ADVERTISEMENT

ഇക്കഴിഞ്ഞ അവധിക്കാലത്താണ് ഞാൻ മലപ്പുറത്തുള്ള സുഹൃത്ത് ഇബ്രാഹിമിന്റെ വീട് സന്ദർശിക്കുന്നത്. സത്യത്തിൽ ആ വീട് ഞാൻ പ്ലാൻ ചെയ്തതോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ ഞാനുമായി ബന്ധപ്പെട്ടതോ അല്ല, എങ്കിലും ഞാൻ നാട്ടിലുണ്ട് എന്നറിഞ്ഞപ്പോൾ പ്രവാസി കൂടിയായ അദ്ദേഹം വീട് കാണാൻ വേണ്ടി എന്നെ ക്ഷണിച്ചു എന്ന് മാത്രം.

സാധാരണഗതിയിൽ മറ്റൊരാൾ പ്ലാൻ ചെയ്ത വീട്ടിൽ വലിഞ്ഞു കയറിച്ചെന്നു അവിടത്തെ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് പ്രൊഫഷണൽ മര്യാദക്ക് നിരക്കുന്ന ഒന്നല്ല എന്നതിനാൽ ഞാൻ ആ ക്ഷണം നിരസിച്ചു. പക്ഷേ അവിടെയും അദ്ദേഹം എന്റെ മേലുള്ള കുരുക്ക് മുറുക്കി. ഒന്നല്ല, രണ്ടു വിധത്തിൽ. ഒന്നാമതായി തന്റെ വീടുപണികൾ വിലയിരുത്തുന്നതിനായി അദ്ദേഹം എന്റെ പ്രൊഫഷണൽ സേവനം ആവശ്യപ്പെട്ടു. രണ്ടാമതായി നാടൻ കോഴിയിറച്ചിയും പത്തിരിയും അടങ്ങിയ ഒരു പ്രാതലും ഓഫർ ചെയ്തു.

ഉസ്താദ് ഫ്ലാറ്റ്...

അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി, നിർമ്മാണം വിലയിരുത്തി. വീട് സാമാന്യം വലിയ വീടാണ്. എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ച ഒരു വീട്. അല്ലറ ചില്ലറ കാര്യങ്ങൾ അവിടവിടെ ശ്രദ്ധയിൽ പെട്ടു എങ്കിലും നിർമ്മാണം പുരോഗമിച്ച സ്ഥിതിക്ക് ഇനി അതിലൊന്നും വലിയ കാര്യമില്ല. അല്ലെങ്കിലും പോയ വണ്ടിക്കു കൈ കാണിച്ചിട്ട് കാര്യമില്ലലോ...

പക്ഷേ അവിടെ കണ്ട ഒരു കാര്യം ഇവിടെ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് അദ്ദേഹത്തിന്റെ സൈറ്റിൽ മാത്രം കാണപ്പെടുന്ന കാര്യമല്ല, കേരളത്തിൽ പലയിടത്തും ഈ പ്രവണത കണ്ടുവരുന്നുണ്ട്.

തീർത്തും അപായകരമായ പ്രവണത. അതായത് ഈ ഭാഗങ്ങളിൽ എല്ലാം തന്നെ നല്ലയിനം വെട്ടുകല്ല് ലഭിക്കുന്നുണ്ടെങ്കിലും, അത് ചെത്തിയെടുക്കുന്ന രീതി തീർത്തും അശാസ്ത്രീയമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ കല്ലിന്റെ ബലത്തിനല്ല, അത് ചെത്തിയെടുക്കുന്ന രീതിക്കാണ് പ്രശ്നം, മുദ്ര ശ്രദ്ധിക്കണം.

Representative Image

ഇബ്രാഹിമിന്റെ സൈറ്റിൽ ഉപയോഗിച്ച കല്ലുകൾക്ക് എല്ലാം തന്നെ വീതിയേക്കാൾ കൂടുതൽ കനം അഥവാ ഉയരം ഉണ്ടായിരുന്നു. ഒരു കല്ല് ഉപയോഗിച്ച് പടവുപണി നടത്തുമ്പോൾ ആ കല്ല് സ്ഥിതി ചെയ്യുന്നത് ഏറ്റവും സ്റ്റേബിൾ ആയ പൊസിഷനിൽ ആയിരിക്കണം. ഈ സ്റ്റെബിലിറ്റി നിർണ്ണയിക്കുന്നതിൽ അതിന്റെ അളവുകൾക്കു വലിയ സ്വാധീനം ഉണ്ട്.

ഒരു വസ്തുവിന്റെ ഉയരം, വീതിയേക്കാളും നീളത്തെക്കാളും കുറഞ്ഞിരിക്കുമ്പോഴാണ് ആ വസ്തുവിന് പരമാവധി സ്റ്റെബിലിറ്റി ലഭിക്കുന്നത്. അതായത് ഒരു വസ്തുവിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുമ്പോഴാണ് ആ വസ്തു ഏറ്റവും സ്റ്റേബിൾ ആയി നിലകൊള്ളുന്നത് എന്നാണ്‌ ഇതിനുള്ള ശാസ്ത്രീയ വിശദീകരണം.

ചിലയിനം സ്പോർട്സ് കാറുകൾ ഒക്കെ നിലത്തോട് മുട്ടിയിരിക്കുന്ന വിധത്തിൽ രൂപകൽപന ചെയ്യപ്പെടാൻ കാരണം ഇതാണ്. എന്നാൽ മുൻകാലങ്ങളിൽ ഈ പ്രശ്നം ഉണ്ടായിരുന്നില്ല. ഇതേ സ്ഥലങ്ങളിൽ എല്ലാംതന്നെ തീർത്തും ശാസ്ത്രീയമായ വഴിക്കാണ് കല്ലുകൾ ചെത്തിയെടുത്തിരുന്നത്. ഇബ്രാഹിമിന്റെ പിതാവ് ഈന്തപ്പഴ കച്ചവടം നടത്തിയിരുന്ന പഴയ കെട്ടിടത്തിൽ പോലും ഇത്തരം ശാസ്ത്രീയമായ രീതിയിൽ ചെത്തിയെടുത്ത കല്ലുകളാണ് ഉപയോഗിച്ചിരുന്നത്.

കേരളത്തിൽ തകർന്നു വീഴുന്ന അല്ലെങ്കിൽ പൊട്ടലുകളും വിള്ളലുകളും വന്ന് അകാലവാർധക്യം സംഭവിക്കുന്ന വീടുകളുടെ എണ്ണം വർധിക്കാൻ ഉള്ള ഒരു കാരണം ഇത്തരം ഉയരം കൂടിയ കല്ലുകളുടെ ഉപയോഗമാണ്. ഈ വിധത്തിൽ ചെത്തിയെടുക്കുന്ന കല്ലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പടവുകളും ഉയരംകൂടുംതോറും അപകടസാധ്യത വീണ്ടും കൂടും, നേരിയൊരു ത്രസ്റ്റിനെ പോലും അതിജീവിക്കാൻ ഈ ഭിത്തികൾക്ക് കഴിയില്ല, ഫലം വീട് എളുപ്പത്തിൽ തകർന്നു വീഴും. അപ്പോഴും നമ്മൾ വീടിന്റെ തകർച്ചക്ക് കാരണക്കാരൻ കോൺട്രാക്ടറാണ് എന്ന് മുദ്രകുത്തും. 

അതിനാൽ ഇത്തരത്തിൽ വെട്ടിയെടുത്ത കല്ലുകൾ പരമാവധി ഒഴിവാക്കുക. ശാസ്ത്രീയമായ രീതികൾ അവലംബിക്കാൻ ഇതിന്റെ ഉൽപാദകർ തയാറാക്കുമ്പോൾ നമുക്കതു സ്വീകരിക്കാം. കാരണം ഉറപ്പും, ഉപയോഗ്യതയും, ഭംഗിയും ചേരുന്നവയാവണം ഓരോ എൻജിനീയറിങ് നിർമ്മിതിയും..പത്തിരിയും, നാടൻ കോഴിയിറച്ചിയും പോലെയുള്ള മനോഹരമായ ചേർച്ച...

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- Instability in House- Mistakes in Building Walls- Expert Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com