ADVERTISEMENT

ചെലവുകുറഞ്ഞ കെട്ടിട നിർമാണ രീതികൾ കേരളത്തിന് പരിചയപ്പെടുത്തിയതിൽ കോസ്റ്റ്ഫോഡിന് അതിപ്രധാനമായൊരു റോൾ തന്നെയുണ്ട്. കുറഞ്ഞ രീതിയിൽ കെട്ടിടനിർമാണം പൂർത്തിയാക്കാനായി കോസ്റ്റ്ഫോഡ് വികസിപ്പിച്ചെടുത്ത ചില സാങ്കേതിക വിദ്യകളുണ്ട്. വീടിന് തറയെടുക്കുന്നതു മുതൽ നിർമാണം പൂർത്തിയാവും വരെയുള്ള ഘട്ടങ്ങളിൽ ഇത്തരം മാർഗങ്ങൾ അവലംബിച്ചാൽ ചെലവ് നാൽപ്പതു ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.

 

തറയെടുക്കൽ

തറയെടുക്കുന്നത് ഒന്നര അടി വീതിയിൽ മതിയെന്നാണ് കോസ്റ്റ് ഫോഡിന്റെ നിരീക്ഷണം. അനാവശ്യമായി കൂടുതൽ സ്ഥലമെടുത്ത് നീട്ടി തറ പണിതിട്ട് പ്രത്യേകിച്ച് പ്രയോജന മൊന്നുമില്ല എന്നാണ് വിദഗ്ധാഭിപ്രായം. പുറത്തേക്ക് ‘വലി വിട്ട്’ തറയെടുക്കുന്നത് അധികച്ചെലവിനും കാരണമാവും. മാത്രമല്ല, വലിയ കുഴികളുടെ ആവശ്യവും വരുന്നില്ല. കുഴിയെടുക്കുന്ന മണ്ണ് വീടിനുള്ള സ്ഥലത്തിനകത്തേക്കിടാം. പുറത്തേക്കിട്ട് പിന്നീട് അകത്തേക്കുതന്നെ കോരിയിട്ട് ഫില്ലിങ് നടത്തേണ്ടി വരുമ്പോൾ ചെലവും ഇരട്ടിയാവും. അടിത്തറയിൽ കരിങ്കല്ലിട്ട് കല്ലുകൾക്കിടയിലെ ഭാഗം കുമ്മായമോ ചളി മണ്ണോ ഇട്ട് നിറയ്ക്കുന്നതാണ് കോസ്റ്റ്ഫോഡ് രീതി. ഉറപ്പുള്ള മണ്ണാണെങ്കിൽ ഇതുവഴി തറയിലെ കട്ടിയേറിയ കോൺക്രീറ്റിങ് ഒഴിവാക്കാനും സാധിക്കും.

10-lakh-home-thrissur

 

ചുമർ

ചുടുകട്ടയിലോ മണ്ണിലോ സാന്‍ഡ് ലൈം ബ്ലോക്കിലോ ആണ് ചുവരുകള്‍ നിർമിക്കുന്നത്. ഇഷ്ടിക സൈസ് 9x4, 5x3 ഇഞ്ച് ആകുന്നതാണ് ഉത്തമം. കൈയിലൊതുങ്ങുന്നതാകണം. ഒറ്റനിലവീടിന് ഫൗണ്ടേഷന്റെ നടുവിൽനിന്ന് ഇഷ്ടിക പണി തുടങ്ങേണ്ട ആവശ്യമില്ല. ഫൗണ്ടേഷൻ വാളിന്റെ പുറംഭാഗത്തുനിന്നു മാത്രമേ ഒമ്പതിഞ്ച് വീതിയിൽ ചുമർ നിർമിക്കേണ്ടതുള്ളൂ. പുറത്തേക്കു തള്ളിനിന്ന് കരിങ്കൽ ഫൗണ്ടേഷന് ബലക്ഷയം സംഭവിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.

18-lakh-house-thrissur-ext-JPG



നിർമാണം

റാറ്റ് ട്രാപ്പ് (എലിക്കെണി) രീതിയിലുള്ള നിർമാണരീതിയാണ് കോസ്റ്റ് ഫോഡ് സ്വീകരിക്കുന്നത്. ഇതിലൂടെ 25 ശതമാനം ഇഷ്ടിക ലാഭിക്കാം. ലംബമായി നിരത്താവുന്ന മൂന്നുവരി ഇഷ്ടിക സ്പെയ്സിൽ രണ്ട് വരി പണിത് നടുവിലെ സ്പെയ്സ് ഒഴിച്ചിടുന്ന രീതിയാണ് ഇത്. ദീർഘചതുരാകൃതിയിലായിരിക്കും ഒഴിച്ചിട്ട സ്ഥലം. വായുസഞ്ചാരം മുറിക്കുള്ളിൽ യഥേഷ്ടമുണ്ടാവുമെന്ന ഗുണം കൂടി ഇതിനുണ്ട്. ഭിത്തിക്കുള്ളിൽ വായു തങ്ങി നിൽക്കാനുള്ള അറകൾ ഉള്ളതുകൊണ്ട് വീടിനകത്തേക്ക് വരുന്ന ചൂട് കുറവായിരിക്കുകയും ചെയ്യും.

10-lakh-home-thrissur-living

വായുസഞ്ചാരം ഉണ്ടാകുന്ന രീതിയിൽ കുത്തനെയും ലംബവുമായ ഇഷ്ടികകൾ ഒഴിവാക്കി ഗ്യാപ് ഇട്ടും ചുവർ നിർമിക്കാം. ജനലിന്റെ ആവശ്യം ഒഴിവാക്കി അതിനുവേണ്ട മരം, ഗ്ലാസ്, മറ്റു ചെലവുകൾ എന്നിവ ലാഭിക്കുകയും ചെയ്യാം. വേണമെങ്കിൽ ഗ്ലാസ് ഇട്ടും മനോഹരമാക്കാൻ സാധിക്കും.

 

ഇഷ്ടിക വിരിക്കൽ

തൃശൂർ എടമുട്ടം സ്വദേശി അശോകന്റെ ഈ വീടിനു ചെലവായത് വെറും 10 ലക്ഷം രൂപയാണ്.
തൃശൂർ എടമുട്ടം സ്വദേശി അശോകന്റെ ഈ വീടിനു ചെലവായത് വെറും 10 ലക്ഷം രൂപയാണ്.

ഒരെണ്ണം കിടത്തിയും അടുത്തത് എതിർ ദിശയിൽ ലംബമായി വച്ചുമാണ് ഇഷ്ടിക നിരത്തുന്നത് (ക്രോസ് സെക്ഷൻ രീതി യിൽ). ഇതേ രീതിയിൽ നിരത്തുംവിധം ചുമരിന്റെ നീളം നോക്കി ആവശ്യമായ കട്ടകള്‍ തിരഞ്ഞെടുക്കാം. മുഴു ഇഷ്ടിക അധികമായി വരുമ്പോൾ ചെറു ഇഷ്ടികകളാക്കി ഗ്യാപ് ഫിൽ ചെയ്യേണ്ടതില്ല. ഇഷ്ടികകൾ തമ്മിലെ ബോണ്ടിങ്ങിനെ ഇത് ബാധിക്കും. ഇടയ്ക്ക് സ്പെയ്സ് ഇട്ട് ഗ്യാപ് ക്രമീകരിക്കാം. ആദ്യം കുമ്മായമിട്ട് നിരപ്പാക്കി മുകളിൽ ഇഷ്ടിക വയ്ക്കുക. ഇടയ്ക്കുള്ള സ്പെയ്സിൽ കുമ്മായമിട്ട് ലെവൽ ചെയ്യാം.



10-lakh-house-thrissur-hall-JPG

പോയിന്റിങ്

കോസ്റ്റ്ഫോഡ് നിർമാണ രീതിയിൽ പ്ലാസ്റ്ററിങ്ങും പെയിന്റിങ്ങും വേണ്ട. പകരം പോയിന്റിങ്ങും പാച്ചിങ്ങുമാണ് നൽകുന്നത്. ചുമർ നിർമിക്കുന്നതോടൊപ്പം കുമ്മായത്തിൽ മിനുക്കു പണികൾ നടത്തിയാൽ പിന്നീട് ഇതിനുവേണ്ടി സമയം കണ്ടെത്തേണ്ടതായും വരുന്നില്ല. നിരപ്പ് ശരിയാക്കി ലൈൻ കൊടുത്ത് ചുവർപണി അവസാനിപ്പിക്കാനും സാധിക്കും.

 

ബ്രിക് ലിന്റൽ

നാല് അടി വീതിയിലുള്ള ജനലോ വാതിലോ നിർമിക്കാനായി കോൺക്രീറ്റ് സ്റ്റീൽ ലിന്റുകൾ ഒഴിവാക്കാം. പകരം കോസ്റ്റ് ഫോഡ് മുന്നോട്ട് വയ്ക്കുന്ന സാങ്കേതികവിദ്യ ഇതാണ്. ജനൽ–വാതിൽ ഫ്രെയിമുകളുടെ മുകളിലായി ഒരു വരി ഇഷ്ടിക വീതി ഭാഗം മുഖം വരുംവിധം നിരത്തുക. മുകളിലായി ഇഷ്ടിക ചെരിച്ച് നീളനെ പണിയുക. മൂന്നുവരി ഇഷ്ടിക സ്ഥലത്ത് നടുഭാഗം ഒഴിച്ച് ഇരുവശത്തും വിരിക്കുക. നടുവിൽ രണ്ട് റോഡ് സ്റ്റീൽ കമ്പിയിട്ട് കോൺക്രീറ്റ് ചെയ്യുക. ഇത്തരത്തിൽ നിർമാണം ക്രമീകരിച്ചാൽ ചെലവ് പകുതിയായി കുറയുകയും കാണാൻ അഴകുണ്ടാവുകയും ചെയ്യും. ഇവ ആർച്ച് രൂപത്തിലും ഫ്ളാറ്റ് രൂപത്തിലും സെഗ്മെന്റഡ് രൂപത്തിലും കോർബെൽഡ് ആർച്ച് രൂപത്തിലും പണിയാം. മണ്ണ് തേച്ച് പണിയുന്ന വീടുകൾക്ക് ഏറെ യോജിച്ച നിർമിതിയാണിത്. കോർബെൽ ആർച്ചുകളാണ് ഇത്തരത്തിൽ ചെലവ് ഏറെ കുറഞ്ഞവ. ഇഷ്ടികയുടെ 2.25 ഇഞ്ച് താഴത്തെ ഇഷ്ടിക യെക്കാൾ പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയാണിത്.



മേൽക്കൂര

ഫില്ലർ സ്ലാബുകളാണ് മേൽക്കൂരയ്ക്കായി ഉപയോഗിക്കുന്നത്. തട്ടടിച്ച് കോൺക്രീറ്റിൽ ഓട് പതിപ്പിച്ചുള്ള നിർമാണമാണിത്. ചെലവ് ഏറെ കുറവാണെന്നതിന്റെ മെച്ചം. കോൺക്രീറ്റി ന്റെയും കമ്പിയുടെയും ഉപയോഗം കുറയ്ക്കുന്നതിലൂടെയാണ് ലാഭമുണ്ടാകുന്നത്. ഭാരം കുറവായതിനാൽ വളരെ കുറച്ചു മർദമേ ഇവ ഭിത്തിക്ക് ഏൽപ്പിക്കുന്നുള്ളൂ. ഇത് വീടിന്റെ ആയുസ്സ് വർധിപ്പിക്കുകയും ചെയ്യും.



മുളയുടെ ഉപയോഗം

വാർക്കാൻ മുളകൾ ഉപയോഗിക്കുന്ന പതിവുണ്ട്. ട്രീറ്റ് ചെയ്തെടുത്ത മുളകമ്പിക്കു പകരമായി ഉപയോഗിച്ച് കോസ്റ്റ് ഫോഡ് വീടുകൾ പണിയുന്നു. ജനാലകൾക്കു പകരം ജാളി വർക്ക് ഉപയോഗിക്കുന്നതും പഴയ തടി പുനരുപയോഗിക്കുന്നതും ബയോഗ്യാസ് ഉപയോഗിക്കുന്നതും കോസ്റ്റ്ഫോഡ് പ്രകൃതിയോടു ചേർന്നു വീടു നിർമിക്കുന്നതിന്റെ ഉദാഹരണ ങ്ങളാണ്.


English Summary- Costford Eco friendly Sustainable Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com