ഫൗണ്ടേഷൻ പണിക്കിടെ 'ശവം മറവുചെയ്ത പോലെ ഒരുകുഴി'; കുഴഞ്ഞ പ്രശ്നം പരിഹരിച്ച കഥ
Mail This Article
പത്തുപതിനെട്ടു കൊല്ലം മുൻപുള്ള ഒരു സംഭവമാണ്. ഞാനന്നു നാട്ടിൽ ചില്ലറ പ്ലാൻ വരപ്പും സൂപ്പർവിഷനും ഒക്കെയായി നടപ്പാണ്. അങ്ങനെയാണ് ഏതാണ്ട് പത്തുമണിയോടെ വർക്ക് നടക്കുന്ന ഒരു സൈറ്റിൽ എത്തുന്നത്. ബാങ്കിൽ ജോലിയുള്ള ഒരു ചേട്ടന്റെ വീടാണ്. ഫൗണ്ടേഷന്റെ കുഴി എടുക്കുകയാണ്.
കുറെ ആളുകൾ കൂടി നിൽക്കുന്നു , ഉടമയുടെ ഭാര്യയും പരിഭ്രമിച്ച മുഖത്തോടെ സ്ഥലത്തുണ്ട്. ഫൗണ്ടേഷൻ ട്രഞ്ച് കീറുമ്പോൾ ഒരു കുഴി കണ്ടെത്തിയിരിക്കുന്നു. ഏതാണ്ട് ആറടി നീളം, രണ്ടു രണ്ടര അടി വീതി, അഞ്ചടിയോളം ആഴം . ഒരാളെ അടക്കം ചെയ്യാൻ കൃത്യം അളവുകളുള്ള ഒരു കുഴി. എന്നാൽ അസ്ഥിയോ മറ്റോ കിട്ടിയിട്ടുമില്ല. പക്ഷേ ഏഷണിക്കാരിലൂടെ നാട്ടിൽ വാർത്തപരന്നു.
ആളുകൂടി അഭിപ്രായങ്ങൾ നിരന്നു. അവിടെ അടക്കം ചെയ്തത് വസൂരി പിടിച്ചു മരിച്ച പുരുഷനെയാണെന്നും അല്ല ഒരു സ്ത്രീയാണെന്നും വാദപ്രതിവാദങ്ങൾ ഉണ്ടായി. ഒരുരക്ഷയുമില്ല, പരേതന്റെ അധാർകാർഡിന്റെ നമ്പർ കൂടി അറിയുന്നവരാണ് മുന്നിൽ നിൽക്കുന്നത്. വീടുപണി നിർത്തുന്നതാണ് നല്ലതെന്നും പരിഹാരക്രിയ നടത്തുന്നതാണ് ഉചിതമെന്നും അഭിപ്രായം ഉയർന്നു.
സംഭവം അറിഞ്ഞു ഉടമയും, കൂട്ടുകാരും വന്നിട്ടുണ്ട്. അദ്ദേഹമാണെങ്കിൽ ആകെ തകർന്ന മട്ടാണ്. വിവരം പോലീസിനെ അറിയിക്കണമെന്നും അഭിപ്രായം വന്നു. ഒരു വിധത്തിൽ ധൈര്യം സംഭരിച്ചു കൂട്ടിനിൽക്കുന്ന ആളുകളുടെ ഇടയിലേക്ക് ഞാനൊരു ചോദ്യമെറിഞ്ഞു.
" ഇതൊരു ശവം മറവു ചെയ്ത കുഴിയാണെന്നു ആരാണ് പറഞ്ഞത് ..? "
കൃത്യമായി ഒരു വ്യക്തി ഇല്ല, സാഹചര്യം വച്ചങ്ങു കാച്ചിയതാണ്, കേട്ടുകേൾവിയും ഉണ്ട്...
പക്ഷേ അത് പോരാ ..
ഉടമയുടെയും കുടുംബത്തിന്റെയും മനസ്സിലെ ആധി എന്നെന്നേക്കുമായി പിഴുതു കളയണം.
ഒറ്റ വഴിയേ ഉള്ളൂ...
"നമ്മുടെ നാട്ടിൽ ശവമടക്കുചെയ്യുമ്പോൾ തെക്കുവടക്കായാണ് കുഴിയെടുക്കാറ്. ഇവിടെ കുഴിയുടെ നീളം കിഴക്കുപടിഞ്ഞാറാണ്. ഇതൊരു ശവം മറവുചെയ്ത കുഴിയല്ല . പഴയൊരു കക്കൂസുകുഴിയാണ്."
സംഗതി ഫലിച്ചെന്ന് തോന്നുന്നു.
ഒന്നുകൂടി കടുപ്പിച്ച് ഒരു കൊച്ചിൻ ഹനീഫ സ്റ്റൈലിൽ ഞാൻ ചോദിച്ചു:
" ഇവിടെ ശവം മറവു ചെയ്തെന്നു കൃത്യമായി അറിയുന്ന ആരാണുള്ളത് ..? (കുത്തി കൊടലെടുക്കും എന്ന് പറഞ്ഞില്ല എന്ന് മാത്രം)
ഒരാളുമില്ല. എല്ലാവരും സ്ഥലം വിട്ടു ..
"ഇത് കക്കൂസുകുഴിയാണ് മൂന്നുതരം, പണി നടക്കട്ടെ"..
പണി നടന്നു.. പണി കഴിഞ്ഞു..
ബാങ്ക് ജീവനക്കാരനായിരുന്ന ഉടമ മാനേജരായി, ഒരു മകൾക്ക് സർക്കാർ ക്വോട്ടയിൽ മെഡിസിന് അഡ്മിഷൻ കിട്ടി, രണ്ടാമത്തെയാൾ മറ്റൊരു വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നു. ഇന്നൊരുപക്ഷേ ആ കുഴിയുടെ കാര്യമേ അവർ മറന്നുകാണും.
***
'നീർക്കോലി കടിച്ചാൽ മതി അത്താഴം മുടങ്ങാൻ' എന്നുപറയുന്നതുപോലെ വീടുപണിക്കിടയിൽ ഇതുപോലെ എന്തെങ്കിലും 'കുഴികൾ' മതി വീട്ടുകാരെ വാരിക്കുഴിയിൽ ചാടിക്കാൻ. ഇതുപോലെയുള്ള കാര്യത്തിൽ വിശ്വാസത്തിനാണോ പ്രയോഗികതയ്ക്കാണോ നിങ്ങൾ മുൻഗണന കൊടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള കാര്യങ്ങൾ...
ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Suspected Burial Trench in House Construction Site- Experience