ADVERTISEMENT

വീടുപണിയിൽ എത്ര ജാഗ്രത പുലർത്തിയാലും അബദ്ധങ്ങളും തെറ്റുകളും ഉണ്ടാകാറുണ്ട്. ഇവ പങ്കുവയ്ക്കുന്നത് പുതിയതായി വീടുപണിയാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് ഗുണപാഠമായി ഉപകാരപ്പെടുത്താം. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് പാലക്കാട് സ്വദേശിയായ പ്രശാന്ത് രവീന്ദ്രൻ.

വീടുപണിയാൻ കൊടുത്ത് പകരം വയറുനിറയെ പണിവാങ്ങിയ വ്യക്തിയാണ്‌ ഞാന്‍. എനിക്ക് പറ്റിയത് നിങ്ങള്‍ക്ക് പറ്റാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മതി. എഗ്രിമെന്റ് - ഇതാണ്‌ വീടുപണിയുടെ നട്ടെല്ല്. ഇതാണ്‌ മാജിക്ക് ബട്ടന്‍. ഏറ്റവും പ്രധാനം, എഗ്രിമെന്റ് സ്റ്റാമ്പ് പേപ്പറില്‍ എഴുതി നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റർ ചെയ്യാത്ത / White paper എഗ്രിമെന്റിന്  നിയമത്തിന്റെ കണ്ണില്‍ ഒരു വിലയും ഇല്ല. 

എഗ്രിമെന്റില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിരിക്കണം.

1. ഓരോ പണിയുടേയും വിശദവിവരങ്ങള്‍ - ഉദാ. പ്ലമിങ് ആണെങ്കില്‍ പൈപ്പ് ഇന്ന ബ്രാന്‍ഡ്, ടാപ്പ് ഇന്ന ബ്രാന്‍ഡ്, ഹോട്ട് വാട്ടര്‍/കോള്‍ഡ് വാട്ടര്‍ ടാപ്പുകള്‍ ഉണ്ടെങ്കില്‍ അത്... തുടങ്ങി എല്ലാ വിവരങ്ങളും. മൂന്നാമത് ഒരാൾക്ക് വായിച്ചാൽ മനസ്സിലാകുന്ന തരത്തിൽ വ്യക്തമായി എഴുതണം.

2. Definition of Done (DoD) - ഒരു പണി 'തീര്‍ന്നു' എന്നതിന്റെ നിര്‍‌വ്വചനങ്ങള്‍ ആണിത്. ഉദാഹരണത്തിനു  - ടാപ്പ് തുറന്നാല്‍ വെള്ളം വരണം, എവിടേയും ലീക്ക് പാടില്ല - തുടങ്ങിയവയാകും പ്ലമിങ് തീര്‍ന്നു എന്നതിന്റെ നിര്‍‌വ്വചനം. ഇത് വ്യക്തമായി എഗ്രിമെന്റില്‍ രേഖപ്പെടുത്തണം

house-construction

3.  Approver - പണി തീര്‍ന്നു എന്ന് കോൺട്രാക്ടർ പറഞ്ഞതുകൊണ്ടായില്ല. അതുകൊണ്ട് ഇരുപാര്‍ട്ടികള്‍ക്കും സമ്മതനായ മൂന്നാമത് ഒരു എൻജിനീയർ/ ആര്‍ക്കിടെക്റ്റിനെ കൊണ്ടുവന്ന് പണി യഥാര്‍ത്ഥത്തില്‍ എഗ്രിമെന്റില്‍ പറഞ്ഞ പോലെ 'തീര്‍ന്നോ' എന്ന് പരിശോധിപ്പിക്കുകയും, അയാള്‍ 'തീര്‍ന്നു' എന്ന് സര്‍ട്ടിഫൈ ചെയ്യാതെ കാശു കൊടുക്കില്ല എന്നും വ്യവസ്ഥ വയ്ക്കുക.  'പറഞ്ഞ പോലെ പണി തീര്‍ന്നാല്‍ മാത്രം കാശ്‌' എന്ന വ്യവസ്ഥ കൊണ്ടുവരുന്നതാണ്‌ എന്തുകൊണ്ടും നല്ലത്. 

4. Time & Penalty Clause- വളരെ വളരെ പ്രധാനപ്പെട്ട കാര്യം: പണി തീര്‍ക്കാന്‍ കോൺട്രാക്റ്റർ ആവശ്യപ്പെടുന്നതിലും 10% സമയം അധികം കൊടുക്കുക. എന്നിട്ടും  തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ പണി തീരുന്നത് വരെ ഓരോ ആഴ്ചയും ഉചിതമായ ഒരു തുക നിങ്ങള്‍ക്ക് പെനാല്‍റ്റി ആയി തരണം എന്നും വ്യവസ്ഥ വയ്ക്കുക. 

ഇതിനു കോൺട്രാക്റ്റർ സമ്മതിക്കുന്നില്ലെങ്കില്‍ അയാള്‍ നിങ്ങളെ  പറ്റിക്കും എന്ന് ഉറപ്പാണ്‌. തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അത്ര ആത്മവിശ്വാസമുള്ളവര്‍ മാത്രമേ, ഇങ്ങനെ ഒരു clause വയ്ക്കാൻ  സമ്മതിക്കൂ. അതുകൊണ്ട് ധൈര്യമായി ഈ പോയന്റിനു വേണ്ടി വാദിച്ചോളൂ... അതിനു സമ്മതിക്കാത്തവരെ എഴയലത്ത് അടുപ്പിക്കരുത്.

മേലെ പറഞ്ഞ നാലു പോയന്റുകള്‍ എഗ്രിമെന്റിൽ ഉണ്ടെങ്കില്‍ പിന്നെ ടെന്‍ഷന്‍ വേണ്ട. പണി കൃത്യമായി തീര്‍ക്കുക എന്നത് കോൺട്രാക്റ്ററുടെ ബാധ്യത ആയിക്കോളും. പിന്നെ, പണി തുടങ്ങി, കുറച്ച് കഴിയുമ്പോള്‍ സ്വാഭാവികമായും കോൺട്രാക്റ്ററും നമ്മളും തമ്മില്‍ മാനസികമായ ഒരു അടുപ്പം വരും. ഇത് വലിയ കെണി ആണ്‌... അതില്‍ വീഴരുത്. കാര്യം സൗഹൃദമൊക്കെ നല്ലതുതന്നെ. പക്ഷേ വീടുപണി, അത് എഗ്രിമെന്റ് അനുസരിച്ച് വേണം എന്ന് വാശിപിടിക്കുക. അല്ലെങ്കിൽ സൗഹൃദം മറയാക്കി കാശു മുഴുവൻ നേരത്തെ  അവർ വാങ്ങിയെടുക്കാനും, നമ്മൾ പറ്റിക്കപ്പെടാനും സാധ്യതയുണ്ട്.

എഗ്രിമെന്റില്‍ പറഞ്ഞ പണികള്‍ വൃത്തിയായി തീര്‍ത്തു തന്നാല്‍ നമ്മള്‍ പറഞ്ഞ കാശു കൃത്യമായും കൊടുക്കണം (ബാങ്ക് വഴി ) എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. അത് കൂടാതെ ഓണര്‍ എന്ന നിലയ്ക്ക് നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളും പറഞ്ഞ സമയത്ത് തീര്‍ത്ത് കൊടുക്കണം - ഇതും എഗ്രിമെന്റിൽ പറഞ്ഞിരിക്കണം -  (നനയ്ക്കല്‍, സെപ്റ്റിക്ക് ടാങ്കിനു കുഴിയെടുക്കല്‍) തുടങ്ങിയവ. പണി തുടങ്ങിക്കഴിഞ്ഞാൽ agreed പ്ലാനിൽ നിന്ന് കഴിവതും വ്യതിചലിക്കരുത്. ഇനി അഥവാ വലിയ മാറ്റങ്ങൾ പ്ലാനിൽ വരുത്തുകയാണെങ്കിൽ അതിനായി മറ്റൊരു എഗ്രിമെന്റ് തയ്യാറാക്കുകയാണ് ഉചിതം.

N.B- ഈ പ്രക്രിയ കോൺട്രാക്റ്ററെ പ്രതിസ്ഥാനത്ത് നിർത്താനല്ല, മറിച്ച് ഇരുകൂട്ടരുടെയും താല്പര്യങ്ങൾ ഒരു പോലെ സംരക്ഷിക്കാനാണ് എന്ന് മനസ്സിലാക്കുക.

***

English Summary- Mistakes in House Construction- Malayali Experience Lessons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com