വീടുപണിക്ക് ഇഷ്ടിക തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
എന്‍റെ കുട്ടിക്കാലത്ത് വേനൽക്കാലത്ത് വീടിനടുത്തുള്ള പാടത്ത് ആളുകൾ ധാരാളം ഇഷ്ടിക ചൂളകൾ നിർമ്മിക്കും. ഉദ്ദേശം ഒരുമാസത്തെ ശ്രമത്തിനുശേഷം ചൂളയ്ക്ക് തീയിടുന്ന ദിവസം അവിടെ ചില പൂജകളൊക്കെ കാണും. അവലും മലരും തേങ്ങാപൂളും ഒക്കെ കിട്ടുന്നതുകൊണ്ട് ഞങ്ങളും അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും, ഇതൊക്കെ കിട്ടിക്കഴിഞ്ഞാൽ സ്ഥലം കാലിയാക്കും. രാത്രിയിൽ കത്തിനിൽക്കുന്ന ചൂളകൾ രസകരമായ കാഴ്ചയാണ്.
ഈ രസം നഷ്ടപ്പെടുന്നത് പിറ്റേന്ന് രാവിലെയാണ്. കോഴിക്കൂട് തുറന്ന് നോക്കുമ്പോൾ ഒന്നോ രണ്ടോ കോഴി അപ്രത്യക്ഷമായിരിക്കും. ആ സമയം ആ കോഴികൾ തലേരാത്രി ചൂള കത്തിച്ചവരുടെ വയറ്റിൽ ചാരായത്തോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്നുണ്ടാവും.
ഇഷ്ടികയെ കുറിച്ചാണ് പറയാനുള്ളത്...
1- നാടൻ ഇഷ്ടിക, കമ്പനി ഇഷ്ടിക എന്നീ രണ്ടിനങ്ങളിൽ ഇഷ്ടിക ലഭ്യമാണ്. സാധാരണ ഒരു വീട്ടുപണിക്കൊക്കെ നാടൻ ഇഷ്ടിക മതി. നാടനായാലും കമ്പനിയായാലും ഇഷ്ടിക തെരഞ്ഞെടുക്കാനും ഇഷ്ടികപ്പടവ് നടത്തുമ്പോൾ ശ്രദ്ധിക്കാനുമുള്ള ചില നമ്പറുകളാണ് ചർച്ച ചെയ്യുന്നത്.
2- ഇഷ്ടിക തെരഞ്ഞെടുക്കാൻ പല എൻജിനീയറിങ് രീതികൾ ഉണ്ടെങ്കിലും സാധാരണക്കാർക്ക് പറ്റിയ ഏറ്റവും മികച്ച രീതി പഴയ മുത്തശ്ശിമാർ മൺകലം വാങ്ങുമ്പോൾ ഉപയോഗിച്ചിരുന്ന പരിശോധനാ രീതിയാണ്. അതായത് നല്ല ഇഷ്ടിക എടുത്തു കൈവിരൽ മടക്കി മുട്ടിനോക്കിയാൽ നേരിയ നേരിയൊരു മണിമുഴക്കം പോലെയുള്ള ശബ്ദം കേൾക്കും, കേൾക്കണം.
3- കൃത്യമായ അളവിൽ കളിമണ്ണ് ചേർക്കപ്പെട്ട ഇഷ്ടികയ്ക്ക് മാത്രമേ ഈ ശബ്ദം പുറപ്പെടുവിക്കാൻ കഴിയൂ. അല്ലാത്തതിന് ഒരുതരം ചിലമ്പിയ ശബ്ദമായിരിക്കും. അതുപോലെ മൂലകൾ നഷ്ടപ്പെട്ടിട്ടുണ്ടാവില്ല.
4- നല്ല ഇഷ്ടികയ്ക്ക് നല്ല ചുവപ്പു നിറം കാണും. ഭാഗികമായി മാത്രം വെന്ത ഇഷ്ടികയ്ക്ക് ഈ നിറം ലഭിക്കില്ല.
5- ഇഷ്ടിക നെടുകെ പൊട്ടിച്ചു നോക്കിയാൽ അതിന്റെ വേവിനെ കുറിച്ച് ഏതാണ്ടൊരു രൂപം കിട്ടും. പൂർണ്ണമായി വേവാത്ത ഇഷ്ടികക്കുള്ളിൽ പച്ചമണ്ണ് അതുപോലെ കാണും.
6- സാമ്പിളായി എടുക്കുന്ന ഇഷ്ടിക വീട്ടിൽ കൊണ്ടുവന്ന് വെള്ളത്തിൽ ഇട്ടുവയ്ക്കുക. നാലഞ്ചു മണിക്കൂർ കഴിഞ്ഞു എടുത്തു നോക്കുമ്പോൾ വേവാത്തതും, കളിമണ്ണിന്റെ അളവ് കുറവുള്ളതുമായവക്ക് മൂലകൾ നഷ്ടപ്പെട്ടു ഏതാണ്ട് കമ്പ്യൂട്ടർ മൗസ് ഷേപ്പ് ആയിട്ടുണ്ടാവും.
7- ഉദ്ദേശം ആറടി ഉയരത്തിൽനിന്നു കുത്തനെ താഴെ ഇട്ടാലും നല്ല ഇഷ്ടിക പൊട്ടിപ്പോവില്ല. ശ്രദ്ധിക്കുക കുത്തനെ മാത്രം ഇടണം. വിലങ്ങനെ ഇട്ടാൽ ഏത് ഇഷ്ടികയും പൊട്ടും.
8- വെട്ടുകല്ലിനെ അപേക്ഷിച്ച് ഇഷ്ടിക ഉപയോഗിക്കുമ്പോൾ പടവിനു കൂടുതൽ സിമന്റും മണലും ചെലവാകും.
9- വേനൽക്കാലത്ത് ഇഷ്ടികയ്ക്ക് വില കുറയും. ഈ സമയത്ത് ഇത് വാങ്ങി സംഭരിക്കുന്നതാണ് നല്ലത്. മഴ പെയ്താൽ വില കൂടും. വീടിനു വേണ്ടുന്ന ഇഷ്ടിക മൊത്തം എടുക്കുമ്പോൾ വിലപേശലും നടക്കും.
10 - ഇഷ്ടിക പടവ് നടത്തുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് പടവിനു മുൻപും ശേഷവും ഇഷ്ടിക നന്നായി നനക്കണം എന്നതാണ്. ഇങ്ങനെ നന്നാക്കാത്തപക്ഷം ഇഷ്ടിക അതുമായി ചേർന്നിരിക്കുന്ന ചാന്തിലെ വെള്ളം വലിച്ചെടുക്കും. ഇത് പടവിന്റെ ബലത്തെ ഗൗരവകരമായി ബാധിക്കും. ഈ പ്രശ്നം കാരണം സമയം അനുവദിക്കുകയാണെങ്കിൽ ഒരു മഴക്കാലം മുഴുവൻ ഇഷ്ടിക പുറത്ത് സൂക്ഷിച്ചാലും തെറ്റില്ല.
സിമന്റ് ബ്ലോക്കിന്റെ കാര്യം പിന്നൊരിക്കൽ....
English Summary- Things to know while Selcting Mud Bricks for House Construction