ADVERTISEMENT

വീടുപണിയുമായി ബന്ധപ്പെട്ട് സമീപിക്കുന്ന പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: 'ഇത്ര ലക്ഷം രൂപയുണ്ട് കയ്യിൽ. എത്ര സ്ക്വയർഫീറ്റ് വീട് പണിയാം?'...

ഉദാഹരണത്തിന് 12 ലക്ഷം രൂപ കയ്യിലുള്ള വീടുപണിയാൻ തയ്യാറായി നിൽക്കുന്ന ആൾ, ഏറ്റവും ചുരുങ്ങിയത് വീടുപണിയുടെ കണക്കുകൾ കണക്കാക്കുന്നതിന്റെ ആധാരശിലയായ ചതുരശ്രഅടിയെക്കുറിച്ച് നന്നായി മനസിലാക്കിവയ്ക്കുക. ഇനിയങ്ങോട്ട് സ്ക്വയർഫീറ്റിലാണ് സർവ്വരേയും അഭിസംബോധന ചെയ്യേണ്ടിവരിക എന്നതുതന്നെ കാരണം.

ഇനി ചോദ്യത്തിന്റെ ഉത്തരം. 500, 560, 600, 650, 700, 750, 800, 850, 900, 950, 1000 സ്ക്വയർഫീറ്റ് വരെ വീടുപണിയാം എന്നാണ് ഉത്തരം. പക്ഷേ അത് പലപല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.കണക്കിൽ ഒറ്റ ഉത്തരമേ ഉള്ളൂ എങ്കിലും വീടുപണിയുടെ കണക്കു പുസ്തകത്തിൽ ഒട്ടേറെ ഉത്തരങ്ങളുണ്ടാവും.

വീടുപണിയുടെ കാര്യത്തിൽ എന്തുകൊണ്ടാണ് ഇത്രയേറെ ഉത്തരങ്ങളുണ്ടാവുന്നത് ? എന്തുകൊണ്ടാണ് എല്ലാ ഉത്തരങ്ങളും ശരിയാവുന്നത്? ഭൂപ്രദേശം അനുസരിച്ച്, നമ്മുടെ ജീവിതരീതി അനുസരിച്ച്, ബോധം അനുസരിച്ച്, മണ്ണിന്റെ ഘടന അനുസരിച്ച്, ബന്ധുമിത്രാദികളുടെ ഉപദേശങ്ങളനുസരിച്ച്, കാലഘട്ടത്തിനനുസരിച്ച്, വീടിന്റെ വിസ്തീർണത്തിലും ബജറ്റിലും ഏറ്റക്കുറച്ചിലുകൾ സംഭവിച്ചുകൊണ്ടിരിക്കും.

മാത്രമല്ല ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലശ്രേണി മറ്റൊരു പ്രധാന ഘടകമാണ്. മണ്ണ് ചതുപ്പാണെങ്കിൽ, അടിത്തറയ്ക്ക് കുറച്ചേറെ പണം ചെലവഴിക്കേണ്ടി വരും. ബാത്ത്റൂമുകളുടെ എണ്ണം കൂടുമ്പോൾ പൊടുന്നനെ ചെലവും കൂടും.

429754738
Representative Image: Photo credit: Segen/ Shutterstock.com

നിലത്തിടുന്ന ടൈൽസ് 30 രൂപയിൽ നിന്ന് 80 രൂപയായാൽ ചിലപ്പോൾ അതുക്കും മീതെയായാൽ മുൻഭിത്തിയിൽ ക്ലാഡിങ് വേണമെന്ന് തീരുമാനിച്ചാൽ, തേക്ക് മരത്തിൽ ജനാലയും വാതിലും വേണമെന്ന് തോന്നിയാൽ, ബാത്റൂം ഫിറ്റിംഗ്സിന്റെ ബ്രാന്റുകൾ മാറിയാൽ, അടുക്കളയിൽ ഒരു കാബിനറ്റ് അധികം വന്നാൽ, വാൾപുട്ടി ഉപയോഗിച്ച് ഭിത്തി മനോഹരമാക്കിയാൽ അതിനൊക്കെ പുറമേ മുറ്റത്ത് ഇന്റർലോക്ക് ലേശം ലാൻഡ്സ്കേപ്പിങ്, അതിർത്തിയിൽ മതിൽ,  ഗംഭീരമായ ഗേറ്റ് ഇത്യാദി കൂടിയായാൽ ബജറ്റിന് വ്യതിയാനങ്ങൾ വന്നുകൊണ്ടിരിക്കും.  

വീടുപണി ചെലവ് കുറയ്ക്കാനാണെങ്കിൽ ഒരു ബജറ്റ് നിലപാടാണ് ആദ്യം വേണ്ടത്. ചെലവ് കൂട്ടാൻ പ്രത്യേകമായ കഴിവൊന്നും വേണ്ടതില്ലല്ലോ. ചിലവഴിക്കാൻ പണമുണ്ടായാൽ മാത്രം മതി. അതിനൊക്കെ പുറമേ തൊഴിലാളികളുടെ കൂലി നിലവാരം മറ്റൊരു ഘടകമാണ്.

അതിനാദ്യം വേണ്ടത് വീടിനെപ്പറ്റി ഒരു നിലപാട് ഉണ്ടാക്കുക. ബജറ്റിന്റെ കാര്യത്തിൽ തീരുമാനമായ സ്ഥിതിക്ക് താങ്കളുടെ സംസ്കാരത്തിനും ബോധത്തിനും അനുസരിച്ച് വിസ്തീർണ്ണം പരമാവധി കുറഞ്ഞ ഒരു വീട് രൂപകൽപന ചെയ്യുക.

അതാണ് സാധ്യമായത്. താങ്കളെടുക്കുന്ന ഓരോ തീരുമാനവും ചെലവിനെ ബാധിച്ചുകൊണ്ടേയിരിക്കും എന്നും ഓർക്കുക. അപ്പോഴും വീടിന്റെ ചെലവ് കുറയ്ക്കാൻ എളുപ്പവഴി എന്ന് പറയുന്നത് വീടിന്റെ വിസ്തീർണ്ണം കുറയ്ക്കലാണ്. അതുമാത്രമാണ് ശാസ്ത്രീയമായ സൂത്രവഴി. വലിയ തീരുമാനങ്ങളുടെ ഉൽപന്നങ്ങളായിരിക്കും ഓരോ ചെറിയ വീടും.

ലേഖകൻ ഡിസൈനറാണ്.

English Summary- Building House and Budgeting- Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com