ADVERTISEMENT

ഈയടുത്തകാലത്താണ് എന്റെ ഒരു അനന്തരവൻ സിവിൽ എൻജിനീയറിങ് പരീക്ഷ പാസായത്. സംഗതി സ്വന്തം അമ്മാവനായതിനാലും, ഈ വിഷയത്തിൽ വർഷങ്ങൾക്ക് മുൻപേ കളരിയിൽ ഇറങ്ങിയ ആളായതിനാലും ചെറുക്കൻ എന്നെ വന്നു കണ്ടു, കാര്യങ്ങളൊക്കെ വിശദീകരിച്ചു.

അനന്തരവന്മാർ പരീക്ഷ പാസായി വന്നാൽ അമ്മാവന്മാർ ആദ്യമായി ചെയ്യേണ്ടത് അനുഗ്രഹിക്കുക, പിന്നെ നന്നായി ഒന്ന് ഉപദേശിക്കുക എന്നതാണ്. കാലകാലാന്തരങ്ങളായി ലോകമെമ്പാടുമുള്ള അമ്മാവൻമാർ പിന്തുടർന്നു പോകുന്ന ഈ പരിപാടി താരതമ്യേന ചെലവുകുറഞ്ഞതും, കായികാധ്വാനം ഇല്ലാത്തതുമായ ഒരേർപ്പാടായതിനാൽ ഞാനും പയ്യനെ നന്നായൊന്ന് ഉപദേശിച്ചു.

"നീ അമ്മാവന്റെയും, ഈ തച്ചോളി തറവാടിന്റെയും മാനം കാത്തു. എന്നാൽ ഇത് പോരാ, പയറ്റിത്തെളിയണം, മെയ്യ്‌ കണ്ണാവണം, കണ്ണ് മെയ്യാവണം, അതിനായി ഇന്ത്യയിലെ ഏതെങ്കിലും നല്ലൊരു കോളേജിൽ നിന്നും സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം എടുക്കണം" 

അപ്പോഴാണ് ചെറുക്കൻ തന്റെ മനസ്സിലിരുപ്പ് പുറത്തെടുക്കുന്നത്.

"എനിക്ക് വിദേശത്തു പോയി കെട്ടിടങ്ങൾ ഒക്കെ പൊളിച്ചെടുക്കുന്ന ബിൽഡിങ് ഡിമോളിഷൻ പഠിക്കണം എന്നാണാഗ്രഹം, അമ്മാവൻ ഇവിടെ ഉണ്ടാക്കിയ കെട്ടിടങ്ങളൊക്കെ സുരക്ഷിതമായി പൊളിച്ചെടുക്കാനും ആരെങ്കിലും വേണമല്ലോ" 

അത് കേട്ടതോടെ അമ്മാവൻ നെഞ്ചും തിരുമ്മി പൂമുഖത്തെ ചാരുകസേരയിലേക്കു വീണു, അനന്തരവൻ ഒരു മൂളിപ്പാട്ടും പാടി അകത്തോട്ടും പോയി. ആ കിടപ്പിലാണ് ഞാൻ ചില കാര്യങ്ങൾ ആലോചിച്ചത്. ചെറുക്കൻ പറഞ്ഞതിലും കാര്യമുണ്ട്.

കാരണം ഈയടുത്ത ദിവസമാണ് ഒരു ഫെയ്സ്ബുക് സുഹൃത്ത് തന്റെ ഫ്‌ളാറ്റിന്റെ ചില ചിത്രങ്ങൾ എനിക്കയച്ചുതന്നത്. കേവലം ഇരുപത്തി നാല് വർഷം മാത്രം പഴക്കമുള്ള ഒരു കെട്ടിടം. ഏതാണ്ട് പൂർണ്ണമായും ജീർണ്ണിച്ച, അപകടകരമായ അവസ്ഥയിലാണ് അതിന്റെ നിൽപ്പ്.

ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല. എന്റെയും നിങ്ങളുടെയും കഥയാണ്. കേരളം ഏതാണ്ടൊരു കോൺക്രീറ്റ് കാട് ആയി മാറിയിട്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ടെങ്കിലും ആയി. അതിനും മുൻപുള്ള പല കെട്ടിടങ്ങളും പതിയെ അവയുടെ ജീർണ്ണാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, പലതും പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുന്നു.

ഇപ്പോൾ ഇത് ചെറിയൊരു പ്രക്രീയ മാത്രമാണ്. എന്നാൽ ഏതാനും വർഷം കഴിയുന്നതോടെ ഈ ജീർണ്ണാവസ്ഥ പ്രാപിക്കുന്ന കെട്ടിടങ്ങളുടെയും, പൊളിച്ചു നീക്കലിന്റെയും തോത് കൂടും. വിശേഷിച്ച് ഇപ്പോൾ ചെറുപ്പക്കാർ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന ട്രെൻഡാണല്ലോ. ഇവരുടെ നാട്ടിലെ വീടുകൾ പത്തിരുപത് വർഷം കഴിയുമ്പോൾ ആൾതാമസവും കൃത്യമായ പരിപാലനവുമില്ലാതെ ക്ഷയോന്മുഖമാകും. അന്ന് വലിയതും ചെറിയതുമായ അനേകം കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടിവരും. ഗൾഫിൽ അറബികൾ പൊളിച്ചു നീക്കുന്നുണ്ടല്ലോ, പിന്നെ എന്താണ് നമുക്ക് പൊളിച്ചു നീക്കിയാൽ എന്ന് ചോദിക്കുന്നവർ ഉണ്ടാകാം.

അനിയാ, നിൽ. ഗൾഫ് അല്ല കേരളം. പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളുടെ മാലിന്യങ്ങൾ മുഖ്യമായും ഫില്ലിങ് ജോലികൾക്കാണ് ഗൾഫിൽ ഉപയോഗപ്പെടുത്തുന്നത്. മാത്രമല്ല, ഇതൊക്കെ കൊണ്ടുപോയി ഡംപ് ചെയ്യാൻ അവർക്കു മരുഭൂമി ഉണ്ട്.

സ്വന്തം വീട്ടിലെ ഭക്ഷണത്തിന്റെ വേസ്റ്റ് കൊണ്ടുപോയി ഇടാൻ സ്ഥലമില്ലാത്ത മലയാളി ഒരു വീടിന്റെ കോൺക്രീറ്റും, ടൈൽസും, സ്റ്റീലും ഒക്കെ അടങ്ങിയ മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും ..?

കണ്ടറിയണം കോശി..

ഇത് ചെറിയ കെട്ടിടങ്ങളുടെ കാര്യമാണ്. മുൻപ് പറഞ്ഞപോലെ കേരളത്തിലെ മൂന്നു വൻ നഗരങ്ങളിൽ അടക്കം പല പട്ടണങ്ങളിലായി ഉയർന്നു നിൽക്കുന്ന ബഹുനില കെട്ടിടങ്ങൾ അപ്പോഴും ബാക്കിയാണ്. ഇവയിൽ പലതും ആയുസ്സിന്റെ ഷഷ്ടിപൂർത്തി പിന്നിട്ടവയാണ്. അതായത് ഏതാണ്ട് ഒന്നോ രണ്ടോ ദശകങ്ങൾക്കിടയിൽ കേരളത്തിൽ ബഹുനില കെട്ടിടങ്ങൾ തകർന്നു വീഴുന്ന സംഭവങ്ങൾ പ്രതീക്ഷിക്കാം എന്നർത്ഥം.

ചുമ്മാ പറയുന്നതല്ല. ബോംബെയിൽ ഒക്കെ ഓരോ മഴക്കാലത്തും കോൺക്രീറ്റ് കെട്ടിടങ്ങൾ തകർന്നു വീഴുന്നത് നാം വായിച്ചു മറന്നുപോകുന്ന വാർത്തകളാണ്.

ബോംബെക്കാർ പതിവായി ചപ്പാത്തിയാണ് കഴിക്കുന്നത് എങ്കിലും ഭൂമിശാസ്ത്രപരമായി നാം എല്ലാം ഏതാണ്ട് ഒരേ കാലാവസ്ഥാ മേഖലയിൽ ആണ്. നിലവിൽ അവിടെ മാത്രം എന്തുകൊണ്ട് കെട്ടിടങ്ങൾ തകർന്നു വീഴുന്നു എന്ന് ചോദിച്ചാൽ അവിടെ ഉള്ള കെട്ടിടങ്ങൾ ആദ്യം ഉണ്ടാക്കിയവയാണ് എന്ന് മാത്രമാണ് ഉത്തരം. അതിനാൽ എന്റെ അനന്തരവൻ അടക്കമുള്ള പുതുതലമുറ എൻജിനീയർമാർക്ക് വരുംകാലത്തു കേരളത്തിൽ ബിൽഡിങ് ഡിമോളിഷൻ ടെക്നൊളജിയുമായി ബന്ധപ്പെട്ട ജോലികളിൽ സ്കോപ്പുണ്ട് എന്നർത്ഥം.

നമുക്ക് വീണ്ടും പഴയ വിഷയത്തത്തിലേക്കു വരാം. അനന്തരവൻ അവന്റെ വഴിക്കു പോട്ടെ.

കേരളത്തിലെ പല കോൺക്രീറ്റ് കെട്ടിടങ്ങളും ജീര്ണാവസ്ഥയിൽ ആണെന്ന് നാം പറഞ്ഞു. എന്നാൽ പുറമെ കാണുന്നതിലും ഭീകരമാണ് പല കെട്ടിടങ്ങളുടെയും ഭൂമിക്കടിയിൽ ഉള്ള ഫൗണ്ടേഷനുകളുടെ അവസ്ഥ എന്നതാണ് വാസ്തവം. കാരണമുണ്ട്, പറയാം.

കേരളം എന്ന നമ്മുടെ സംസ്ഥാനം പൊതുവെ വാട്ടർ ടേബിൾ ഉയർന്നു നിൽക്കുന്ന സ്ഥലമാണ്. വർഷത്തിൽ നല്ലൊരു സമയവും ഈ ഫൗണ്ടേഷനുകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയോ, ബാക്കിയുള്ള സമയങ്ങളിൽ ഈർപ്പം പിടിച്ചിരിക്കുന്ന അവസ്ഥയിലോ ആണ്.

കോഴിക്കോട്ടും, കൊച്ചിയും, തിരുവനന്തപുരവും അടക്കമുള്ള നമ്മുടെ മൂന്ന് വൻ നഗരങ്ങളും കടലിനോട് ചേർന്ന് കിടക്കുന്നവയാണ്. അവിടെ കാര്യങ്ങൾ ഒന്നുകൂടി ചക്ക കുഴയുന്നപോലെ കുഴയും. കാരണം അവിടങ്ങളിൽ ഉപ്പിന്റെ സാന്നിധ്യമുള്ള വെള്ളമാണുള്ളത്. കോൺക്രീറ്റിനകത്തെ സ്റ്റീൽ തുരുമ്പിച്ചു പോകാൻ ഇതിലപ്പുറം നല്ലൊരു സാഹചര്യം ഇല്ല.

മാത്രമല്ല, ഈ തുരുമ്പിനെ പ്രതിരോധിക്കാൻ കഴിവുള്ള കൊറോഷൻ റെസിസ്റ്റന്റ്‌ സ്റ്റീൽ ഉപയോഗിക്കുന്ന പരിപാടിക്കോ, ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കാനോ നമ്മളിൽ ഒട്ടുമിക്കപേരും തയ്യാറുമല്ല. നമുക്ക് ഭംഗി മതി. വാസ്തുവിദ്യക്കാരന്റെ ശുഭം എന്ന അനുഗ്രഹം കൂടിയായാൽ ഭേഷായി. 'ഇതൊക്കെ വലിയ വലിയ കെട്ടിടങ്ങളുടെ കാര്യമല്ലേ ചേട്ടാ, ചെറിയ ചെറിയ വീടുകൾ പണിയുന്ന നമുക്കിതിൽ എന്ത് കാര്യം' എന്നൊക്കെ ചിന്തിക്കുന്നവർ കാണും. എന്നാൽ അങ്ങനെയല്ല.

കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു ട്രെൻഡ് ഉണ്ട്. കൊച്ചു വീടുകൾക്ക് പോലും കോൺക്രീറ്റ് അടിത്തറ റെക്കമെന്റു ചെയ്യുന്ന ഒരു പ്രവണത നമ്മുടെ എൻജിനീയർമാരുടെ ഇടയിൽ കാണപ്പെടുന്നുണ്ട്. ഞാൻ രൂപകൽപ്പന ചെയ്യുന്ന പല കെട്ടിടങ്ങളിലും ഇതിന്റെ പേരിൽ സ്ഥിരമായി എനിക്ക് അടിയുണ്ടാക്കേണ്ടിയും വരാറുണ്ട്. കോൺക്രീറ്റ് അടിത്തറ വേണം. എന്നാൽ അത് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രം ആയിരിക്കണം.

കേരളത്തിന്റെ നല്ലൊരു ശതമാനം ഭാഗത്തും കരിങ്കല്ലോ, വെട്ടുകല്ലോ ഉപയോഗിച്ചുള്ള അടിത്തറകൾ ധാരാളമാണ്, നമ്മുടെ സാധാരണ വീടുകൾക്ക്. കാരണം കരിങ്കല്ലും, വെട്ടുകല്ലും ഒക്കെ കോടാനുകോടി വർഷമായി മണ്ണിനടിയിൽ കിടക്കുന്ന പദാർഥങ്ങളാണ്. ഇനിയും ഒരു പത്തുലക്ഷം വർഷം അവിടെത്തന്നെ കിടന്നാലും അവയ്ക്കു ഒരു ചുക്കും സംഭവിക്കില്ല. എന്നാൽ കോൺക്രീറ്റ് അങ്ങനെയല്ല. അത് മനുഷ്യ നിർമ്മിതമാണ്. അതിന്റെ ആയുസ്സ് പ്രകൃതിജന്യ വസ്തുക്കളെ അപേക്ഷിച്ചു നോക്കുമ്പോൾ നന്നേ കുറവാണ്.

പ്രകൃതിജന്യ വസ്തുക്കൾക്ക് വില കുറയും, പിന്നീട് ഏതെങ്കിലും കാലത്ത് പുനരുപയോഗിക്കുകയും ചെയ്യാം. ഇതൊക്കെ എൻജിനീയർമാർ നിങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. അതിനാണ് അവർക്കു ചോദിക്കുന്ന ഫീസ് കൊടുക്കുന്നത്. അത് അമ്മാവൻ എൻജിനീയർ ആയാലും ശെരി, അനന്തരവൻ എൻജിനീയർ ആയാലും ശരി...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- Demolition of Buildings and Future of Houses in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com