ആരും അനുകരിക്കരുത്; എട്ടുനില കെട്ടിടത്തിൽനിന്ന് 27 സെക്കൻഡിൽ താഴേക്ക്! വൈറൽ
Mail This Article
കൂറ്റൻ കെട്ടിടങ്ങൾക്ക് മുകളിലേക്ക് വലിഞ്ഞു കയറി റെക്കോർഡുകൾ തീർക്കുന്ന റിയൽ ലൈഫ് സ്പൈഡർമാൻമാരെ കുറിച്ച് ധാരാളം വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇവിടെ നിർമാണം പുരോഗമിക്കുന്ന ഒരു വമ്പൻകെട്ടിടത്തിന്റെ എട്ടാം നിലയിൽനിന്ന് യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ സെക്കൻഡുകൾ കൊണ്ട് താഴെ എത്തുന്ന ഒരു വ്യക്തിയാണ് ദൃശ്യങ്ങളിലുള്ളത്.
ഒരേനിരയിൽ തുറന്നുകിടക്കുന്ന തട്ടുകളിലൂടെ ആയിരുന്നു ഈ സാഹസപ്രകടനം. കമഴ്ന്നു കിടന്നുകൊണ്ട് മുകൾനിലയിലെ സ്ലാബിന്റെ ഒരുഭാഗത്ത് ഇരുകൈകളുംകൊണ്ട് മുറുകെപ്പിടിച്ച് മലക്കം മറിഞ്ഞ് ഇയാൾ നേരെ താഴത്തെ നിലയിലെ സ്ലാബിനു വന്നു നിൽക്കും. അങ്ങനെ ഓരോ നിലകളായി ഒറ്റയടിക്ക് വട്ടംചുറ്റി ഇറങ്ങുകയാണ് വിഡിയോയിലുള്ള വ്യക്തി. സാധാരണഗതിയിൽ പടിക്കെട്ടുകളിലൂടെ എട്ടുനിലകൾ ഇറങ്ങി വരണമെങ്കിൽ അഞ്ചു മിനിറ്റെങ്കിലും വേണ്ടിവരും. എന്നാൽ ഇവിടെ ലിഫ്റ്റിന് സമാനമായ വേഗതയിലാണ് ഇയാൾ താഴത്തെ നിലയിൽ വന്നിറങ്ങിയത്. കൃത്യമായി പറഞ്ഞാൽ 27 സെക്കൻഡ് മാത്രമേ ഈ സാഹസം പൂർത്തിയാക്കാൻ വേണ്ടിവന്നുള്ളൂ.
സ്ലാബുകളുടെ വശങ്ങളിൽ പിടിക്കുമ്പോഴോ താഴത്തെ നിലയിലേക്ക് കാലുകൾ എത്തിക്കുമ്പോഴോ ഒന്ന് പതറിയാൽ ജീവൻ വരെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥ. എന്നാൽ ഒരിടത്ത് പോലും സംശയിച്ചു നിൽക്കാതെയാണ് ഇയാൾ തുടർച്ചയായി ഓരോ നിലകളും പിന്നിട്ടത്. പരിശീലനവും കായികക്ഷമതയും ഉള്ളതുകൊണ്ടാണ് ഇത്ര അനായാസമായി എട്ടു നിലകൾ ഇറങ്ങിവരാൻ സാധിച്ചത്. അതിനാൽ സാധാരണ ആളുകൾ ഇതുകണ്ട് അനുകരിക്കാൻ ശ്രമിക്കരുത് എന്നും മുന്നറിയിപ്പുകൾ പുറത്തുവരുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ എത്തിയ ദൃശ്യം ഇതിനോടകം 20 ലക്ഷത്തിനടുത്ത് ആളുകൾ കണ്ടുകഴിഞ്ഞു. എത്ര പരിശീലനമുണ്ടെങ്കിലും ഇത്തരം ഒരു പ്രവൃത്തിക്ക് ഇറങ്ങിത്തിരിക്കും മുൻപ് സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണെന്നും മറ്റു ചിലർ ഓർമിപ്പിക്കുന്നു.