ADVERTISEMENT

മോഷണം ലോകത്ത് എവിടെയും പുതിയ കാര്യമല്ല. വിലപിടിപ്പുള്ളവയും ഒരു ഉപയോഗമില്ലാത്തവയുമൊക്കെ മോഷണമുതലുകളിൽ പെടും. എന്നാൽ ഇന്നോളം കേട്ടിട്ടില്ലാത്ത ഒരു മോഷണ രീതിയാണ് ഇപ്പോൾ യുകെയിൽ നടക്കുന്നത്. ആഭരണങ്ങളോ കാറോ ഒന്നുമല്ല, ഇവിടുത്തെ ഒരുവിഭാഗം കള്ളന്മാർക്ക് ഇപ്പോൾ ടോയ്‌ലറ്റുകളോടാണ് താല്പര്യം. പോർട്ടബിൾ ടോയ്‌ലറ്റുകൾ മോഷ്ടിച്ച് ഓൺലൈനിൽ മറിച്ചുവിൽക്കുന്നതാണ് ഇപ്പോൾ യുകെയിലെ മോഷ്ടാക്കൾക്കിടയിലെ പ്രധാന ട്രെൻഡ്. അതും ഒറ്റയ്ക്കല്ല സംഘമായി ചേർന്നാണ് ഈ ടോയ്‌ലറ്റ് മോഷണം.

മുൻനിര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ടോയ്‌ലറ്റ് മോഷണ സംഘങ്ങൾ ഒരു മാഫിയയായി  മാറിക്കഴിഞ്ഞു. ഹെയർഫോർഡ്‌ഷെയറിലെ പെൻകോമ്പിൽ ഒരു മോട്ടോർസ്പോർട്ട് ഇവന്റ് നടത്താൻ ഒരുക്കിയിരുന്ന സ്ഥലത്തുനിന്ന് നാല്പതിനായിരത്തോളം പൗണ്ട് (40.5 ലക്ഷം രൂപ) വില വരുന്ന പോർട്ടബിൾ ടോയ്‌ലറ്റുകളാണ് മോഷണം പോയത്. ഇവ തിരികെ കണ്ടെത്തുക എന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണെന്ന് പോർട്ടബിൾ ടോയ്‌ലറ്റ് സപ്ലെയർ കമ്പനി ഉദ്യോഗസ്ഥർ പറയുന്നു.

കൃത്യമായ പ്ലാനിങ്ങോടെ സംഘം ചേർന്നാണ് ടോയ്‌ലറ്റുകൾ മോഷ്ടിക്കപ്പെടുന്നത്.  പിന്നീട് 500 പൗണ്ടിനു (50,000 രൂപ) മുകളിൽ വിലയിട്ട് ഇവ മറിച്ചു വിൽക്കുകയും ചെയ്യും. എല്ലാ ടോയ്‌ലറ്റുകൾക്കും ഏതാണ്ട് ഒരേ ആകൃതിയാണെന്നതുകൊണ്ടുതന്നെ അന്വേഷണത്തിൽ മോഷ്ടിക്കപ്പെട്ടവ ഏതാണെന്ന് തിരിച്ചറിയുന്നത്  ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാൽ പോർട്ടബിൾ ടോയ്‌ലറ്റുകളുടെ ഉടമസ്ഥരോടും സപ്ലൈയർമാരോടും അവരവരുടെ ടോയ്‌ലറ്റുകളിൽ  തിരിച്ചറിയത്തക്ക വിധം സൂചകങ്ങൾ നൽകാൻ ആവശ്യപ്പെടുകയാണ് പൊലീസ് ഉദ്യോഗസ്ഥർ. 

കോവിഡ് വ്യാപനം മുതൽ പോർട്ടബിൾ ടോയ്‌ലറ്റുകൾക്ക് ഏറെ ഡിമാൻഡുണ്ട്. നീണ്ട കാലത്തേക്കുള്ള  ആവശ്യങ്ങൾക്കായി ആളുകൾ ഇവ വാങ്ങി തുടങ്ങിയതോടെ ഇവയുടെ ലഭ്യതയും കുറഞ്ഞു. അടച്ചു മൂടിയ വലിയ വാഹനം  ഉപയോഗിച്ചാണ് ടോയ്‌ലറ്റുകളുടെ മോഷണങ്ങളിൽ ഏറെയും നടക്കുന്നത്. ഈ സെക്കൻഡ് ഹാൻഡ് ടോയ്‌ലറ്റുകൾ ഓൺലൈൻ സൈറ്റുകളിൽ അധികം വൈകാതെ പരസ്യപ്പെടുത്തുകയും ചെയ്യും. ഉപയോഗിച്ചിരുന്നതാണെന്ന് പരസ്യത്തിനൊപ്പം കുറിപ്പുണ്ടെങ്കിൽ പോലും അവയ്ക്ക് ധാരാളം ആവശ്യക്കാരുണ്ട്. പോർട്ടബിൾ ടോയ്‌ലറ്റുകളുടെ ക്ഷാമം ഒഴിവാക്കാൻ ആവശ്യക്കാരോട്  മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് നിർമാതാക്കൾ.

English Summary:

Portable Toilet Theft incidents repeats in UK- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com