വാടക കൊടുത്തു മടുത്തു: കാറിനെ വീടാക്കി യുവാവ്! ലൈഫ് ഹാപ്പി
Mail This Article
സാധാരണക്കാർക്ക് നഗരങ്ങളിൽ സാമാന്യം കൊള്ളാവുന്ന വീട് വാടകയ്‌ക്കെടുക്കണമെങ്കിൽ കിട്ടുന്ന ശമ്പളത്തിൽനിന്ന് വലിയൊരു തുക മാറ്റിവയ്ക്കേണ്ടിവരും. മറ്റൊരു മാർഗവും ഇല്ലാത്തതുകൊണ്ട് അധികതുക വാടക നൽകി കഴിഞ്ഞുകൂടുന്നവരാണ് അധികവും. ലോകമെമ്പാടും ഇതാണാവസ്ഥ.
എന്നാൽ ബൾഗേറിയ സ്വദേശിയായ യാവോർ ഡാൻറ്റ്സറോവ് ഇതിൽനിന്നൊക്കെ അല്പം വ്യത്യസ്തനാണ്. ഭാരവാഹനങ്ങൾ ഓടിക്കുന്നത് തൊഴിലാക്കിയ ഈ 33 കാരൻ വാടകയിൽനിന്ന് രക്ഷനേടാനായി ഇപ്പോൾ സ്വന്തം കാറിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.
2023 ജൂണിലാണ് യാവോർ ജോലി ആവശ്യങ്ങൾക്കായി ലണ്ടനിൽ എത്തിയത്. താമസത്തിന് സ്ഥലം തേടിയലഞ്ഞ് ഒടുവിൽ കിങ്സ്റ്റണിൽ നിന്നു തിരിയാൻ ഇടയില്ലാത്ത തരത്തിലുള്ള ഒരു മുറിയും കണ്ടെത്തി. ആഴ്ചയിൽ 150 പൗണ്ടായിരുന്നു (15000 രൂപ) മുറിയുടെ വാടക. നിവൃത്തിയില്ലാതെ അവിടെ കഴിഞ്ഞെങ്കിലും ഔദ്യോഗികമായി വാടക കരാർ എഴുതാതിരുന്നതിനെ തുടർന്ന് രണ്ട് മാസങ്ങൾക്കു ശേഷം അവിടെനിന്നും മാറണമെന്ന് ഉടമ യാവോറിനോട് ആവശ്യപ്പെട്ടു. താമസത്തിന് അനുയോജ്യമായ മറ്റൊരു മുറി കണ്ടെത്താനായിരുന്നു ആദ്യ ശ്രമം.
എന്നാൽ മനസ്സിനിണങ്ങിയ മുറിക്ക് കൊടുക്കാനുള്ള ഡിപ്പോസിറ്റ് തുക കയ്യിലില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലുമായി. അപ്പോഴാണ് തൻ്റെ ഒരു സുഹൃത്ത് ഒരു വാൻ സ്വന്തമാക്കി ഇഷ്ടമുള്ള രീതിയിൽ രൂപമാറ്റം വരുത്തിയ കാര്യം യാവോർ ഓർത്തത്. അങ്ങനെ സ്വന്തം ഫോർഡ് ഫിയസ്റ്റ കാർ ക്യാമ്പർ വാനാക്കി മാറ്റാൻ തീരുമാനമെടുത്തു. അടുത്ത നാല് ദിവസങ്ങളിൽ രാവും പകലും ഉറക്കമിളച്ച് കാറിനെ യാവോർ ചക്രത്തിൽ ഓടുന്ന ഒരു വീടാക്കി മാറ്റി.
സീറ്റുകളെല്ലാം ഇളക്കി മാറ്റിയ ശേഷം ഒരു തടി ഫ്രെയിം ഉപയോഗിച്ച് കാറിന്റെ താഴ്ഭാഗം നിരപ്പാക്കി. ശൈത്യകാലത്ത് തണുപ്പ് അധികമാകാതിരിക്കാൻ ഇൻസുലേഷനും ചൂടു കുറയ്ക്കാൻ എക്സ്ട്രാക്ടർ ഫാനും സ്ഥാപിച്ചു. വീൽചെയറുകളിൽ ഉപയോഗിക്കുന്ന ഫോം പാനലുകൾ ഓൺലൈനായി വാങ്ങി, അവ ചേർത്ത് അടുക്കിയതോടെ കിടക്കയും റെഡി.
ഫെയ്സ്ബുക് മാർക്കറ്റ് പ്ലേസിൽ നിന്നും 800 പൗണ്ടിന് (80000 രൂപ) സ്വന്തമാക്കിയ കാറാണ് ഇത്. കാറിൽ താമസ സൗകര്യം ഒരുക്കാനായി 1000 പൗണ്ടിൽ (ഒരു ലക്ഷം രൂപ) താഴെ മാത്രമേ യാവോറിന് ചെലവായിട്ടുള്ളൂ. പിന്നീടിങ്ങോട്ട് കാറിൽ തന്നെയാണ് യാവോറിന്റെ ജീവിതം.
രാത്രികാലങ്ങളിൽ വനമേഖലയിലും ബീച്ചുകളിലുമൊക്കെയുള്ള കാർ പാർക്കിങ്ങുകളിൽ വണ്ടിയിട്ട് സുഖമായി ഉറങ്ങും. ക്യാംപിങ് സ്റ്റൗ ഉപയോഗിച്ചാണ് പാചകം. 24 മണിക്കൂറും ടോയ്‌ലറ്റ് ഉപയോഗിക്കാവുന്ന തരത്തിൽ ഒരു ജിം മെമ്പർഷിപ്പ് കൂടി എടുത്തതോടെ മറ്റ് ആശങ്കകളൊന്നുമില്ലാതെ ജീവിതം സുഖകരമായി.
പ്രതിമാസം 23 പൗണ്ട് (2300 രൂപ) മാത്രമാണ് മെമ്പർഷിപ്പ് തുകയായി അടക്കേണ്ടത്. 600 പൗണ്ട് (60000 രൂപ) പ്രതിമാസ വാടകയുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക ഒന്നുമല്ലെന്നും യാവോർ പറയുന്നു.
ഒരു ഏജൻസിക്ക് കീഴിൽ ഭാരവാഹനങ്ങളോടിക്കുന്ന ഡ്രൈവറായി ജോലി ചെയ്യുന്നതുകൊണ്ട് കാർ യാത്രയ്ക്കിടയിൽ ജോലിക്കായും സമയം കണ്ടെത്താം. യുകെയിലെ 70 സ്ഥലങ്ങൾ ഇതിനോടകം യാവോർ കണ്ടുകഴിഞ്ഞു.
വർധിക്കുന്ന ഭവനവാടക, സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നതാണ്. അൽപം റിസ്കെടുക്കാനുള്ള മനസ്സുണ്ടെങ്കിൽ ജീവിതം കൂടുതൽ സുഖകരമാക്കാം എന്ന് തന്റെ ജീവിതം ഉദാഹരിച്ച് ഇദ്ദേഹം പറയുന്നു.
വീടുകളുടെ നാലു ചുവരുകൾക്കുള്ളിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ, കാറിലെ ഈ ജീവിതമാണ് സന്തോഷകരം. ഒരു പത്തുവർഷം മുൻപ് ഈ ബുദ്ധി തനിക്ക് എന്തുകൊണ്ട് തോന്നിയില്ല എന്നതു മാത്രമാണ് ഈ ചെറുപ്പക്കാരന്റെ വിഷമം.