ബെഡ്റൂമിൽ ദുർഗന്ധം; പ്രതിയാക്കപ്പെട്ട് അയൽപക്കത്തെ ചാണകക്കുഴി; ട്വിസ്റ്റിലൂടെ പരിഹാരം
Mail This Article
പ്രവാസജീവിതത്തിന്റെ ആദ്യ അവധിക്കാലത്താണ് എന്റെ മുൻപരിചയക്കാരനായ നമ്പൂതിരി എന്നെ ഫോണിൽ വിളിക്കുന്നത്. യൂറോപ്പിലോ അമേരിക്കയിലോ മറ്റോ ദീർഘകാലം ജോലി ചെയ്ത അദ്ദേഹം തികഞ്ഞ ലളിതജീവിതം നയിക്കുന്ന, വിവരമുള്ള ഒരു വ്യക്തിയാണ് . ഇപ്പോൾ പട്ടണത്തിൽ ഒരു ചെറിയ ഡിടിപി ഷോപ് നടത്തി ഒതുങ്ങിക്കൂടുന്നു.
നമ്പൂതിരിയുടെ പ്രശ്നം ഇതാണ്. മകളുടെ വിവാഹത്തോടനുബന്ധിച്ച് മുകളിലത്തെ നിലയിൽ ഒരു റൂം കൂടെ നിർമ്മിക്കണം. അതിന് എന്റെ അഭിപ്രായം അറിയണം. രണ്ടു മക്കളുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഇപ്പോൾത്തന്നെ മൂന്നു കിടപ്പുമുറികളുള്ളപ്പോൾ ഇനിയും നാലാമതൊരെണ്ണം നിർമ്മിക്കുന്നതിന്റെ ഔചിത്യം അന്വേഷിച്ചപ്പോഴാണ് സംഗതിയുടെ കിടപ്പുവശം പിടികിട്ടിയത് .
മെഡിക്കൽ വിദ്യാർത്ഥിനിയായ മകൾ ഉപയോഗിക്കുന്ന ബെഡ്റൂമിൽ എപ്പോഴും അസുഖകരമായ ഒരു ഗന്ധം അനുഭവപ്പെടുന്നു. തന്മൂലം വല്ലപ്പോഴും അവധിക്കുവരുന്ന മകൾ ഹാളിലാണ് കിടക്കാറ് .
കഥയിലെ വില്ലൻ കഥാപാത്രങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തി. തൊട്ടപ്പുറത്തെ വീട്ടിലെ തൊടിയിലുള്ള ചാണകക്കുഴി. അതിനുമപ്പുറം ഒരു തെങ്ങിൽ ബന്ധിച്ച എല്ലുന്തിയ ഒരു പശു. ചാണകക്കുഴി മാറ്റാനുള്ള അഭ്യർഥന അയൽക്കാരൻ ചെവിക്കൊണ്ടിട്ടില്ല, കേസിപ്പോൾ പഞ്ചായത്തിന്റെ പരിഗണനയിലാണ്. അയൽക്കാരനുമായുള്ള ബന്ധവും തകർന്നു.
പ്രാഥമിക പരിശോധനയിൽ തന്നെ ഒരു കാര്യം എനിക്ക് വ്യക്തമായി. അതായത് പത്തിരുപതു മീറ്റർ അകലെയുള്ള ആ ചാണകക്കുഴിക്ക് നമ്പൂതിരിയുടെ വീട്ടിൽ ദുർഗന്ധം നിറക്കാനുള്ള വ്യാപ്തമൊന്നുമില്ല.
കഥ നീട്ടിക്കൊണ്ടു പോകുന്നില്ല. കഥയിലെ യഥാർഥ വില്ലൻ മകളുടെ റൂമിലെ അറ്റാച്ഡ് ടോയ്‌ലറ്റ് ആയിരുന്നു . സ്ഥിരതാമസം ഇല്ലാത്ത കിടപ്പുമുറികളിലെ അറ്റാച്ഡ് ടോയ്‌ലറ്റ് മാസങ്ങളോളം ഫ്ലഷ് ചെയ്യാതിരിക്കുമ്പോൾ ക്ളോസറ്റിലെ വാട്ടർ സീൽ വറ്റിപ്പോകും, സെപ്റ്റിക് ടാങ്കിൽനിന്നും ദുർഗന്ധം റൂമിലെത്തും .
പക്ഷേ ഈ കഥയും വീട്ടുപണിയും തമ്മിലെന്ത് ബന്ധം ..?
ബന്ധമുണ്ട് .
മൂന്നാളുകളുള്ള വീട്ടിൽ ആറു ടോയ്‌ലറ്റ് പ്ലാൻ ചെയ്യേണ്ട ഗതികേട് എനിക്കുണ്ടായിട്ടുണ്ട്. വീട്ടിനുള്ളിൽ ടോയ്‌ലറ്റുണ്ടാക്കാൻ മത്സരമാണ് ചില മലയാളികൾക്ക്. എട്ടടി നീളവും അഞ്ചടി വീതിയുമുള്ള ഒരു ഇടത്തരം ടോയ്‌ലറ്റ് ഉണ്ടാക്കിത്തീരുമ്പോഴേക്കും ഉടമയുടെ പോക്കറ്റിൽനിന്നും ഏതാണ്ട് ഒന്നര ലക്ഷം രൂപ മിനിമം ചോർന്നിരിക്കും. ആഡംബര നിലവാരത്തിലേക്ക് പോയാൽ ഇത് മൂന്നോ നാലോ ലക്ഷം രൂപ ആവാൻ ഒരു ബുദ്ധിമുട്ടുമില്ല.
ടോയ്‌ലറ്റുകൾ വൃത്തിയായിരിക്കണമെന്നു മലയാളികൾക്ക് പൊതുവെയും, പ്രവാസികൾക്ക് പ്രത്യേകിച്ചും നിർബ്ബന്ധമാണ് . നാലഞ്ചു ടോയ്‌ലറ്റുകൾ വൃത്തികേടായി കിടക്കുന്നതിനേക്കാൾ നല്ലതാണ് രണ്ടോ മൂന്നോ ടോയ്‌ലറ്റുകൾ വൃത്തിയായി പരിപാലിക്കുന്നത് .
കർശ്ശനമായ ലബോറട്ടറി പരിശോധനകൾക്കു ശേഷമാണ് മലയാളികൾ പ്രവാസജീവിതം നയിക്കുന്ന മിക്കവാറും നാടുകളിൽ പൈപ്പുവെള്ളം ലഭിക്കുന്നത് . എന്നാൽ നാട്ടിലെ ജലവിതരണ ശൃംഖലയിലും വീടുകളിലെ കിണർ വെള്ളത്തിലും പലതരം ലവണങ്ങളും അടങ്ങിയിട്ടുണ്ട് . ഒരാഴ്ച ഫ്ലഷ് ചെയ്യാതിരുന്നാൽ ക്ളോസറ്റിനുള്ളിൽ കറ പിടിക്കുന്നത് ക്ളോസറ്റിന്റെ പ്രശ്നം കാരണമല്ല , വീട്ടിലെത്തുന്ന വെള്ളത്തിന്റെ പ്രശ്നം മൂലമാണ്.
ഇതറിയാതെ വീട്ടുടമസ്ഥന്മാർ ഹാർഡ്‌വെയർ കടക്കാരെ വിളിച്ചു വഴക്കുണ്ടാക്കിയ സംഭവം വരെ ഉണ്ടായിട്ടുണ്ട് . ആയിരങ്ങൾ വിലകൊടുത്തു വാങ്ങിയ ടാപ്പുകളിൽ കറ പറ്റുന്നതിനും കാരണം ഇതുതന്നെ. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ എത്രതന്നെ മെനക്കെട്ടാലും ഗൾഫു രാജ്യങ്ങളിൽ ടോയ്‌ലറ്റുകൾ പരിപാലിക്കുന്ന നിലവാരത്തിൽ ഇക്കാര്യം നാട്ടിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് . അതിനാൽ ടോയ്‌ലറ്റുകളുടെ എണ്ണം കുറയ്ക്കുന്നതാണ് പ്രായോഗികം.
ശരാശരി വലുപ്പമുള്ള ഒരു ടോയ്‌ലറ്റ് ഉരച്ചുകഴുകി വൃത്തിയാക്കാൻ ഏതാണ്ട് അര-മുക്കാൽ മണിക്കൂറെടുക്കും . ഇതൊന്നും ഏതെങ്കിലും ആർക്കിടെക്ച്ചർ പാഠപുസ്തകത്തിൽനിന്നും പഠിച്ചെടുത്ത ഡാറ്റ അല്ല. അബുദാബിയിലെ ഫ്ളാറ്റിലെ ടോയ്‌ലറ്റ് കഴുകി വൃത്തിയാക്കുമ്പോൾ മനസ്സിലാക്കിയ പാഠങ്ങളാണ് .
കുടുംബം നാട്ടിലില്ലാത്ത പ്രവാസികൾ ഈ പ്രശ്നങ്ങൾ മുന്നിൽ കണ്ടു വീടുപണി സംവിധാനം ചെയ്യുന്നതാവും ഉചിതം . കുറഞ്ഞപക്ഷം ഒന്നോ രണ്ടോ ടോയ്‌ലറ്റുകൾ മാത്രം ഉപയോഗയോഗ്യമാക്കാം . ബാക്കിയുള്ളവ നാട്ടിൽ സ്ഥിരതാമസം ആക്കുന്ന വേളയിൽ പണി തീർത്താൽ ബാത്റൂം ഫിറ്റിങ്ങുകൾ നശിച്ചുപോകുന്ന ഈ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാം.
കഴിവതും മുകൾനിലയിൽ ടോയ്ലെറ്റുകളുടെ എണ്ണം കുറക്കുക. പരിപാലനത്തിൽ പിന്നോക്കം നിൽക്കുന്നത് മിക്കവാറും മുകൾനിലയിലുള്ള ടോയ്‌ലറ്റുകളാണ്. ടോയ്‌ലറ്റുകളുടെ എണ്ണത്തിലല്ല , ഉള്ളവ എങ്ങനെ പരിപാലിക്കപ്പെടുന്നു എന്നതിലാണ് ഒരു വീടിന്റെ ആന്തരിക ഭംഗി ..
എന്തായാലും മൂന്നു മൂന്നര ലക്ഷം രൂപ ചെലവാക്കി ബാത്റൂം പണിക്കിറങ്ങിയ നമ്പൂതിരി കേവലം നൂറ്റമ്പതു രൂപയുടെ ഒരു റൂം ഫ്രഷ്നർ കൊണ്ട് പ്രശ്നം പരിഹരിച്ചു . പക്ഷേ അയൽക്കാരനുമായുള്ള പ്രശ്നം അദ്ദേഹം എങ്ങനെ പരിഹരിച്ചെന്ന് ഇന്നും എനിക്കറിയില്ല…
***
ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Foul Smell In Toilets- Problem Solved- Engineer Experience