കാശുള്ളവർ ചെയ്യട്ടെ; സാധാരണക്കാർ ഇത് അനുകരിച്ച് വഞ്ചിക്കപ്പെടരുത്: പാഠമാകണം ഈ അനുഭവം
Mail This Article
അവധിക്കാലത്ത് നാട്ടിൽ എത്തിയാൽ രാവിലെ എണീറ്റ് പല്ലുപോലും തേക്കാതെ സിറ്റൗട്ടിൽ വന്നിരിക്കുക, വഴിയേ പോകുന്നവരോട് 'എന്ന് വന്നു, എന്ന് തിരിച്ചു പോകും' എന്നൊക്കെ വിളിച്ചു പറയുക തുടങ്ങിയ കാര്യങ്ങൾ ഞങ്ങൾ ഗൾഫ് പ്രവാസികൾ പതിറ്റാണ്ടുകളായി പിന്തുടർന്നു പോരുന്ന ഒന്നാണ്, ഇനിയും അത് അങ്ങനെത്തന്നെ തുടരും.
അങ്ങനെ ഇന്നലെ സിറ്റൗട്ടിൽ ചുമ്മാ കുത്തിയിരിക്കുന്ന സമയത്താണ് വാര്യര് മാഷ് വന്നുകയറുന്നത്. മാഷ് തന്റെ ജോലിയുടെ ഭാഗമായി തെക്കുനിന്നെങ്ങോ ഞങ്ങളുടെ നാട്ടിൽ എത്തിയതാണ്, പിന്നെ ഞങ്ങളുടെ നാട്ടുകാരിയായ ടീച്ചറെ വിവാഹം കഴിച്ചു ഇവിടെ സ്ഥിരതാമസമാക്കി, മക്കൾ രണ്ടുപേരും കുടുംബവുമൊത്ത് വിദേശത്താണ്, ഏതാനും വർഷം മുൻപാണ് മക്കൾ അച്ഛനും അമ്മയ്ക്കുമായി വലിയൊരു വീട് നിർമ്മിച്ചത്, ഇപ്പോൾ ആ വലിയ വീട്ടിൽ മാഷും ടീച്ചറും മാത്രം. ഇതാണ് മാഷുടെ ഏകദേശ ജീവചരിത്രം.
മാഷ് രാവിലത്തെ നടത്തത്തിനിടയിൽ എന്നെ കാണാനായി എത്തിയതാണ്, അതിനു പിന്നിൽ ചില ഉദ്ദേശ്യങ്ങളുമുണ്ട്. എന്നാൽ ഈ ഉദ്ദേശ്യങ്ങൾ മാഷ് വെളിപ്പെടുത്തിയില്ല, എന്നോട് വീടുവരെ ഒന്ന് വരാൻ മാത്രം പറഞ്ഞു. വരുമ്പോൾ കയ്യിൽ ഒരു മാർക്കർ പേന കയ്യിൽ കരുതണമെന്നും പറഞ്ഞു.
ഇന്ത്യൻ കോഫീ ഹൗസിൽ കയറി മസാലദോശ ഓർഡർ ചെയ്‌താൽ ആരും ചോദിക്കാതെതന്നെ അതിനൊപ്പം ഒരു ഉഴുന്നുവടയും കിട്ടും എന്ന് പറഞ്ഞപോലെയാണ് ഞങ്ങൾ പ്രവാസികളും, ഈ മാർക്കർ പേനയും തമ്മിലുള്ള ബന്ധം. നാട്ടിൽ പോകുമ്പോൾ പെട്ടിയിലും ബാഗിലും ഒക്കെ മാർക്കർ പേനകൊണ്ട് പേരെഴുതി വയ്ക്കുന്നതുകൊണ്ടാണ് അത് അവിടെ എത്തുന്നത് എന്നാണു ഞങ്ങൾ അന്നും ഇന്നും അടിയുറച്ചു വിശ്വസിക്കുന്നത്. കയ്യിൽ മാർക്കർ പേന ഇല്ലാത്ത പ്രവാസി ആയുധമില്ലാതെ യുദ്ധത്തിനിറങ്ങിയ പോരാളിയെപ്പോലെയാണ് എന്നാണ് അലിഖിതവചനം. എന്തായാലും മാഷ് പോയിക്കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ നമ്മുടെ മാർക്കർ പേനയും എടുത്തു മാഷുടെ വീട്ടിലോട്ടു വച്ചുപിടിച്ചു.
വീട്ടിലെത്തിയ എനിക്ക് ടീച്ചർ ചായ തന്നു, നാട്ടുവർത്തമാനങ്ങൾ ഒക്കെ പറഞ്ഞ ശേഷം മാഷ് എന്നോട് ഹാളിലെ ലൈറ്റ് ഒന്ന് ഓൺ ചെയ്യാൻ പറഞ്ഞു. എന്തോ, എവിടെയോ ഒരു പ്രശ്നമുണ്ട്. എന്തായാലും ഞാൻ നടന്നു സ്വിച് ബോർഡിനടുത്തെത്തി. ബോർഡിൽ ഏതാണ്ടൊരു പത്തുപതിനെട്ടു സ്വിച്ചുണ്ട്. ഞാൻ അതിലെ ഒരെണ്ണം ഓണാക്കി. ഉടനെ ഹാളിലെ കരകൗശല വസ്തുക്കൾ വച്ച അലമാരയിലെ ലൈറ്റ് കത്തി. ഞാൻ അത് ഓഫ് ചെയ്തു, പിന്നെ അടുത്ത സ്വിച് ഇട്ടു. അപ്പോൾ സീലിങ്ങിലെ പതിനാറു വിളക്കുകൾ ഒന്നിച്ചു കത്തി. അടുത്ത സ്വിച് ഇട്ടു, ഇത്തവണ തെളിഞ്ഞത് ഹാളിലെ രവിവർമ്മ ചിത്രത്തിന് അടുത്തുള്ള വിളക്കാണ്. ഇങ്ങനെ ആറാമത്തെയോ ഏഴാമത്തെയോ ശ്രമത്തിനൊടുവിലാണ് ഹാളിലെ പ്രധാന ലൈറ്റ് കണ്ടെത്താൻ എനിക്കായത്.
ഇതുപോലെ ഡൈനിങ്ങ് ഹാളിലും, ഫാമിലി ലിവിങ്ങിലും, ബെഡ് റൂമുകളിലും ഒക്കെ ആയി നൂറുകണക്കിന് സ്വിച്ചുകളാണ് ആ വീടിനകത്തുള്ളത്. അവരുടെ വീടിനകത്തു മാത്രമല്ല, നമ്മുടെ ഓരോരുത്തരുടെയും വീടുകൾക്കുള്ളിൽ ഉള്ളത്. സത്യത്തിൽ എന്തിനാണ് നമ്മുടെ വീടുകളിൽ ഇത്രയധികം സ്വിച്ചുകൾ ..?
ഇതെന്തു ചോദ്യമാണ് ചേട്ടാ, വീടായാൽ ലൈറ്റും ഫാനും വേണം, ഇവക്കൊക്കെ സ്വിച്ചുകളും വേണം എന്നൊരു മറുചോദ്യം ഞാൻ പ്രതീക്ഷിക്കുന്നു.
അനിയാ നിൽ.
ഈ ലൈറ്റുകളിൽ എത്രയെണ്ണം നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നുണ്ട് ..?
ഓരോ റൂമിലും ഒന്നോ, ഏറിയാൽ രണ്ടോ വിളക്കുകൾ തെളിയിച്ചേക്കാം. ഒരു ഫാനോ, എസിയോ പ്ലഗ്ഗോ ഉപയോഗിച്ചേക്കാം. അല്ലാതെ അലമാരക്കുള്ളിലും സീലിങ്ങിനുള്ളിലും ഒക്കെ ഒളിപ്പിച്ചുവച്ച ഈ ലൈറ്റുകൾ നമ്മൾ സാധാരണക്കാർ എത്രമാത്രം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നുണ്ട് ..?
ഇന്റീരിയർ ഡിസൈനിങ്ങിന്റെ ഭാഗമായി ഉപയോഗിക്കുന്നവരാണ് എന്ന് വാദിക്കുന്നവർ കണ്ടേക്കാം. ശരാശരിക്കാരനായ ഒരു മലയാളിയുടെ വീടിന്റെ അകത്തളത്തിൽ ഭംഗിയും വെളിച്ചവും കൊണ്ടുവരണമെങ്കിൽ ഇത്രയും ലൈറ്റുകൾ വേണമെന്നാണ് നിങ്ങളുടെ അഭിപ്രായം എങ്കിൽ നിങ്ങൾക്ക് ഇന്റീരിയർ ഡിസൈൻ അറിയില്ല എന്നാണ് ഉത്തരം.
കേരളത്തിലെ ഒരു ശരാശരിക്കാരന്റെ വീട് ഇന്റീരിയർ ചെയ്യുമ്പോൾ നിങ്ങൾ ആധാരമാക്കേണ്ടത് നാച്ചുറൽ ലൈറ്റിനെയാണ്. അത് കൊണ്ടുവരേണ്ടത് പ്ലാനിങ്ങിലൂടെയാണ്. അതുപോലെ സ്വാഭാവിക വെളിച്ചം ലഭിക്കുന്ന അകത്തളങ്ങളിൽ ഇരുണ്ട നിറം നൽകി, അവിടെ സീലിങ് ലൈറ്റുകൾക്ക് നിങ്ങൾ പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ ആ പ്രവണതയും ശരിയല്ല.
കാരണം നിങ്ങൾ ഡിസൈൻ ചെയ്യുന്നത് ഒരു ആഭരണക്കടയോ, നക്ഷത്ര ഹോട്ടലോ അല്ല. അവിടെ വിളക്കുകൾ തെളിയിക്കുന്നത് അവരുടെ ബിസിനസ്സിന്റെ ഭാഗമാണ്. ഈ വിളക്കുകൾ കത്തിക്കാതിരുന്നാൽ പോരെ എന്നൊരു സംശയം വന്നേക്കാം. കത്തിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ബ്രോ ഇത്രയും ബൾബ് ..? മാത്രമല്ല, ഈ വിളക്കുകളിൽ പലതും കയറ്റി വച്ചിരിക്കുന്നത് കേരളാ ഫയർഫോഴ്സിനുപോലും എത്തിച്ചേരാൻ കഴിയാത്ത ഉയരത്തിലാണ്.
ഇങ്ങനെയൊക്കെ വേണമെന്ന് നിർബ്ബന്ധം പിടിക്കുന്ന ക്ലയന്റുകൾ ഒരുപക്ഷേ കണ്ടേക്കാം. അവർക്കു വേണ്ടി അത് ചെയ്യാം. പക്ഷേ അതിനു മുൻപും അതിനെക്കുറിച്ചു പറഞ്ഞു ബോധ്യപ്പെടുത്തണം. അത് ഒരു ഡിസൈനറുടെ ധാർമിക ബാധ്യതയാണ്. അല്ലാതെ ഈ പ്രവണതയെ സാമാന്യവൽക്കരിക്കരുത്. കാരണം ഈ അനാവശ്യമായ, ഒരിക്കലും ഉപയോഗിക്കാത്ത വിളക്കുകളും, അവക്ക് വേണ്ടുന്ന വയറുകളും, അനുബന്ധ സാമഗ്രികളും ഒക്കെ ചേർന്ന് വലിയൊരു തുകയാണ് വീട് പണിയുന്നവന്റെ പോക്കെറ്റിൽ നിന്നും ചോർത്തിക്കളയുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ടത് വീട് പണിയുന്നവരാണ്.
സ്വന്തം വീടുകളിൽ അനാവശ്യമായ, നിങ്ങൾക്ക് താല്പര്യമില്ലാത്ത വിളക്കുകളും, അനുബന്ധ സ്വിച്ചുകളും ഉണ്ടോ എന്ന് നിങ്ങൾ തന്നെ പരിശോധിക്കണം. അതുപോലെ ഇന്റീരിയർ ഡിസൈനുകളിൽ സ്വാഭാവിക വെളിച്ചം എത്രമാത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് ചിന്തിക്കണം. കൂടുതൽ കൃത്രിമ വെളിച്ചം ഉള്ള ചിത്രങ്ങളിൽ, അവ ഓഫ് ചെയ്ത രീതിയിൽ ഉള്ള വ്യൂകൾ ചോദിക്കാം. കാരണം ആത്യധികമായി നിങ്ങളാണ് ഉപഭോക്താവ്, വാസ്തുവിദ്യയുടെ ഭാഷയിൽ പറഞ്ഞാൽ യജമാനൻ.
എന്തായാലും വാര്യര് മാഷുടെ അടുത്തേക്ക് തിരിച്ചുവരാം. മാഷ് എന്നോട് മാർക്കർ പേന കയ്യിൽ കരുതാൻ പറഞ്ഞത് സ്വിച്ചുകളിൽ അടയാളമിടാനാണ്. അവശ്യം വേണ്ട സ്വിച്ചുകളിൽ അടയാളം ഇടാൻ വേണ്ടി ഞാൻ ആ പേന മാഷ്ക്ക് സമ്മാനിച്ചു. തിരിച്ചു നടക്കുമ്പോൾ എന്നെ അലട്ടിയതു വേറൊരു പ്രശ്നമാണ്.
രണ്ടാഴ്ച കഴിയുമ്പോൾ അബുദാബിയിലോട്ടു തിരിച്ചു പോകണം. പെട്ടി പായ്ക്ക് ചെയ്യുമ്പോൾ അതിനു പുറത്ത് എന്റെ പേരും, മേൽവിലാസവും ഒക്കെ വെണ്ടക്കാ അക്ഷരത്തിൽ തന്നെ എഴുതണം ..അല്ലെങ്കിൽ പിന്നെ പെട്ടി വല്ല ഗ്രീസിലൊട്ടും പോയാലോ ...
ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Unncessary Lights and Switches inside House- Common Man House Mistakes