മാസം ഒരുലക്ഷം ശമ്പളമുള്ളയാൾ എങ്ങനെ വീടുവയ്ക്കും? ഒഴിവാക്കാം കൺഫ്യൂഷൻ
Mail This Article
25000/50000/100000 രൂപ മാസം ശമ്പളം ഉണ്ട് എങ്ങനെ എനിക്കൊരു വീട് വയ്ക്കാൻ കഴിയും?...
സമൂഹമാധ്യമ ഗ്രൂപുകളിൽ ഇങ്ങനെ ചില ചോദ്യങ്ങളും അതിനെ കളിയാക്കിയുള്ള കമന്റുകളും കാണാറുണ്ട്. 'തനിക്ക് മാസം 1 ലക്ഷം രൂപ ശമ്പളം തന്നവരെ പറഞ്ഞാൽ മതി' എന്നൊക്കെ ചിലർ പറഞ്ഞുകളയും.
അങ്ങനെ കളിയാക്കി മാത്രം വിടേണ്ട ഒരു വിഷയമല്ലത്.
അടുത്ത കാലത്ത് കേട്ട മറ്റൊരു വാർത്ത പറയാം- 10 വർഷം മുൻപ് 10 കോടി ലോട്ടറി അടിച്ച ആൾ ഇപ്പോൾ പാപ്പരായി നിത്യചെലവിനായി താമസിക്കുന്ന വീടിന്റെ ജനലും വാതിലുമൊക്കെ പൊളിച്ചു വിൽക്കുന്ന വാർത്ത.
എന്തുകൊണ്ടാണ് അയാൾക്ക് അങ്ങനെ സംഭവിച്ചത്.?
കയ്യിലുള്ള സമ്പത്ത് എങ്ങിനെ കൈകാര്യം ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ഒരുപക്ഷേ പലരും ചൂഷണം ചെയ്തു കാണും.
സാമ്പത്തിക അച്ചടക്കം ഒരു മനുഷ്യന്റെ ജീവിതവിജയത്തിന് വളരെ പ്രധാനമായ ഘടകമാണ്.
ലക്ഷങ്ങൾ വരുമാനം ഉണ്ടെങ്കിലും പലർക്കും അതെങ്ങനെ ക്രിയാത്മകമായി കൈകാര്യം ചെയ്യണം എന്ന് അറിയില്ല.
ഒരു വീട് ഒരു മനുഷ്യന്റെ ജീവിതത്തിൽ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്. കയ്യിൽ ഉള്ള സമ്പത്തും മുന്നോട്ടുള്ള വരുമാനവും കണക്കാക്കി ചെറുതും വലുതുമായ വീടുകൾ ആളുകൾ പണിയുന്നുണ്ട്.
വിഷയത്തിലേക്ക് വരാം
നിങ്ങളുടെ ശമ്പളം എത്രയോ ആയിക്കോട്ടെ!
50000 ഉദാഹരണമായി എടുക്കാം.
നിങ്ങളുടെ കയ്യിൽ മറ്റു സമ്പാദ്യങ്ങൾ ഒന്നുമില്ല, ആകെ മാസം വരുന്ന ശമ്പളം മാത്രമേ ഉള്ളൂ എന്ന് കരുതുക.
വീട് പണിയാൻ ആഗ്രഹം ഉണ്ട്.
ആദ്യം ഒരു ബാങ്കിൽ പോയി നിങ്ങൾക്ക് എത്ര രൂപ ഹൗസിങ് ലോൺ കിട്ടും എന്ന് അന്വേഷിക്കുക.
(ഏതാണ്ട് 20 ലക്ഷം വരെ കിട്ടുവാൻ സാധ്യത ഉണ്ട്)
പക്ഷേ അത്രയും തുക ലോണെടുത്താൽ മാസം 20000 രൂപ എങ്കിലും തിരിച്ചടക്കേണ്ടി വരും.
അത് മുടങ്ങാതെ മാനേജ് ചെയ്യാൻ നിങ്ങൾക്ക് കഴിയും എങ്കിൽ ആ ബജറ്റിൽ ഫർണിഷിങ് ഉൾപ്പടെ എല്ലാ പണികളും പൂർത്തീകരിക്കുവാൻ കഴിയുന്ന ഒരു വീട് പ്ലാൻ ചെയ്യുക.
വരുമാനം കൂടുതൽ ഉള്ളവർക്ക് ബജറ്റ് കൂട്ടാം, കുറഞ്ഞവർക്ക് കുറയ്ക്കാം.
വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ മുൻപ് പറഞ്ഞു പോയിട്ടുള്ളതാണ് എങ്കിലും ഓർമിപ്പിക്കട്ടെ.
വീട് നമുക്കും കുടുംബത്തിനും സമാധാനമായി സുരക്ഷിതമായി താമസിക്കാനുള്ള ഒരിടമാണ്.
മറ്റുള്ളവരെ കാണിക്കുവാൻ വലിയ വീട് പണിതു ബാധ്യത വരുത്തി, സമാധാനം ഇല്ലാതെ നടക്കുന്നതിനേക്കാൾ നല്ലത് എപ്പോഴും ബാധ്യതകൾ കുറഞ്ഞ/ഇല്ലാത്ത/എളുപ്പം തീർക്കുവാൻ പറ്റുന്ന വീടുകളാണ്.
ചെറിയ ബജറ്റിൽ വീടുകൾ പണിയുമ്പോൾ പ്ലാനും എലിവേഷനും ഏറ്റവും ലളിതമാക്കുക.
നമ്മുടെ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് വീട് എന്നതു മനസിലാക്കി ഒരു ആയുഷ്കാലത്തെ സമ്പാദ്യം മുഴുവനും, ഭാവിയിൽ ബാധ്യതകളും, വീടിനായി ഇൻവെസ്റ്റ് ചെയ്യരുത്.
വരുമാനത്തിന്റെ പരമാവധി 30 ശതമാനത്തിൽ കൂടുതൽ ലോൺ അടവ് വരുന്ന രീതിയിൽ ഒരിക്കലും പ്ലാൻ ചെയ്യരുത്.
വീട് വലുതാക്കണമെങ്കിൽ നമ്മുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതനുസരിച്ചു നമുക്ക് പിന്നീട് സാധ്യമാണ്.
മുൻപ് ഒരു വാർത്തയുടെ കാര്യം പറഞ്ഞപോലെ ഉള്ളത് പൊളിക്കുവാൻ ഇടവരുത്താതെ ശ്രദ്ധിക്കുക.
ഒരു കൊച്ചുവീട്ടിൽ ജനിച്ചുവളർന്ന് വീട് ഒരു വലിയ സ്വപ്നമായി മനസ്സിൽ കൊണ്ടുനടന്ന് ആ സ്വപ്നഭവനം സാക്ഷാത്കരിച്ച അനുഭവത്തിൽനിന്നും അതേപോലെ മറ്റു സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട് നിർമ്മാണത്തിൽ പങ്കാളി ആയതിന്റെയും അനുഭവത്തിൽ നിന്നുമാണ് ഇത്രയും പറഞ്ഞത്. എല്ലാവർക്കും സ്വപ്നഭവനം സഫലമാകട്ടെ...