'ഓർക്കുമ്പോൾ ഒരു പേടിസ്വപ്നം പോലെ! ദൈവത്തിന്റെ കയ്യൊപ്പിൽ പൂർത്തിയായ വീട്'!...
Mail This Article
വർഷം 2017 ജനുവരി. അന്നാണ് ഒരു വീടുണ്ടായാലോ എന്ന് വീട്ടിലെ എല്ലാവർക്കും തോന്നി തുടങ്ങിയത്, മാസം 8000-10000 രൂപ വാടക കൊടുക്കുമ്പോൾ മാസം ഒരു 20000 ത്തിന്റെ ഹൗസിങ് ലോണെടുത്താൽ കാര്യം ഒപ്പിക്കാമെന്ന് മനസ്സിലായി... ബാക്കി അല്ലറ ചില്ലറ കയ്യിൽ കാണും. അങ്ങനെയാണെങ്കിൽ ഒരുത്തന്റെയും തിരുമോന്തയുടെ മൾട്ടികളർ LEDയുടെ പ്രകാശമെങ്ങനെയെന്ന് നോക്കി നടക്കണ്ട കാര്യവുമില്ല യേത്...'':അനുഭവമുള്ള ചങ്ങായിമാർക്ക് കാര്യം പുടികിട്ടിക്കാണും....
"അങ്ങനെ നമ്മുടെ കഥാനായകർ മനസ്സിൽ വീടുപണിയുടെ കല്ലിടൽ കർമ്മം അങ്ങട് നടത്തി...ല്ല പിന്നെ "
വണ്ടി ഓണാക്ക്യാ മത്യോ ഫസ്റ്റിടണ്ടേ...? പിന്നേ വേണം അതിന് പ്ലാൻ വേണം, പ്ലാൻ ന്ന് ബെച്ചാ പ്ലാൻ തന്നേ:''
ഓട്ടം തുടങ്ങി, നെറ്റ്, ഗൂഗിൾ പ്ലസ്, സർവ്വവിധ ഡോട്ട് കോം, പിന്നെ വരപ്പിക്കലോടു വരപ്പിക്കൽ.. ലവര് അവരുടെ ഐഡിയ പറയുമ്പോൾ അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് എന്ന് പറഞ്ഞ പോലെയായി...നിനക്ക് പറഞ്ഞാ മതി ഈ കുന്ത്രാണ്ടം ( പ്ലാൻ) ഒന്നു ശരിയാവണ്ടേ "അങ്ങനെ പല രാത്രികൾ..കുറച്ചു നാളുകൾക്കു ശേഷം, ഒരു സുപ്രഭാതം ഏതോ പൂവൻ അഞ്ചരക്ക് കൂവിയത് കേട്ടെണീറ്റത് സ്വന്തം പ്ലാനെന്ന ആശയം മണ്ടയിൽ 100 വാട്ടായി മിന്നിക്കൊണ്ടാണ്...
പിന്നെ വരയ്ക്കൽ, മായ്ക്കൽ ,ചുരുട്ടിയെറിയൽ... ഇതെന്തപ്പാ ഇത് അച്ഛനയഞ്ഞാ കപ്യാരു മുറുകും എന്ന് പറഞ്ഞ പോലെയായി....ഇവിടെ കുറച്ചാ അവടെ കൂടും പിന്നെയും പ്രാന്തായി....അവസാനം വരയും കുറിയുമായി വീണ്ടും ആർക്കിടെക്റ്റ് സാറൻമാരുടെ ഗുഹയിലേക്ക് ....കാര്യം പറഞ്ഞു....ഒക്കെ ശര്യാക്കിത്തരാം ങ്ങള് പോയി നാളെ വരൂ..
പിറ്റേ ദിവസം :: സ്ഥലം ആർക്കിടെക്റ്റിന്റെ ഓഫീസ് - പ്ലാനിങ്ങനെ ന്നെ നോക്കി ചിരിച്ചിരുപ്പുണ്ട്....മുഖത്തെ പ്രകാശം കണ്ടിട്ട് എൻജിനീയർ സാർ പറഞ്ഞു...' ഒക്കെ ശരിയാക്കിയിട്ടുണ്ട്, നിങ്ങള് ഇത് ഒന്നു കൂടെ വീട്ടുകാരുമായി ആലോചിച്ച് ഫൈനലൈസ് ചെയ്യ്...."താങ്ക് യൂ..
ഭാരം കുറഞ്ഞ ശരീരവുമായി എയറിൽ നടന്ന് പുറത്തേക്ക്....വീട്ടിലെ കുട്ടിപ്പിപിശാചുക്കളും ഭദ്രകാളിയും ചേർന്ന് (സോറി പ്രാസമൊപ്പിച്ചതാണ്) കുറച്ച് മാറ്റമൊക്കെ വരുത്തി കാര്യം തീരുമാനമാക്കി.അങ്ങനെ നുമ്മ പ്ലാൻ റെഡി...
2017 April
പിന്നെ 3D ...
അങ്ങനെ മ്മടെ കക്ഷി മനസ്സിൽ വീടിന്റെ ഫോട്ടോ ഫ്രെയിം ചെയ്തിട്ടു. പിന്നെ ലോൺ ശരിയാക്കാൻ നടപ്പ് തുടങ്ങി. SBlയിലെ BM നെ കണ്ടു വളരെ ഹെൽപ് ഫുൾ.... ങ്ങള് ങ്ങനെ പാലക്കാട്ട് ന്ന് ഇതു വരെ എന്നും വരണ്ടാ. (കേച്ചേരി തൃശ്ശൂർ ലാണ് വീടിന്റെ സ്ഥാനം തറവാട് വീടിനടുത്ത്.)..ഒക്കെ വാട്ട്സ്സ്പ്പ് ചെയ്താ മതി...."
ങ്ങനേം മനുഷ്യരുണ്ടോ ൻ്റെ കൂട്ടരേ..ഇതെന്താ സ്വർഗ്ഗം താണിറങ്ങിയതാ....ദൈവത്തിന്റെ ഓരോ കളിയേയ്...അങ്ങനെ ഒരു മാസത്തിന് ശേഷം ഫണ്ടു ശരിയായി
2017 may
ഇതിനിടക്ക് പഞ്ചായത്തിൽ തെണ്ടി ബിൽഡിങ് പെർമിറ്റും KSEB യിൽ നിന്ന് കറന്റ് കണക്ഷനും ശരിയാക്കി. ഇൻ്റർലോക്ക് കൊണ്ടാണ് പണിയാൻ തീരുമാനിച്ചത് ചെങ്കല്ലും മണ്ണും ,പശയും ചേർത്ത് കംപ്രസ്സ് ചെയ്തത്, ഒരു കമ്പനിയാണ് ഈ വർക്കു മുഴുവനും ചെയ്യാമെന്ന് ഉറപ്പ് തന്നതും ഗ്യാരൻ്റിയും തന്നതും. എല്ലവരും വട്ടാണെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തി. സാമ്പിളായി പണി കഴിഞ്ഞ വീടുകൾ കണ്ടപ്പോൾ നല്ല പണിയാണെന്ന് ഉറപ്പായി അവരും പറഞ്ഞു. ഒന്നുരണ്ടു കട്ടകൾ പൊടിയാതെ മഴയും വെയിലും കാറ്റേറ്റ് സുഖിച്ച് മസിൽമാനേപ്പോലെ കിടക്കുന്നതു കണ്ടപ്പോൾ കാര്യം ഉറപ്പുള്ള ഉറപ്പാണെന്ന് ഉറപ്പിച്ചു. ജെസിബി വന്നു തറ മാന്തി.
2017 July
കല്ലിടൽ കഴിഞ്ഞു...''
മ്മടെ കക്ഷിക്ക് വീടുപണിയെക്കുറിച്ച് A പോലും അറിയില്ല പിന്നെയല്ലേ ABCD. കരിങ്കല്ലു എവിടെ കിട്ടും ?.... അപ്പോൾ നാട്ടിലുള്ള ഒരു ടിപ്പർ ഓണർ ഇപ്പ ശര്യാക്കിത്തരാമെന്ന് പറഞ്ഞ് ഒരു അഞ്ചു ടിപ്പറുമായി വന്ന് മമ്മുക്ക പറഞ്ഞ പോലെ കടകടകാന്ന്.... പത്ത് ലോഡ് കരിങ്കല്ലിലിറക്കി....
റേറ്റ് മുന്നേ അറിഞ്ഞു വച്ചാരുന്നു. അതിലും മൊത്തത്തിൽ രണ്ടായിരം കുറവ് ...ന്നെ കണ്ടിട്ട്പറ്റിക്കാൻ എനിക്ക് തോന്നുന്നില്ലടാ പഹയാ ... ന്നൊരു ഡയലോഗും
വീണ്ടും ദൈവത്തിന്റെ കളി..അങ്ങനെ തറ പണിക്കാരെത്തി.
ൻ്റെ പുണ്യാളാ ന്താ ഞാനീ കാണണേ നാല് പേര് ചേർന്ന് പൊക്കിയെടുത്ത കല്ല് ഒരുത്തൻ ഒറ്റക്ക് കൂളായി തലയിൽ ചുമന്നുകൊണ്ടു പോകുന്നു ....
അങ്ങനെ തറയെടുത്ത്....ബെൽറ്റ്....പിന്നെ ഇൻ്റർലോക്ക് കട്ടവരവായി ....
ഒരു ലോഡിൽ ഒന്നോ രണ്ടോ എണ്ണമേ ഇറക്കിയതിന് ശേഷം പൊട്ടിയിട്ടുള്ളൂ :
നാട്ടുകാർ വീണ്ടും പേടിപ്പിച്ചു തുടങ്ങി. മ്മടെ കക്ഷി കട്ടപണിക്കാർ വന്നപ്പോൾ സംശയം ചോദിച്ച്...
അവര് കട്ട പൊക്കി ഒരിടൽ മൂപ്പര് ഒരു കൂസലുമില്ലാതെ ഇത് ഞാനെത്ര കണ്ടതാന്നു പാഞ്ഞ് ങ്ങനെ കിടക്കുന്നു....ഇത് ആയിരത്തി ഇരുന്നൂറാമത്തെ വീടാ...
ശ്വാസം നേരെ വീണ്:-
മ്മടെ കക്ഷിക്ക് വീടു പണിയറിയില്ലെങ്കിലും, വര അറിയുന്ന കാരണം നെറ്റിൽ തപ്പി കുറേ വിവരണങ്ങൾ പൊക്കിയെടുത്തിരുന്നു. അതെല്ലാം വച്ച് ഒരു ഇൻ്റീരിയർ ഡിസൈനിങ്ങങ്ങട് നടത്തി...
വൈഫിൻ്റേയും മക്കളുടെയും വക വേറെ ...ങ്ങനെ വീട് ഏതാണ്ടരു രൂപമായി മനസ്സിൽ അപ്പോൾ തന്നെ വീട് 3D അല്ല 5 Dയിൽ കണ്ടു തുടങ്ങി.... വീട്ടിൽക്കൂടെ നടപ്പും താമസവും വരെ കഴിഞ്ഞു ...പിന്നെ ബെൽറ്റ്: .
2017 september
കട്ടിളവയ്ക്കൽ: ചിതൽ ശല്യം കൂടുതലുള്ള കാരണം കുന്നിവാക ( കരിവാക) ക്ക് ചിതലിനെ ചെറുക്കാൻ ശേഷിയുണ്ടെന്നയറിവിൽ അതെടുത്ത് കട്ടിള ജനലുണ്ടാക്കി (നിങ്ങൾക്ക് കോൺക്രീറ്റ് /സ്റ്റീൽ ഉപയോഗിക്കാം) പുതിയ ഇൻ്റർലോക്ക് സംരഭമായ കാരണം കട്ടിളവെക്കലിന് അധികമാരയും വിളിച്ചില്ല. പിന്നങ്ങോട്ട് സൂപ്പർ ഫാസ്റ്റായി രുന്നു: അഞ്ച് ദിവസത്തിൻ ലിൻ്റ്റിൽ ഹൈറ്റായി ::
കമ്പി, മണൽ, സിമൻ്റ്....ഓട്ടം ചാട്ടം..ഇറക്കൽ: കമ്പികെട്ട് ടീം രാവിലെ കട്ടനായി പിടിപ്പിച്ചിരുന്നത് :ബ്രാൻഡിയായിരുന്നു. വെപ്പും കുടീം കുളീമൊക്കെ മ്മടെ പണി തീരാത്ത ബീട്ടിൽ:... ങ്ങള് ഇത് കണ്ട് പേടിക്കണ്ട ...മ്മടെ കമ്പനിയിലെ ഏറ്റം നല്ല ടീമാണ് ദ് ന്ന് സൂപ്പർവൈസർ സാർ മൊഴിഞ്ഞപ്പോഴാണ് വിശ്വാസായത് :-അതും തീർന്ന്....പിന്നെ മെയിൻ വാർപ്പ്....
2017 December
നല്ല കാലാവസ്ഥ പടച്ചോൻ തന്ന്..പിന്നെ നനക്കലായി, വെള്ളം നിറുത്തലായി ....പിന്നേം വന്ന് നമ്മുടെ സൂപ്പർ ഫാസ്റ്റ് ടീമുകൾ ഓരോന്നായി അങ്ങനെ രണ്ടാം നിലയും തീർന്ന്...
2018 February
ഫണ്ട് നോക്കിയപ്പോൾ ഇനിയും വേണം ഒരു പതിനഞ്ച് ലക്ഷത്തോളം... പിന്നേം ദൈവത്തിന്റെ കളി നോട്ടുനിരോധനം കാരണം മുടങ്ങിക്കിടത്ത മ്മടെ സ്ഥലത്തിന് ഒരന്വേഷണം :-അതുവിറ്റുപോയി.. ങ്ങനെ പത്ത് ലക്ഷം കിട്ടി..ബാക്കി അത് ദൈവം തരും.. കെട്ടിയോള് .... തന്നെ തന്നെ..
പിന്നെ ടീമുകൾ ഓരോന്നായി വന്നു പോയി, ഇലക്ട്രിക്, പ്ലമിങ്... തേപ്പ്: പ്ലാസ്റ്ററിങ്ങ്, വർക്ക് ഏരിയ, കിച്ചൺ, ബാത്റൂം എന്നിവിടങ്ങളിലും, മറ്റ് സ്ഥലങ്ങളിൽ ജിപ്സം പ്ലാസ്റ്ററിങ്ങും ചെയ്താൽ മതിയെന്ന നിർദ്ദേശം, നോക്കിയപ്പോൾ ലേബർ + മെറ്റീരിയൽ = 60 രൂപ തേപ്പിന് പണിക്കൂലി 100 രൂപ.
'വാതിൽ ജനൽ പത്ത് ലക്ഷം സ്വാഹ..ഇനിയഞ്ച് - '
2018 may
വീണ്ടും ലോൺ കിട്ടുമോന്ന് അന്വേഷണം..മ്മടെ BM പറഞ്ഞു അഞ്ചല്ലേ ഇപ്പ ശര്യാക്കിത്തരാം....പിന്നെ ടൈൽ കണ്ടു പിടിക്കാൻ കുറേയലഞ്ഞ് ::ങ്ങനെ ടൈലിടലും കഴിഞ്ഞു. എല്ലാ കാര്യങ്ങളും മുൻകൂർ പ്ലാനിൽ ചേർത്ത കാരണം പണിക്കാരുടെ നിർദ്ദേശങ്ങളും ചേർന്ന് ഇൻ്റീരിയർ ആവശ്യങ്ങൾക്കായ എല്ലാ സെറ്റപ്പുമായി ...
2018 june
ഇനി പെയിൻ്റിങ്:കബോർഡ്, വാതിൽ, ജനൽ പാളി..
:: അഞ്ചുലക്ഷം സ്വാഹ
വീണ്ടും ദൈവത്തിന്റെ രൂപത്തിൻ ഫണ്ടെത്തി ഭാര്യവീട്ടിൽ നിന്ന്..
മൂന്നു ലക്ഷം .....
ചെലവ് ചുരുക്കാൻ ഏതറ്റവും പോകാൻ തയ്യാറായിരുന്ന മ്മടെ കക്ഷി വിജാഗിരി, ലോക്ക് മറ്റു മരപ്പണിക്കാവശ്യമായ സാധനങ്ങൾ ഹോൾ സെയിലിലും കുറവിൽ കോഴിക്കോട് നിന്ന് ഞാനെടുത്തു തരാമെന്ന് മരപ്പണിയുടെ കോൺട്രാക്ടർ പറഞ്ഞപ്പോൾ, മ്മടെ കക്ഷി പാലക്കാട് നിന്ന് കോഴിക്കോടിന് വണ്ടി പിടിച്ച്.....കാര്യം ശരിയാണ് നാട്ടിലെ വിലയേക്കാൾ 30% കുറവ്, നല്ല കിട്ടlലൻ ഐറ്റങ്ങൾക്ക്. അങ്ങനെ ദൈവം വീണ്ടും ....
ഇതിനിടക്ക് 2018 ആഗസ്റ്റ് പ്രളയത്തിൽ ഒരു മാസം പണി മുടങ്ങി മുങ്ങിപ്പോയി..പെയിൻ്റിങ്ങിന് വീണ്ടും ദൈവം കമ്പനി മാനേജരുടെ രൂപത്തിൽ...' മൂപ്പരുടെ ഒരു ചങ്ങായി ഡിസ്ടിബ്യൂട്ടറാണ്. ഞാൻ നിങ്ങൾക്ക് വിലക്കുറവിലെടുത്ത് തരാം.. ഓകെ, വീണ്ടും കോഴിക്കോട്ടങ്ങാടിയിൽ..ഒരു കോഴിക്കോടൻ ബിരിയാണിയുമടിച്ച് പെയിൻ്റ്, ഇമൽഷൻ. ഉറപ്പിച്ച് മ്മടെ കക്ഷി വീടു പിടിച്ചു...നാട്ടിൽ വന്നു ചോദിച്ചപ്പോൾ 15% വില വ്യത്യാസമുണ്ട്. അങ്ങനെ വീട് കളറൊക്കെയിട്ട് കല്യാണപ്പെണ്ണിനെപ്പോലെയായി:..
September 2018
കിച്ചൺ കബോർഡ്, വാഡ്രോബ്, സോഫ, ഡൈനിങ്,... ഇവയെല്ലാം മരമെടുത്ത് പണിതാൽ 30% ലാഭമാണെന്ന് കേട്ടപ്പോൾ... ന്നാ ശരിന്ന് പറഞ്ഞ് ആ പണിക്കിറങ്ങി..മ്മടെ കക്ഷി. പക്ഷേ ഫണ്ട്: ...വീണ്ടും ഭാര്യ: മ്മക്ക് ഈ സ്വർണ്ണം പണയം വെക്കാന്നേ :-അങ്ങനെ എല്ലാമായി ..
2018 October
ഇത് നിങ്ങ വായിച്ചപ്പോൾ "കൊക്കെത്ര കൊളം കണ്ടതാ "ന്ന മട്ടിൽ ചിലരെങ്കിലും പഞ്ചപുച്ഛമടക്കിയിരിക്കുന്നുണ്ടാവും...അവരുടെ മനസ്സിലൂടെ ഒരു ഫ്ളാഷ് ബാക്ക് മിന്നൽപ്പിണർപ്പോലെ കടന്നു പോയിട്ടുണ്ടാവും... "സ്വന്തം വീടുപണി..." സത്യല്ലേ?
മറ്റുള്ള വീട് പണിയാൻ പോകുന്ന ചങ്ങായിമാർക്ക് ഇത് ഒരു ധൈര്യം കിട്ടാൻ "രണ്ടെണ്ണമടിച്ചാലെന്ന പോലെ " ഒരു ധൈര്യത്തിനായിട്ടെഴുതിയതാണ്, അതുപോലെ വിചാരിച്ചത്ര ബുദ്ധിമുട്ടില്ല എന്നും കൂടി പറയാനാണ് (കോൺട്രാക്റ്റ് വർക്ക് നിരുത്സാഹപ്പെടുത്താനല്ല) നിങ്ങൾ ഇൻ്റർലോക്കിൽ വീട് പണിയണമെന്ന് ഞാൻ നിർദ്ദേശിക്കില്ല, നിങ്ങൾക്ക് ചെയ്യണമെങ്കിൽ ആവാം
ദൈവത്തിന്റെ കയ്യൊപ്പിലാണ് ഞങ്ങളുടെ വീട് പൂർത്തിയായത് ,അതിന് എന്നും നന്ദിയുണ്ട്.....ഞാൻ മ്മിണി ബല്യ പുളളിയാണെന്ന് കാണിക്കാനെഴുതിയതല്ലാ ട്ടോ...ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാം നടന്നു. ഓർക്കുമ്പോൾ ഒരു പേടി സ്വപ്നം പോലെതോന്നും ...
N.B-കഥ നീണ്ടു പോയതിന് ക്ഷമിക്കണം....
English Summary- How I Built my Dream home- Malayali Experience