കേൾക്കുന്നതെല്ലാം അതേപടി വിശ്വസിച്ച് ഓവറാക്കി കുളമാക്കരുത്; അനുഭവം
Mail This Article
കുറച്ചുകാലം മുൻപൊരു അവധിക്കാലത്ത് പൂമുഖത്തിരുന്നൊരു കട്ടൻചായയും കുടിച്ചു നാട്ടുവർത്തമാനം പറയുന്നതിനിടയ്ക്കാണ് ഞാൻ എന്റെ നാട്ടുകാരനായ ചന്ദ്രൻ നായരെ കുറിച്ച് അച്ഛനോട് അന്വേഷിക്കുന്നത്.
"ഇപ്പൊ നാട്ടിലില്ല, പ്രായമായി. മൂത്ത മോളുടെ അടുത്തു ബാംഗ്ലൂരിലാണ് "
ചന്ദ്രൻ നായർക്ക് പ്രത്യേകിച്ച് അങ്ങനെ ഒരു ജോലിയും ഉണ്ടായിരുന്നില്ല, കുറച്ചു കൃഷിയുണ്ട്. പിന്നെ കാരണവന്മാരായി ഉണ്ടാക്കിയിട്ട കുറച്ചു ഭൂസ്വത്തും ബാങ്ക് ബാലൻസും ഉണ്ടായിരുന്നെന്ന് കേൾക്കുന്നു. രാവിലെ ഒരു ഒൻപത് ഒൻപതരയോടെ നായർ കവലയിലെത്തും, മജീദിന്റെ ചായക്കടയിൽ കേറി ഒരു ചായ കുടിക്കും, ഒന്നോ രണ്ടോ കടകളിൽ കയറിയിരുന്നു നാട്ടുവർത്തമാനം പറയും, ഉച്ചയോടെ വീട് പിടിക്കും. വൈകുന്നേരം പുള്ളി ടോർച്ചുമെടുത്തു വീണ്ടും കവലയിലെത്തും, ചായകുടിക്കും, വേറെ ഒന്നുരണ്ടു കടകളിൽ കേറി വർത്തമാനം പറയും, സന്ധ്യയോടെ വീട്ടിൽ പോകും. ആർക്കും ഉപദ്രവമില്ല, ഉപകാരവുമില്ല, റിലാക്സ്ഡ് ലൈഫ്.
എന്നാൽ ആർക്കും പുള്ളിയെക്കൊണ്ട് ഉപകാരമില്ലെന്നു തീർത്തങ്ങോട്ടു പറയാനാവില്ല, പരിചയക്കാരെ ആരെയെങ്കിലും അസുഖമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിൽ പുള്ളി ആ വണ്ടിയിൽ ചാടിക്കേറും, ആശുപത്രിയിലേക്ക് പോകും, പിന്നെ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമാക്കിയ ശേഷം മാത്രമേ തിരിച്ചുപോരൂ.
ആശുപത്രികളിലേക്കുള്ള ഈ യാത്രയിലാണ് ചന്ദ്രൻ നായരെക്കൊണ്ടുള്ള ആകെ ഒരു പ്രശ്നം.
ഉദാഹരണത്തിന് കാലിൽ മുറിവുപറ്റിയ ഒരാളെക്കൊണ്ട് പോകുന്ന വണ്ടിയിലാണ് നായർ കയറിയതെന്നിരിക്കട്ടെ, ഏതാനും മിനിട്ടു കഴിയുമ്പോൾ പുള്ളി രോഗിയോട് ചോദിക്കും.
"ഛർദിക്കണം എന്ന് തോന്നുന്നുണ്ടോ ..?"
രോഗി പറയും "ഇല്ല "
അൽപം കഴിയുമ്പോൾ നായർ പറയും :
"ഛർദിക്കണം എങ്കിൽ പറയണം "
രോഗി പറയും : "തോന്നുന്നില്ല "
അൽപം കഴിയുമ്പോൾ നായർ ഒപ്പമുള്ളവരോടായി പറയും :
"മൂപ്പർക്ക് ഛർദിക്കണം എന്ന് തോന്നുന്നു "
രോഗി ഒന്നും മിണ്ടില്ല.
അൽപം കഴിയുമ്പോൾ നായർ പറയും :
"ഛർദിക്കണമെങ്കിൽ വണ്ടി നിർത്താം ട്ടോ "
എന്തിനുപറയുന്നു പത്തു കിലോമീറ്ററിനുള്ളിൽ ഛർദിക്കണം എന്ന് മനസ്സിൽ തോന്നുകപോലും ചെയ്യാത്ത രോഗിയെ ഈ സൈക്കോളജിക്കൽ മൂവിലൂടെ നായർ പറഞ്ഞു ഛർദിപ്പിക്കും, അതിപ്പോ രോഗി കാലിൽ മുറിവ് പറ്റിയവനാണെന്നോ, വരട്ടുചൊറി വന്നവനാണോ എന്നൊന്നും നായർക്ക് പ്രശ്നമല്ല. നായർ വണ്ടിയിൽ കയറിയിട്ടുണ്ടോ, രോഗി ഛർദിച്ചിരിക്കും.
എന്നാൽ അവിടെയും നായരുടെ സേവനം അവസാനിക്കുന്നില്ല. ആശുപത്രിയിൽ എത്തിക്കഴിയുമ്പോൾ പുള്ളി ഡോക്ടറോടോ, കയ്യിൽ കിട്ടിയ നഴ്സിനോടോ പറയും :
"എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു, ഇങ്ങോട്ടു വരുന്നവഴിക്ക് ഒന്നുരണ്ടു വട്ടം ഛർദിച്ചു!"
ചന്ദ്രൻ നായരെക്കുറിച്ചു ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. ഏതാനും ദിവസം മുൻപാണ് വീട് നിർമ്മാണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഗ്രൂപ്പിൽ ഞാൻ വാട്ടർപ്രൂഫിങ്ങിനെക്കുറിച്ചുള്ള ആ ലേഖനം വായിക്കുന്നത്. വാട്ടർ പ്രൂഫിങ്ങിന്റെ ആവശ്യകതയെക്കുറിച്ചും, രീതികളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഒരു ലേഖനം. എന്നാൽ ചിലയിടങ്ങളിൽ എങ്കിലും ഒരു ചന്ദ്രൻ നായർ ടച്ച് എനിക്ക് തോന്നാതിരുന്നില്ല.
അതായത് ആ ലേഖനം വായിക്കുന്ന ഏതൊരാൾക്കും ഒരാവശ്യവും ഇല്ലെങ്കിലും അൽപ്പം വാട്ടർപ്രൂഫിങ് നടത്താൻ തോന്നുന്ന, മുഴുവൻ സ്ളാബുകളിലും ചുവരുകളിലും എല്ലാം ഇക്കാര്യം അത്യന്താപേക്ഷിതമാണെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു സൈക്കോളജിക്കൽ മൂവ്. വായിച്ചു തീർന്നപ്പോൾ എഴുതിയ ആളുടെ പ്രൊഫൈലിൽ ഒന്ന് കയറി നോക്കി, ഇതേമേഖലയിലെ കമ്പനിയിലാണ് ജോലി! പിടികിട്ടിയോ?...
സത്യത്തിൽ നമ്മുടെ വീടുകൾക്ക് ഈ വാട്ടർ പ്രൂഫിങ് ആവശ്യമാണോ ..?
അങ്ങനെ ചോദിച്ചാൽ ആവശ്യമാണ് എന്നാണെന്റെ ഉത്തരം. എന്നാൽ അത് സെയിൽസുകാർ പറയുന്നപോലെ അല്ലതാനും. ആവശ്യമുള്ളിടത്തുമാത്രം വാട്ടർ പ്രൂഫിങ് ചെയ്‌താൽ മതി. അല്ലാതെ ലേഖനത്തിൽ പറയുന്നപോലെ ഫൗണ്ടേഷൻ മൊത്തമായോ, ഭിത്തി മൊത്തമായോ, റൂഫ് സ്ളാബ് മൊത്തമായോ വാട്ടർ പ്രൂഫിങ് ചെയ്യേണ്ട ഒരാവശ്യവുമില്ല.
വിശദമാക്കാം.
ഒരു സ്ഥലം വാട്ടർ പ്രൂഫിങ് ചെയ്യുന്നതിനെക്കുറിച്ചു ആലോചിക്കും മുൻപേ അവിടെ വെള്ളം കെട്ടിനിൽക്കാൻ ഉള്ള സാധ്യതകൾ ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആലോചിക്കണം. കാരണം കെട്ടി നിൽക്കുന്ന വെള്ളമാണ് ലീക്കുകൾക്കുള്ള മുഖ്യ കാരണം . ആ വെള്ളം ഭിത്തിയിലേക്കോ, സ്ളാബിലേക്കോ ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ടെങ്കിൽ ആ സാഹചര്യം ഒഴിവാക്കണം. അതായത് വാട്ടർ പ്രൂഫിങ് എന്നത് ഒരു പ്രശ്ന പരിഹാരമാർഗ്ഗമാണ്. പ്രശ്നം തന്നെ ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് സ്വാമികൾ അരുളി ചെയ്യുന്നത്.
കേരളത്തിലെ പ്രൗഢമായ കൊട്ടാരങ്ങളും കോവിലകങ്ങളും ഒന്നും വാട്ടർ പ്രൂഫിങ് ചെയ്തിട്ടല്ല ഇന്നും നിലനിൽക്കുന്നത്. അവയുടെ രീതി കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിലായിരുന്നു. വെള്ളം കെട്ടി നിൽക്കാത്ത ചെരിഞ്ഞ മേൽക്കൂരയും ചുവരുകൾ നനയ്ക്കാത്ത വീതിയേറിയ സൺ ഷെയിഡും അവയ്ക്കുണ്ടായിരുന്നു.
എന്നാൽ ഇന്ന് പൂർണ്ണമായും ആ രീതി ഉൾക്കൊള്ളാൻ നമുക്കാവില്ല. ഓടിനു പകരം കോൺക്രീറ്റ് രംഗം കയ്യടക്കിക്കഴിഞ്ഞു, ഒരു വീടിനു പൂർണമായും ചെരിഞ്ഞ മേൽക്കൂര നൽകുക എന്നത് അപ്രായോഗികവും ആയി വന്നേക്കാം. എങ്കിലും സാധ്യമായിടത്തോളം നമ്മുടെ കാലാവസ്ഥക്കനുസൃതമായ ഡിസൈനിൽ വീട് നിർമ്മിക്കുന്നതിലൂടെ വാട്ടർ പ്രൂഫിങ്ങിന്റെ ആവശ്യകത നല്ലൊരളവിൽ ഒഴിവാക്കാം.
പക്ഷേ ഈ സന്ദർഭത്തിൽ പോലും വാട്ടർ പ്രൂഫിങ് ഒരു അത്യന്താപേക്ഷിതമായ കാര്യം അല്ലെന്നാണ് എന്റെ അഭിപ്രായം. ഫ്‌ളാറ്റായ മേൽക്കൂരയാണെങ്കിലും നേരിയൊരു ഡ്രൈനേജ് സ്ലോപ് കൊടുത്താൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവില്ല. അതുപോലെ കോൺക്രീറ്റ് നിശ്ചിത അനുപാതത്തിൽ നിശ്ചിത വാട്ടർ സിമന്റ് റേഷ്യോയിൽ മിക്സ് ചെയ്തെടുത്ത് നന്നായി കോംപാക്ട് ചെയ്‌താൽ പിന്നെ അത് ജലം ആഗിരണം ചെയ്യാനുള്ള സാധ്യത തുലോം കുറവാണ്.
അതിനാൽ ആദ്യം വേണ്ടത് ഇങ്ങനെയൊക്കെ ചെയ്യുകയാണ്. എന്നിട്ടും ഏതെങ്കിലും കാരണവശാൽ ലീക്ക് അനുഭവപ്പെട്ടാൽ വാട്ടർ പ്രൂഫിങ് നിർബ്ബന്ധമായും ചെയ്യണം. അതുപോലെ നിരന്തരമായി വെള്ളം വീഴാൻ സാധ്യതയുള്ള ബാത്ത് റൂം പോലുള്ള ഇടങ്ങളിലും അത് ആദ്യമേ ചെയ്യണം. അതുപോലുള്ള വേറൊരു ചോദ്യമാണ് ഫൗണ്ടേഷനിൽ വാട്ടർ പ്രൂഫിങ് ചെയ്യണമോ എന്നത്.
നിങ്ങൾ നിർമ്മിക്കുന്ന ഫൗണ്ടേഷൻ കരിങ്കല്ലുകൊണ്ടോ, വെട്ടുകല്ലുകൊണ്ടോ ഉള്ളതാണെങ്കിലും വേണ്ട എന്നാണുത്തരം. കാരണം കോടാനുകോടി വർഷം പ്രകൃതിയുമായി ചേർന്ന് നിന്ന ഈ രണ്ടു വസ്തുക്കളും പ്രായോഗിക തലത്തിൽ വെള്ളം ആഗിരണം ചെയ്യില്ല. അതിനാൽ അവിടെ വാട്ടർ പ്രൂഫിങ് നടത്തേണ്ട ഒരാവശ്യവും ഇല്ല, പകരം തറ പണിയുമ്പോൾ അൽപം ഉയർത്തി പണിയുകയും ഒരു ബെൽറ്റ് നിർബ്ബന്ധമായും നിർമ്മിക്കുകയും ചെയ്‌താൽ മതി.
എന്നാൽ ഒരു കെട്ടിടത്തിന്റെ ആയുഷ്കാലമത്രയും മണ്ണിൽ പുതഞ്ഞു കിടക്കേണ്ട കോൺക്രീറ്റ് ഫൗണ്ടേഷനുകൾക്ക് വാട്ടർ പ്രൂഫിങ് ഗുണം ചെയ്യും, അത് അവയുടെ ആയുസ്സ് ദീർഘിപ്പിക്കും. പക്ഷേ അപ്പോഴും അവിടെയും ഈ കോൺക്രീറ്റ് അനുപാതവും, വാട്ടർ റേഷ്യോയും ഒക്കെ നോക്കണം, അതിനാവണം പ്രാഥമിക പരിഗണന. ഒരു അഡീഷണൽ പ്രൊട്ടക്ഷൻ എന്ന നിലക്ക് വാട്ടർ പ്രൂഫിങ് ചെയ്യാം എന്ന് മാത്രം. എന്നാൽ ഇത് മാത്രം ശ്രദ്ധിച്ചാൽ പോരാ. വാട്ടർ പ്രൂഫിങ്ങിന് കമ്പനി നൽകുന്ന രേഖാമൂലമുള്ള ഉറപ്പുവാങ്ങണം, ഇതിന്റെ ജോലികൾ അതാത് കമ്പനികൾ പരിശീലിപ്പിച്ചെടുത്ത തൊഴിലാളികൾ തന്നെ ചെയ്യണം. അല്ലാത്തപക്ഷം അവർ വാഗ്‌ദാനം ചെയ്യുന്ന ഗുണമോ, വിൽപനാനന്തര സേവനങ്ങളോ, നിയമ പരിരക്ഷയോ ഒന്നും ലഭിച്ചെന്നു വരില്ല.
***
ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Unnecessary application in House Construction- Experience