പുറമെ കാണുന്നതെല്ലാം വിശ്വസിക്കരുത്: ചതിക്കുഴികൾ കരുതിയിരിക്കണം; അനുഭവം
Mail This Article
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒരു സൈറ്റ് വിസിറ്റ് ചെയ്യാനായി കാസർകോട് പോയപ്പോഴാണ് ഞാൻ ബാലൻ അങ്കിളിനെ പരിചയപ്പെടുന്നത്. അങ്കിൾ ദീർഘകാലം പ്രവാസിയായിരുന്നു, കഴിഞ്ഞ ഏതാനും വർഷങ്ങളായി നാട്ടിൽ സെറ്റിലാണ്, അൽപസ്വൽപം കൃഷിയും കാര്യങ്ങളുമായി മുന്നോട്ടു പോകുന്നു. 'മണ്ണിനെ വിശ്വസിച്ചാൽ അത് ചതിക്കില്ല' എന്നാണു ബാലൻ അങ്കിളിന്റെ പ്രമാണം. എന്തായാലും അങ്കിളിന്റെ ജീവിതം ഇപ്പോൾ മൊത്തത്തിൽ സ്വസ്ഥം, സുഖം, സുന്ദരം.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഈയടുത്തകാലത്തു മേൽപറഞ്ഞ മണ്ണ് ബാലൻ അങ്കിളിനെ ഒന്നുചതിച്ചു. ചതിയെന്നു പറഞ്ഞാൽ ഒന്നൊന്നര ചതിയായിപ്പോയി അത്. എന്നാൽ തന്റെ കൃഷിത്തോട്ടത്തിലെ മണ്ണല്ല അങ്കിളിനെ ചതിച്ചത്.
പറയാം.
തന്റെ വീടിനു പുറകിലുള്ള പഴയ കിണർ വൃത്തിയാക്കാനായി അതിലെ വെള്ളം പമ്പ് ചെയ്തു മാറ്റുന്നത് നോക്കുകയായിരുന്നു കിണറ്റിൻകരയിൽ നിൽക്കുന്ന അങ്കിൾ. പെട്ടെന്ന് അദ്ദേഹം നിന്നിടത്തെ മണ്ണ് താഴോട്ടു ആഴ്ന്നിറങ്ങി, ഏതാണ്ടൊരു ആറ് - ആറര അടി താഴ്ചയുള്ള ഒരു കുഴി രൂപപ്പെട്ടു. അങ്കിൾ അതിലേക്കു വീണു.
ഭാഗ്യത്തിന് വലിയ അപകടം ഒന്ന് പറ്റിയില്ലെങ്കിലും ഏതാനും മുറിവുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. എന്നാൽ അങ്കിൾ യാദൃശ്ചികമായി പറഞ്ഞ ഈ സംഭവകഥ കേട്ടപ്പോൾ ഏറ്റവുമധികം ഞെട്ടിയത് ഞാനാണ്.
കാരണം സൈറ്റ് വിസിറ്റ് കഴിഞ്ഞു അൽപം സംഭാരം കുടിക്കാനാണ് ഞാൻ മൂന്നു നാല് വീട് അപ്പുറമുള്ള ക്ലയന്റിന്റെ ബന്ധു കൂടിയായ അങ്കിളിന്റെ വീട്ടിൽ എത്തുന്നത്. സൈറ്റിൽ നല്ല ഒന്നാംതരം കാസർകോടൻ വെട്ടുകല്ല് കലർന്ന ഉറപ്പുള്ള മണ്ണാണ്. എന്നാൽ പുറമെ കാണുന്നതല്ല അകത്തുള്ള അവസ്ഥ എന്നതിനുള്ള ഒന്നാംതരം തെളിവാണ് അങ്കിളിന്റെ അനുഭവം.
അന്വേഷണം വ്യാപിപ്പിച്ചു. അപ്പോഴാണ് കാര്യങ്ങൾ വെളിച്ചത്തുവരുന്നത്.
നീലേശ്വരത്തിനടുത്തുള്ള ഈ പ്രദേശത്ത് കട്ടികൂടിയ മേൽമണ്ണാണുള്ളത്. ഏതാണ്ട് മൂന്നു മുതൽ ആറടി താഴ്ചവരെ ഒക്കെ ഇത് തുടരും. അവിടെനിന്നങ്ങോട്ടു താഴേക്കു വെറും മണലാണ്. എന്നുവച്ചാൽ നല്ല ഒന്നാംതരം പുഴമണൽ. ആ ഭാഗങ്ങളിൽ ഒക്കെ ആളുകൾ വീടുവയ്ക്കുന്നത് ഈ മണൽ കുഴിച്ചെടുത്താണ്. അങ്ങനെ അത് കുഴിച്ചെടുക്കുന്ന ഒരു സ്ഥലത്തേക്ക് പോയി, അങ്കിളിന്റെ തൊട്ട വീട്ടിൽ തന്നെ ഈ കുഴിച്ചെടുക്കൽ നടക്കുന്നുണ്ട്.
ഫോട്ടോയും എടുത്തു.
ഏതോ കാലഘട്ടത്തിൽ ഒരു പുഴ ഒഴുകിയിരുന്ന സ്ഥലത്ത് പിന്നീടെപ്പോഴോ, ഏതോ കാരണത്താൽ രൂപപ്പെട്ട സെഡിമെന്ററി റോക്ക് ഫോർമേഷന്റെ ഭാഗമായിരിക്കാം ഈ മുട്ടത്തോട് പോലുള്ള ഉറപ്പുള്ള മേൽപാളി. ഉള്ളത് പറയാമല്ലോ, അത്രയേ എനിക്കറിയൂ. കാസർകോട് മാത്രമല്ല, അങ്ങ് കട്ടപ്പനയിലും കണ്ടിട്ടുണ്ട് സമാന പ്രതിഭാസം. എന്തായാലും നമുക്ക് എന്തുകൊണ്ടാണ് അങ്കിൾ വീണതെന്ന് നോക്കാം.
കിണറ്റിലെ വെള്ളം വറ്റിച്ചപ്പോൾ ആ വെള്ളം കിണറിന്റെ പാർശ്വഭിത്തികളിൽ ഏൽപിച്ചിരുന്ന തിരശ്ചീന സമ്മർദം പൊടുന്നനെ ഇല്ലാതായതുകൊണ്ടു മണ്ണ് ഇടിഞ്ഞതായിരിക്കാം. അല്ലെങ്കിൽ അടി ഭാഗത്തുള്ള മണലിലെ ജലാംശം പൊടുന്നനെ കുറഞ്ഞപ്പോൾ അത് ചുരുങ്ങിപ്പോവുകയും, അതിൽ സപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന മേൽപ്പാളി ഇടിഞ്ഞു കുഴി രൂപപ്പെട്ടതുമാകാം. ഇനി ഇത് രണ്ടും ചേർന്ന ഒരു കാരണവുമാകാം.
എന്തായാലും ഒരു മനുഷ്യനെ സപ്പോർട്ട് ചെയ്യാൻ പോലും പറ്റാത്ത മണ്ണ് എങ്ങനെ ഒരു കെട്ടിടത്തെ സപ്പോർട്ട് ചെയ്യും എന്ന് ചോദിച്ചാൽ അതിലും കാര്യമുണ്ട്. കാരണം ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പയർ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള, ഏറെക്കുറെ അസാധ്യമായ ഒന്നാണ് അതിന്റെ ഫൗണ്ടേഷൻ.
ഇറ്റലിയിലെ പിസാ ഗോപുരം ഒക്കെ ലാലേട്ടൻ സ്റ്റൈലിൽ അൽപ്പം ചെരിഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ അതിനുള്ള കാരണം ആ രാജ്യത്തു നല്ല എൻജിനീയർമാർ ഇല്ലാഞ്ഞിട്ടല്ല. ഇക്കാരണം കൊണ്ടാണ്. നമുക്ക് കാസർകോട്ടേക്ക് തിരിച്ചുവരാം. ഇറ്റലിക്കാർ അവരുടെ കാര്യം നോക്കട്ടെ.
പൊതുവെ പാലക്കാടിന് വടക്കോട്ടുള്ള ഭാഗങ്ങളിൽ നല്ല ഉറപ്പുള്ള മണ്ണാണ് എന്നാണു വയ്പ്പ്. അത് ഏറെക്കുറെ ശരിയുമാണ്. എന്നാൽ തീരെ കുറഞ്ഞ സാഹചര്യത്തിൽ എങ്കിലും ഭൂമിയിലെ ഇത്തരം ചതിക്കുഴികളെക്കുറിച്ചു നാം കരുതിയിരിക്കണം. കാരണം, വീട് കുഴിലേക്ക് ഇടിഞ്ഞിറങ്ങി, റോഡിൽ ഗർത്തം രൂപപ്പെട്ടു എന്നിങ്ങനെയുള്ള നാം വായിക്കുന്ന വിചിത്ര വാർത്തകൾക്ക് പിന്നിലും ഭൂമിയുടെ ഇത്തരം ചതിക്കുഴികളുണ്ട്.
സോയിൽ ടെസ്റ്റ് ചെയ്‌താൽ പോരേ എന്ന് ചോദിക്കുന്നവർ ഉണ്ടാവാം.സോയിൽ ടെസ്റ്റ് നല്ലതാണ്. ശാസ്ത്രീയമാണ്. എന്നാൽ ബാഹ്യമായി നല്ല ഉറപ്പു ഫീൽ ചെയ്യുന്ന ഇടങ്ങളിൽ, സോയിൽ ടെസ്റ്റിന് പോകും മുൻപ് ഒരു ടെസ്റ്റ് പിറ്റ് എടുക്കുന്നതാണ് നല്ലതു എന്നാണു എന്റെ അഭിപ്രായം. അതുവഴി ഏതാണ്ടൊരു മൂന്നു മീറ്റർ വരെയുള്ള മണ്ണിന്റെ ഘടന നേരിട്ട് മനസ്സിലാക്കാം. ഈ പിറ്റ് പിൽക്കാലത്തു സെപ്റ്റിക്ക് ടാങ്കിന്റെ സോക്ക് പിറ്റ് (വെള്ളം വന്നു ചാടുന്ന കുഴി) ആയി ഉപയോഗിക്കാം. വേറെയും വഴികളുണ്ട്. തൊട്ടടുത്ത ഓപ്പൺ കിണറുകൾ പരിശോധനയ്ക്ക് വിധേയമാക്കാം.
അതുപോലെ പ്ലോട്ടിനെക്കുറിച്ചു സമീപത്തു ദീർഘകാലമായി താമസിക്കുന്ന പ്രായം ചെന്നവരോടും അഭിപ്രായം ആരായാം. അവരുടെ ഓർമ്മയിൽ ആ ഭാഗത്തു എന്നെങ്കിലും വെള്ളം പൊങ്ങിയിരുന്നോ, അവിടെ ഏതെങ്കിലും കാലത്തു നികത്തിയ കിണറുകളോ, കുളങ്ങളോ, കല്ലുവെട്ടു മടകളോ ഉണ്ടായിരുന്നോ എന്നെല്ലാം അന്വേഷിക്കാം. ഇതെല്ലാം ഫൗണ്ടേഷൻ പ്ലാനിങ്ങിനെ സഹായിക്കുന്ന ഘടകങ്ങളാണ്.
എന്തായാലും പിരിയാൻ നേരം ബാലൻ അങ്കിൾ എന്നെ അടുത്തു വിളിച്ചു പറഞ്ഞു.
" മണ്ണ് ചതിക്കില്ല എന്ന് ഞങ്ങൾ കർഷകർ പറഞ്ഞെന്നിരിക്കും. എന്ന് കരുതി നിങ്ങൾ എൻജിനീയർമാർ അത് അത്രക്കങ്ങു വിശ്വസിക്കണ്ട"
ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Hidden Traps in Soil- House Planning- Expert Talk