ADVERTISEMENT

വീടിനാവശ്യമായ ജലസംഭരണികളുടെ വലുപ്പം, സ്ഥാനം ഇവയെല്ലാം വീട് നിർമാണത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത കാര്യങ്ങളാണ്. വീട്ടിൽ താമസിക്കുന്നവരുടെ അംഗസംഖ്യയെ ഉദ്ദേശം 150 littre /day എന്ന കണക്കിൽ പരിഗണിച്ചാണ് വാട്ടർ ടാങ്കിന്റെ വലുപ്പം നിശ്ചയിക്കുന്നത്. വെള്ളത്തിന്റെ ഉപയോഗം കുറഞ്ഞത് രണ്ടു ദിവസത്തേക്ക് സംഭരിക്കുന്നതിനാവശ്യമായ ഉള്ളളവ് ടാങ്കിനുണ്ടായിരിക്കണം.

അഞ്ചു പേരുള്ള കുടുംബത്തിനു കുറഞ്ഞത് 1500 ലീറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കാണ് ആവശ്യമായി വരുന്നത്. കുറച്ചുകാലം മുൻപുവരെ വീടിനോട് ചേർന്ന്, ചിമ്മിനികൾക്ക് മുകളിലായി കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ജലസംഭരണികളാണ് ഉണ്ടായിരുന്നത്. എന്നാൽ അത് റെഡിമെയ്ഡ് പി.വി.സി ടാങ്കുകളിലേക്കും പിന്നീട് ഹൈഡെൻസിറ്റി പോളി എത്തിലീൻ ടാങ്കുകളിലേക്കും എത്തി നിൽക്കുന്നു. പി.വി.സി. ടാങ്കുകൾക്ക് ഉദ്ദേശം ലീറ്ററിന് ആറു രൂപയും, പോളി എത്തിലീൻ ടാങ്കുകൾക്ക് ഉദ്ദേശം ലീറ്ററിന് ഏഴ് രൂപയും വില വരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ജലമര്‍ദവും നിമിത്തമുള്ള വിണ്ടുകീറൽ പോളി എത്തിലീൻ ടാങ്കുകൾക്ക് കുറവായിരിക്കും.

ടാങ്കുകൾ ഉറപ്പിക്കേണ്ട ഉയരവും നേരത്തേ തന്നെ തീരുമാനിക്കണം. ബാത്റൂമിലെ ഷവറും ടാങ്കും തമ്മിൽ കുറഞ്ഞത് പത്ത് അടിയെങ്കിലും ഉയരവ്യത്യാസം നൽകണം. സോളർ വാട്ടർഹീറ്റർ ഉപയോഗിക്കുന്നു എങ്കിൽ, ടാങ്കിന്റെ അടിഭാഗവും സോളാർ പാനൽ യൂണിറ്റുമായി കുറഞ്ഞത് അഞ്ച് അടി ഉയരവ്യത്യാസവും നൽകണം.

വാട്ടർ ടാങ്കുമായി ഘടിപ്പിക്കുന്ന ഒന്നര ഇഞ്ച് / മുക്കാൽ ഇഞ്ച് പൈപ്പുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ല. കുറഞ്ഞത് 15kg/cm2 മർദം താങ്ങാനാവുന്ന പൈപ്പുകൾ മാത്രമേ വാട്ടർ ടാങ്കുമായി ബന്ധിപ്പിച്ചു പ്രഷർ പമ്പുകളിൽ നൽകാവൂ. ഭിത്തിക്കകത്തു നൽകുന്നത് സി.പി.വി.സി (ക്ലോറിനേറ്റഡ് പോളി വിനൈൽ ക്ലോറൈഡ്) പൈപ്പുകൾ തന്നെയാവണം. കൂടിയ ചൂടിലും തണുപ്പിലുമുള്ള ജലത്തിന്റെ വിതരണത്തിന് സി.പി.വി.സി പൈപ്പുകൾ തന്നെയാണ് ഏറ്റവും അനുയോജ്യം. പൈപ്പ് ലൈനിലൂടെയുള്ള ജലത്തിന്റെ വേഗം കുറവാണെങ്കിൽ പ്രഷർ ബൂസ്റ്റർ പിടിപ്പിക്കുന്നതും ഇന്ന് സർവസാധാരണമാണ്. എല്ലാം ലൈനിലും, ടാപ്പിലും ആവശ്യത്തിനുള്ള മർദം വെള്ളത്തിന് ലഭിക്കാനായി വാട്ടർ ടാങ്കിൽനിന്നുള്ള പ്രധാന ലൈനിൽ തന്നെ പ്രഷർ ബൂസ്റ്റർ പിടിപ്പിക്കാനാകും.

ഫ്ളാറ്റ് റൂഫ് വാർത്ത്, മുകളിൽ ട്രസ്റൂഫ് ചെയ്ത് ഓടിടുന്ന നിർമാണരീതി ഇന്നു കേരളത്തിൽ പരക്കെ കണ്ടുവരുന്നു. ട്രസ് റൂഫിന് ആവശ്യത്തിനുള്ള ഉയരം നിർമാണസമയത്ത് നൽകിയാൽ, സ്റ്റാൻഡ് നിർമിച്ച്, ട്രസ്റൂഫിനുള്ളിൽ തന്നെ വാട്ടർ ടാങ്ക് വയ്ക്കാവുന്നതാണ്. പ്രസ്തുത സ്റ്റാൻഡിൽ ചവിട്ടുപടികൾ നൽകിയാൽ ടാങ്ക് വൃത്തിയാക്കാനും സർവീസ് ജോലികൾക്കും ഭാവിയിൽ പ്രയോജനപ്പെടുകയും ചെയ്യും. വാസ്തുപരമായി വീടിന്റെ കന്നിമൂല ഉയർന്ന് നിൽക്കേണ്ടതിനാൽ വാട്ടർ ടാങ്കിന്റെ സ്ഥാനം െതക്കു പടിഞ്ഞാറ് നൽകാറുണ്ട്. ലേ ഔട്ട് പ്ലാൻ തയാറാക്കി വാങ്ങുമ്പോൾ വാട്ടർ ടാങ്കിന്റെ സ്ഥാനവും, തെക്കു പടിഞ്ഞാറൻ ചെരുവിൽ ആവശ്യമെങ്കിൽ സോളർ പാനലുകൾ സ്ഥാപിക്കാനുള്ള സ്ഥലവും മുൻകൂട്ടി തയാറാക്കണം.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙പ്ലാനിങ് ഘട്ടത്തിൽ വാട്ടർ ടാങ്കിന്റെ സ്ഥാനം നിർണയിക്കുക.

∙സോളർ ഹീറ്റർ നൽകുന്നുവെങ്കിൽ ടാങ്കും പാനലുകളുമായുള്ള ഉയരവ്യത്യാസം കൃത്യമായി പാലിക്കണം.

∙റൂഫ് ട്രസിനുള്ളിലാണ് ടാങ്ക് നിൽക്കുന്നതെങ്കിൽ ജി.ഐ പൈപ്പുപയോഗിച്ച് സ്റ്റാൻഡും, അതിൽ കയറാനുള്ള പടികളും ചേർത്ത് നിർമിക്കണം.

∙കോൺക്രീറ്റ് ടാങ്കുകളാണ് ടെറസിൽ പണിയുന്നതെങ്കിൽ ഫൗണ്ടേഷൻ ജോലി ചെയ്യുമ്പോൾ തന്നെ പില്ലറുകൾ നൽകി ബലപ്പെടുത്തണം.

English Summary- Water Tank Installation- Things to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com