വീട് ഉയർത്താം 8 അടി വരെ ഉയരത്തിൽ! കേരളത്തിൽ പ്രചാരമേറി ഹൗസ് ലിഫ്റ്റിങ് സാങ്കേതികവിദ്യ
Mail This Article
2018 , 2019 വർഷങ്ങളിൽ തുടർച്ചയുണ്ടായ വെള്ളപ്പൊക്കം മലയാളികളുടെ മഴക്കാലത്തോടുള്ള സമീപനം തന്നെ മാറ്റിക്കളഞ്ഞു. ഇപ്പോൾ ഓരോ മഴക്കാലവും പ്രളയം പ്രതീക്ഷിച്ചുകൊണ്ടാണ് മലയാളികൾ കഴിയുന്നത്. അതോടൊപ്പം പ്രളയത്തിൽനിന്ന് വീട് സുരക്ഷിതമാക്കാനുള്ള ഹൗസ് ലിഫ്റ്റിങ് ടെക്‌നോളജിയും കേരളത്തിൽ പ്രചാരംനേടുകയാണ്.
2018 ന് മുൻപുവരെ കോൺക്രീറ്റ് വീടുകൾ ഉയർത്താം എന്ന് പറയുമ്പോൾ ആളുകൾക്ക് അദ്ഭുതമായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. ആയാസരഹിതമായി വീട് ഉയർത്തിയെടുക്കാം എന്ന് പലകുറി തെളിയിക്കപ്പെട്ടു കഴിഞ്ഞു.
2018 ലെ പ്രളയത്തിന് ശേഷം , അരഭാഗത്തോളം വെള്ളം കയറിയ വീടുകളാണ് ഭാവിയെ മുൻനിർത്തി തറഭാഗം ഉയർത്തിയിരിക്കുന്നത്. തുടക്കത്തിൽ ആളുകൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും വിജയിച്ച കേസുകളുടെ എണ്ണം കണക്കാക്കി ആളുകൾ മുന്നോട്ട് വന്നിട്ടുണ്ട്. ആലപ്പുഴ, കൊച്ചി, കായംകുളം , കോട്ടയം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ വീടുകളും ഇത്തരത്തിൽ ഉയർത്തുന്നത്. റോഡ് ഉയർത്തിയപ്പോള്‍ കുഴിയിലായിപ്പോയതും, താഴ്ന്ന സ്ഥലമായതിനാൽ മഴക്കാലത്ത് വെള്ളം കയറുന്നതും, മണ്ണിന് ഉറപ്പ് കുറവായതിനാല്‍ ഇരുന്നുപോയതുമായ വീടുകളാണ് പ്രധാനമായും ഭൂനിരപ്പിൽ നിന്നും ഉയർത്തുന്നത്.
വീട് ഉയർത്തൽ എങ്ങനെ ?
ജാക്കി ഉപയോഗിച്ചാണ് വീട് ഉയർത്തുന്നത്. അതിനുശേഷം പുതിയ അടിത്തറ കെട്ടി ഉറപ്പിക്കുന്നു. വീടിന്റെ അടിത്തറയ്ക്കു താഴെ ഓരോന്നായി ഇരുമ്പ് ജാക്ക് പിടിപ്പിച്ച് വീട് മുഴുവനായി ജാക്കിന് മുകളിൽ വരുംവിധം ക്രമീകരിക്കുകയും അതിനുശേഷം ഒരേ അളവിൽ ജാക്ക് തിരിച്ച് വീട് ഉയർത്തിയശേഷമാണ് കട്ടകെട്ടി ബലപ്പെടുത്തുക. ഈ മേഖലയിൽ പരിശീലനം ലഭിച്ചവരാണ് ഇത് ചെയ്യുന്നത്.
വീടുകൾക്ക് യാതൊരിച്ചുവിധത്തിലുള്ള കേടുപാടുകളും കൂടാതെയാണ് വീടിന്റെ അടിത്തറ ഉയർത്തുന്നത്. ഒരു വീട് ഉയർത്തുന്നതിനായി തീരുമാനിച്ചാൽ എത്ര അടിയാണ് ഉയർത്തേണ്ടതെന്നു നിർണയിക്കും. അതിനു ശേഷം വീടിന്റെ ഉറപ്പും ബലവും ആയുസ്സുമൊക്കെ കൃത്യമായി പരിശോധിക്കും. വീടുയർത്തുന്നതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല എങ്കിൽ അത് തുറന്നു പറയുകയും ചെയ്യും.
സാധാരണരീതിയിൽ ഒന്നര മാസത്തോളം സമയമെടുത്താണ് വീട് ഉയർത്തുന്നത്. ഇതിനായി കരാറുകൾ തയാറാക്കുകയും ചെയ്യുന്നു.
ചുവരുകളുടെ രണ്ടുവശത്തും രണ്ടരയടി താഴ്ചയിലും വീതിയിലും കുഴിഎടുത്താണ് വീട് ഉയർത്തൽ ആരംഭിക്കുന്നത്. അടിത്തറയ്ക്കു താഴെ കോൺക്രീറ്റ് ബെൽറ്റ് ഉള്ള വീടുകളാണെങ്കിൽ ജാക്ക് പിടിപ്പിക്കാൻ എളുപ്പമാണ്. ഇത്തരത്തിൽ അല്ലാത്ത അവസ്ഥകളിൽ ഇരുമ്പിന്റെ സി ചാനൽ പൈപ്പ് പിടിപ്പിച്ച് അതിന്മേൽ ജാക്ക് ഉറപ്പിക്കും.സാധാരണരീതിയിൽ മൂന്നു അടിയാണ് വീട് ഉയർത്തുന്ന ഏറ്റവും കുറഞ്ഞ ഉയരം. ചില അവസരങ്ങളിൽ എട്ടടി ഉയരത്തിൽ വരെ വീട് ഉയർത്താറുണ്ട്. ഒരു വീട് ഉയർത്തുന്നതിനായി ശരാശരി 300 ജാക്ക് എങ്കിലും ഇത്തരത്തിൽ ഘടിപ്പിക്കുന്നു.
കെട്ടിടം ഉയർത്തിക്കഴിഞ്ഞ ശേഷം പ്രത്യേക രീതിയിൽ തയാറാക്കിയ കോൺക്രീറ്റ് മിശ്രിതംകൊണ്ട് കെട്ടിടത്തെയും പുതിയ അടിത്തറയെയും ബന്ധിപ്പിക്കും.ഇത് സുരക്ഷ ഉറപ്പിക്കുന്നു. കെട്ടിടം ഉയർത്തിക്കഴിഞ്ഞാൽ മുറ്റവും വീടിനുൾഭാഗവും മണ്ണിട്ട് സമനിരപ്പാക്കുന്നു. വീടുകൾ ഉയർത്തുമ്പോൾ ഉടമസ്ഥർക്ക് മുകളിലത്തെ നിലയിൽ താമസിക്കാവുന്നതാണ്. താഴത്തെ നിലയിലുള്ള ഫർണിച്ചറുകൾ മാത്രം മാറ്റി നൽകിയാൽ മതിയാകും. മാത്രമല്ല, വയറിങ്, പ്ലമിങ് എന്നിവയൊന്നും മാറ്റേണ്ടി വരില്ല. ആകെ മാറ്റേണ്ടി വരിക ഫ്ളോറിങ് ആയിരിക്കും. എന്നാൽ പ്രളയത്തെ തുടർന്ന് ഒരു വീട് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന നഷ്ടത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ തുകയെ ഇതിനു ആവുകയുള്ളൂ.
1500 ചതുരശ്രഅടി വിസ്തൃതിയിലുള്ള ഒരു വീട് ഉയർത്തുന്നതിനായി നാലു ലക്ഷം രൂപ മുതലാണ് ചെലവ് . കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കേരളത്തിൽ ഇത്തരത്തിൽ ആയിരക്കണക്കിന് വീടുകൾ ഉയർത്തിയിട്ടുണ്ട്.