ADVERTISEMENT

വമ്പൻ കെട്ടിടങ്ങളുടെ നിർമാണത്തിന്റെ കാര്യത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ ഒന്നാണ് ചൈന. ലോകത്തിലെ ഏറ്റവും ഉയരംചെന്ന കെട്ടിടങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടിയ ഷാങ്ഹായ് ടവറടക്കം  വേറിട്ട പല നിർമിതികളും ചൈനയിൽ കാണാം. എന്നാൽ ഇന്ന് ഇതേ ചൈനയിൽ ഒരു വീട് സ്വന്തമാക്കുക എന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ച് ഒടുവിൽ എല്ലാം നഷ്ടപ്പെട്ട വേദനയുമായി കഴിയുന്നത് ലക്ഷക്കണക്കിന് ജനങ്ങളാണ്.

നിർമാണം പൂർത്തിയാകാതെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ ചൈനയിൽ ഇന്ന് പുതിയ കാഴ്ചയല്ല.

പതിറ്റാണ്ടുകളായി മികച്ച പ്രകടനം കാഴ്ചവച്ച ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പെട്ടെന്നുണ്ടായ മാന്ദ്യമാണ് ഈ അവസ്ഥയ്ക്ക് കാരണം. അമിത കടങ്ങൾ നിയന്ത്രിക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയെ തുടർന്ന് ഡെവലപ്പർമാരിൽ ഏറിയപങ്കും നിർമാണം പൂർത്തിയാക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിലായി. ഇതോടെ വൻതുക മുടക്കി നിർമാണം ആരംഭിച്ച പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഫലമോ ഒരു ആയുഷ്കാലത്തെ മുഴുവൻ സമ്പാദ്യവും സ്വപ്ന ഭവനം സ്വന്തമാക്കാനായി മുടക്കിയ ജനങ്ങളുടെ ജീവിതം ദുരിതക്കയത്തിലുമായി.

ഇത്തരത്തിൽ പണിതീരാതെ അവശേഷിക്കുന്ന നൂറുകണക്കിന് വമ്പൻ പദ്ധതികൾ രാജ്യത്തിലൂടനീളം കാണാം. റിട്ടയർമെന്റ് കാലം ആസ്വദിക്കാനും മക്കൾക്ക് മികച്ച താമസ സ്ഥലം ഒരുക്കാനും ബിസിനസ് മെച്ചപ്പെടുത്താനുമൊക്കെയാണ് പദ്ധതികളിലേക്ക് ആളുകൾ തുക നിക്ഷേപിച്ചത്.

പദ്ധതികളുടെ എല്ലാം തുടക്കം റിയൽ എസ്റ്റേറ്റ് മേഖല മികച്ച പുരോഗതി കൈവരിച്ച കാലത്തായിരുന്നതിനാൽ ഇവർക്ക് ആശങ്കകളും ഉണ്ടായിരുന്നില്ല.  അപ്പാർട്ട്മെന്റ് സമുച്ചയങ്ങളുടെ നിർമാണത്തിനു മുൻപ് തന്നെ മുഴുവൻ തുകയും നൽകി വീട് ബുക്ക് ചെയ്തവരേറെയാണ്. എന്നാൽ റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ചതോടെ പണം തിരികെ നേടാനോ വീട് സ്വന്തമാക്കാനോ കഴിയാത്ത സാഹചര്യം വന്നുചേർന്നു.

കിഴക്കൻ ജിയാങ്സു പ്രവിശ്യയിലുള്ള നാൻജിങ്ങിലെ മാത്രം കാര്യമെടുത്താൽ ഒരു ഹോട്ടലും ആർട്ട് മ്യൂസിയവും കൊട്ടാരവുംവരെ ഇത്തരത്തിൽ വർഷങ്ങളായി പണിതീരാതെ അവശേഷിക്കുന്നുണ്ട്. വടക്കു കിഴക്കൻ നഗരമായ ഷെൻയാങ്ങിൽ  യൂറോപ്യൻ ശൈലിയിലുള്ള 260 വീടുകൾ ഉൾപ്പെടുന്ന നെയ്ബർഹുഡിന്റെ നിർമാണം ആരംഭിച്ചെങ്കിലും രണ്ടു വർഷത്തിനു ശേഷം പദ്ധതി ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇന്നിപ്പോൾ ഇവിടം പ്രദേശവാസികളായ കർഷകർ കൃഷിക്കായി ഉപയോഗിക്കുകയാണ്. 

റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം നിർമാണം പൂർത്തിയായ കെട്ടിടങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. വാങ്ങാൻ ആളില്ലാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന ഇത്തരം വീടുകൾ പലയിടങ്ങളെയും പ്രേത നഗരങ്ങളാക്കി മാറ്റി. 2017ലെ കണക്കുകൾ അനുസരിച്ച് 65 ദശലക്ഷം വീടുകളാണ് ഇത്തരത്തിൽ താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. ഈ സാഹചര്യത്തെ നേരിടാൻ ഭരണകൂടങ്ങൾ പല മാർഗ്ഗങ്ങളും പരീക്ഷിച്ചിരുന്നു. വീട് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും പുതിയ ഉടമസ്ഥർക്ക് കാറുകളും സ്മാർട്ട് ഫോണുകളുമൊക്കെ ഇൻസെന്റീവായി നൽകിയതുമെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ ഇതൊന്നും യഥാർഥ പ്രശ്നത്തിനുള്ള പരിഹാരമായി കണക്കാക്കാനാവില്ല എന്നാണ് വിദഗ്ധരുടെ നിഗമനം.

റിയൽ എസ്റ്റേറ്റ് മേഖല കുതിച്ചുയരുന്നതിനൊപ്പം ആവശ്യത്തിൽ കൂടുതൽ വീടുകൾ നിർമിക്കുന്ന സാഹചര്യമുണ്ടായി. വീടുകളുടെ ഡിമാന്റും വസ്തുവിന്റെയും വീടിന്റെയും വിലയും ഇനിയും ഉയരും എന്ന പ്രതീക്ഷയിലായിരുന്നു ഇത്. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ ഈ പ്രതീക്ഷകൾ മങ്ങലേൽക്കാതെ തുടരുകയും ചെയ്തു. എന്നാൽ അമിതമായ കടമെടുപ്പിന് നിയന്ത്രണം വന്നതോടെ ഡെവലപ്പർമാർക്ക് കടബാധ്യതകൾ ഏറി. 2020 ആയപ്പോഴേക്കും ചൈനയിലെ രണ്ടാമത്തെ വലിയ കെട്ടിട നിർമാണ ഗ്രൂപ്പ് വരെ പാപ്പരാകുന്ന സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ എത്തി. 

ആയുഷ്കാലത്തെ സമ്പാദ്യം മുഴുവൻ കെട്ടിടത്തിനായി ചിലവഴിച്ച ജനങ്ങളിൽ വലിയൊരു ശതമാനം ഇനി ഭാവി എന്താകും എന്നറിയാതെ ആശങ്കയിലാണ്. ചുരുക്കം ചില നിർമാണങ്ങൾ കുറച്ചു വർഷങ്ങൾ കൂടി പിന്നിടുമ്പോഴേക്കും പൂർത്തിയാകാൻ സാധ്യതയുണ്ട്. ശേഷിക്കുന്നവ അനിശ്ചിതകാലത്തേയ്ക്ക് ഇതേ നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് റിസ്ക് അനലിസ്റ്റായ തോമസ് റാവു പറയുന്നു.

English Summary:

Real Estate Crisis in China- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com