ഉള്ളതെല്ലാം നുള്ളിപ്പെറുക്കി പണിത വീട്; മൂന്നാം വർഷം കേടുപാട്; അനുഭവം
Mail This Article
മൂന്നുവർഷം മുൻപ് ഒരവധിക്കാലത്തു നാട്ടിൽ ചെന്നപ്പോഴാണ് കബീർ എന്നെക്കാണാൻ വരുന്നത്. കബീർ എന്റെ പഴയൊരു പരിചയക്കാരനാണ്. ടൗണിൽ ഒരു തുണിക്കട നടത്തുകയാണയാൾ. അയാളുടെ ഒരു ബന്ധുവിന് വേണ്ടി ഞാൻ പണ്ടൊരു വീട് ഡിസൈൻ ചെയ്തു കൊടുത്തിട്ടുമുണ്ട്.
ആ പരിചയം വച്ച് സ്വന്തം വീടിന്റെ രൂപകല്പനക്കായി പിന്നീട് കബീർ എന്നെ വിളിച്ചിരുന്നു. ഞാൻ ഇങ്ങു അബുദാബിയിൽ ആയ കാരണം അത് നടന്നില്ല. വീട് മറ്റാരോ ഡിസൈൻ ചെയ്തു. നല്ല വീട്, നല്ല പ്ലാൻ. എന്നാൽ ഞാൻ ലീവിൽ നാട്ടിലുണ്ട് എന്നറിഞ്ഞു കബീർ എന്നെക്കാണാൻ വന്നത് വേറൊരു വിഷയവുമായാണ്.
മൂന്നോ നാലോ വർഷം മാത്രം പഴക്കമുള്ള അയാളുടെ വീട്ടിൽ ചുവരുകളിൽ ചില പൊട്ടലുകൾ രൂപപ്പെട്ടിരിക്കുന്നു. ഫൗണ്ടേഷൻ താഴ്ന്നതാണ് എന്നൊക്കെ ആരോ അദ്ദേഹത്തോട് പറയുകയും ചെയ്തിരിക്കുന്നു. ഒരു ആയുഷ്കാലത്തെ ഏറ്റവും വലിയ അധ്വാനഫലമായ വീടിനു കേടുപാട് സംഭവിക്കുക എന്നത് അത്യധികം വേദനാജനകമായ ഒരു കാര്യമാണ്. ആ വിഷമവും പേറി നടക്കുമ്പോളാണ് ആരോ പറഞ്ഞറിഞ്ഞു ഞാൻ നാട്ടിലുള്ള വിവരം അയാൾ അറിയുന്നത്.
സത്യത്തിൽ നാട്ടിലെത്തിയാൽ പിന്നീട് കാര്യമായ ജോലിയൊന്നും ചെയ്യാതിരിക്കുക എന്നതാണ് എന്റെ പ്രധാന അജണ്ട. നാട്ടുകാര്യങ്ങൾ അറിയാൻ വെറുതെ കവലയിൽ പോയിരിക്കുക, മഴയുള്ള രാത്രികളിൽ പാടത്തു മീൻ കോരാൻ പോവുക തുടങ്ങിയ പരിപാടികളും ചെയ്യാറുണ്ട്. ആ വീക്ക് പോയന്റിൽ തന്നെ കബീർ പിടികൂടി. സ്വന്തം വീട്ടിലോട്ടു വന്നു ഇക്കാര്യത്തിൽ ഒരഭിപ്രായം പറഞ്ഞാൽ തന്റെ കൈവശമുള്ള ഒരു 'കോരു വല' ഏതാനും ദിവസത്തേക്ക് മീൻപിടിക്കാൻ വേണ്ടി എനിക്ക് കടമായി തരാമെന്ന സുന്ദരമോഹനവാഗ്ദാനത്തിൽ ഞാൻ വീണു.
***
കെട്ടിടങ്ങളിലെ വിള്ളലുകളെപ്പറ്റി പ്രതിപാദിക്കുമ്പോൾ എന്റെ ഒരധ്യാപകൻ പറയാറുള്ളത് "യൂ ഷുഡ് വെഡ്ഡ് ദി ക്രാക്ക് "എന്നാണു. എന്നാൽ അദ്ദേഹം പറയുന്ന "വെഡ്ഡ്" വേറൊരർത്ഥത്തിലാണ്.
W-ഫോർ വിഡ്ത്. E -ഫോർ എക്സ്റ്റന്റ്. D-ഫോർ ഡെപ്ത്
അതായത് കെട്ടിടത്തിലെ ഒരു വിള്ളലിനെ പഠനവിധേയമാക്കുമ്പോൾ ആ വിള്ളലിന്റെ വീതി, വ്യാപ്തി , ആഴം എന്നിവയെ ആഴത്തിൽ ഗ്രഹിക്കണമെന്നാണ് അദ്ദേഹം അർത്ഥമാക്കിയത്.
കബീറിന്റെ വീട്ടിൽ ഞാൻ കണ്ട വിള്ളൽ മുഖ്യമായും മെയിൻ സ്ളാബിനു ഏതാണ്ട് താഴെക്കൂടി ഹൊറിസോണ്ടലായി കടന്നുപോകുന്ന രീതിയിലാണുള്ളത്. ഈ വിള്ളലിന് കാരണം ഫൗണ്ടേഷൻ താഴ്ന്നു പോയതല്ല. സംഗതി വേറെയാണ്. വലിയ കുഴപ്പമുള്ളതല്ല. വീട് നിർമ്മാണം നടക്കുന്ന വേളയിലാണെങ്കിൽ ഇതിനു പരിഹാരവും ഉണ്ടായിരുന്നു.
ബിറ്റുമിൻ പേപ്പർ എന്ന ചെറിയൊരു സൂത്രം. എന്നാൽ ബിറ്റുമിൻ പേപ്പറിനെക്കുറിച്ചു പറയും മുൻപേ കെട്ടിടങ്ങളുടെ വേറൊരു സവിശേഷതയെക്കുറിച്ചു നാം അറിഞ്ഞിരിക്കണം. തെർമൽ എക്സ്പാൻഷൻ എന്ന പ്രതിഭാസത്തെക്കുറിച്ച്. അതായത് അന്തരീക്ഷ താപനില വർദ്ധിക്കുന്നതിനനുസരിച്ചു നമ്മുടെ വീട്ടിലെ സ്ളാബുകളും ബീമുകളുമൊക്കെ അൽപം വികസിക്കും. അന്തരീക്ഷം തണുക്കുമ്പോൾ പഴയപടിയാവുകയും ചെയ്യും. എന്നാൽ ഈ വികാസ സങ്കോചങ്ങൾ നഗ്ന നേത്രങ്ങൾക്കു മനസിലാക്കാവുന്നതിലുമൊക്കെ ചെറുതാണ്.എന്നുകരുതി ഇതിനെ നിസ്സാരമായി അവഗണിക്കാനാവില്ല.
വേനൽക്കാലത്ത് സ്ളാബ് വികസിക്കുമ്പോൾ അത് പുറത്തോട്ടു നീങ്ങിവരും. എന്നാൽ സ്ളാബിനോട് ചേർന്ന് നിൽക്കുന്ന ചുവരിന് അങ്ങനെയങ്ങു പോകാൻ മനസ്സുണ്ടാവില്ല. അത് അവിടെത്തന്നെ ബലമായി ഉറച്ചുനിൽക്കും. ഈ രണ്ടു ബലങ്ങളും തമ്മിൽ ഒരേറ്റുമുട്ടൽ ഉണ്ടാകുമ്പോൾ സ്ളാബിനോട് ചേർന്ന് നിൽക്കുന്ന ഒരു വരി ഇഷ്ടികയോ, വെട്ടുകല്ലോ സഹിതം സ്ളാബ് പുറത്തോട്ടു പോകുന്നു , ഫലത്തിൽ ചുവര് പൊട്ടുന്നു.
ഇനി, ഈ വിള്ളൽ കണ്ടപാടെ പുട്ടിയോ സിമെന്റോ ഇട്ടു ഇത് അടച്ചുകളഞ്ഞു എന്നിരിക്കട്ടെ, മഴക്കാലമാകുമ്പോൾ പുറത്തോട്ടുപോയ സ്ളാബ് ചുവരിലോട്ടു പന്തടിച്ചപോലെ തിരിച്ചുവരും. അപ്പോഴും ചുവര് പൊട്ടും. ഈ പൊട്ടലിലൂടെ പുറത്തെ ചുവരിലടിക്കുന്ന മഴവെള്ളം വീട്ടിനകത്തു എത്താം. ചുവരിനോപ്പം വച്ച് സ്ളാബ് നിർത്തുന്ന കൊണ്ടമ്പററി ശൈലിയിലുള്ള വീടുകളിൽ ഇതിനുള്ള സാധ്യത വളരെ വളരെയാണ്. അതിനാൽ സ്ളാബുകൾ ചുവരിൽനിന്നും നാലോ അഞ്ചോ ഇഞ്ചു പ്രൊജക്‌ഷൻ നൽകി മാത്രം നിർമ്മിക്കുക.
ഇനി..സ്ളാബിന്റെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഈ പോക്കുവരവ് തടയാൻ സാധിക്കില്ല. ആകെ ചെയ്യാവുന്നത് അതിനെ ഒരു തടസ്സവുമില്ലാതെ പോയിവരാൻ അനുവദിക്കുക എന്നതാണ്. അതായത് ചുവരും , സ്ളാബും തമ്മിലുള്ള കൂട്ടിപ്പിടുത്തം പരമാവധി കുറക്കുക. സ്ളാബ് സ്ളാബിന്റെ പാട്ടിനു പോകട്ടെ എന്ന് വിചാരിക്കുക. ഇതിനുവേണ്ടി പല സാങ്കേതികവിദ്യകൾ ലഭ്യമാണെങ്കിലും കേരളത്തിൽ വീടുപണിയുന്ന ഒരു സാധാരണക്കാരനെ സംബന്ധിച്ചു ലഭ്യമായ ഒരു പരിപാടിയാണ് ഈ ബിറ്റുമിൻ പേപ്പർ.
ബിറ്റുമിൻ പേപ്പർ എന്നത് കാക്കി നിറത്തിലുള്ള, ഒൻപതിഞ്ച് വീതിയുള്ള അൽപം കനമുള്ള ഒരു കടലാസാണ്. പട്ടണത്തിലെ കടകളിൽനിന്ന് റോളുകളായി വാങ്ങാം. പത്തോ ഇരുനൂറോ രൂപയ്ക്കു ഒരു റോൾ വാങ്ങാം. വാർപ്പിനു തട്ടടിച്ചു കമ്പി നിർത്തുന്നതിനു മുൻപായി ചുവരുകൾക്കു മീതെ ഈ പേപ്പർ വിരിക്കണം. ശേഷം വാർക്കാം.
ഇവിടെ സ്ളാബിനും ചുവരിനും ഇടയിൽ ഈ പേപ്പർ വരുന്നതുകൊണ്ട് സ്ളാബിനു ചുവരിൽ കാര്യമായ ഒരു പിടി കാണില്ല. തന്മൂലം അതിനു താരതമ്യേന സ്വതന്ത്രമായ ചലനം സാധ്യമാകുന്നു, പൊട്ടൽ കുറയുന്നു (നൂറു ശതമാനം ഉണ്ടാകില്ലെന്ന് ഞാൻ അവകാശപ്പെടുന്നില്ല)ഇതാണ് ബിറ്റുമിൻ പേപ്പർ. ഇത്തരം വിള്ളലുകൾ നമ്മുടെ ഒട്ടുമിക്ക വീടുകളിലും സുലഭമായിക്കാണാം. ഇതൊരു ഭയപ്പെടേണ്ട കേസല്ല.
എന്നാൽ ചുവരിലെ വിള്ളലുകളെല്ലാംനിർദോഷകരമാണെന്ന് ഞാൻ പറഞ്ഞതിനർത്ഥമില്ല. അവയെ പഠനവിധേയമാക്കാതെ ഒരു നിഗമനത്തിലെത്തുകയും അരുത്. അതിനാൽ എന്റെ പ്രിയ ഗുരുനാഥന്റെ വാക്കുകൾ ഞാൻ കടമെടുക്കുന്നു.
"യൂ ഷുഡ് വെഡ്ഡ് ദി ക്രാക്ക് "
എന്തായാലും കബീറിന്റെ വീട്ടിലെ ചുവരിൽ ആ വിള്ളൽ ഇന്നുമുണ്ട്. പണ്ടുണ്ടായിരുന്ന ഭയം ഉപേക്ഷിച്ചു ആ വിള്ളലിനെ സ്വന്തം വീടിന്റെ ഭാഗമായിക്കാണാൻ അദ്ദേഹം പഠിച്ചിരിക്കുന്നു. അതുപോലെ അദ്ദേഹം അന്ന് തന്ന 'കോരുവല' തിരികെ നൽകാൻ ഇനിയും കഴിഞ്ഞിട്ടില്ല. പിന്നീട് ടൗണിൽ വച്ച് കണ്ടപ്പോഴൊക്കെ "അതവിടെ ഇരുന്നോട്ടെ "എന്ന മറുപടിയാണ് അദ്ദേഹം എനിക്ക് നല്കിയിട്ടുള്ളതും. ഇപ്പോൾ ആ കോരുവലയെ എന്റെ സ്വന്തമായിക്കാണാൻ ഞാനും പഠിച്ചിരിക്കുന്നു...
***
ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Cracks in Newly Built House- Reason- Malayali Experience