർന്നു തവിടുപൊടിയാകും. കാരണം കോടിക്കണക്കിനു ടൺ ടിഎൻടി ഒന്നിച്ചു പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാവുന്നത്രയും ഊർജ്ജം,അഥവാ ആയിരക്കണക്കിന് ആറ്റംബോംബുകൾ ഒന്നിച്ചു വിസ്ഫോടനം നടത്തുമ്പോൾ ഉണ്ടാകുന്നത്രയും ഊർജ്ജമാണ് ശക്തിയേറിയ ഓരോ ഭൂചലനത്തിലും വിമോചിതമാക്കപ്പെടുന്നത്.

ഇതിനിടക്ക്‌ എന്റെ നാട്ടുകാരൻ രാജേഷ് എന്ത് ചെയ്യാൻ ..? ഇന്ത്യയിലെ പ്രശസ്തമായ ഒരു ഐഐടി യിലെ സ്ട്രക്ച്ചറൽ എൻജിനീയറിങ് വിഭാഗം മേധാവിയായിരുന്ന ഒരു വ്യക്തിയും ഇക്കാര്യം ഒരിക്കൽ അർത്ഥശങ്കക്ക് ഇടയില്ലാത്തവണ്ണം വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെയാണ് നമ്മൾ മലയാളികളുടെ വീടുപണിയിലെ പ്രശ്നം. ബാഹ്യമായ ഭംഗിക്കും, ഇന്റീരിയറിനും അമിത പ്രാധാന്യം നൽകുന്ന നമ്മളാരും കെട്ടിടത്തിന്റെ ഉറപ്പിനെക്കുറിച്ചു ചിന്തിക്കുന്നില്ല. തരക്കേടില്ലാത്ത ഒരു ഭൂകമ്പം വന്നാൽ കേരളം ചീട്ടുകൊട്ടാരം പോലെ തകർന്നടിയും. അത്തരം ഒരു സന്ദർഭത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ പോലും ഒരു കെട്ടിടം നമുക്കുണ്ടാവില്ല.  കാരണം അതിനു വേണ്ടുന്ന നമ്മുടെ സ്‌കൂളുകളോ, ഓഡിറ്റോറിയങ്ങളോ പോലും നിർമ്മിക്കപ്പെടുമ്പോൾ അതിൽ ഭൂകമ്പ പ്രതിരോധം എന്ന ഘടകം പരിഗണിക്കപ്പെടുന്നില്ല. നമ്മുടെ ചിന്താഗതികൾ മാറിയേ തീരൂ .

എന്തായാലും സദ്യ കഴിഞ്ഞു കാറിലോട്ടു കയറുമ്പോൾ രാജേഷ് എന്നോട് ചോദിച്ചു.

" ഭൗമശാസ്ത്രപരമായ അനാലിസിസുകൾ സങ്കീർണ്ണമാണ്, എന്നാൽ ഒരൽപം മനസ്സുവച്ചാൽ എളുപ്പം മനസ്സിലാക്കാവുന്നതുമാണ്. ഞാൻ പറഞ്ഞുതന്നതൊക്കെ മനസ്സിലായെന്നു കരുതുന്നു."

"ഒവ്വ ". ഞാൻ തലകുലുക്കി.

അപ്പോൾ അവന്റെ ഭാര്യ ആരാധനയോടെ അവനെ നോക്കുന്നുണ്ടായിരുന്നു...

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- Geographical Analysis and Earth Quake Resistant Building- Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com