ബാൽക്കണിയും മേൽക്കൂരയും പ്രാവുകൾ വൃത്തികേടാക്കുന്നുണ്ടോ? പരിഹാരമുണ്ട്
Mail This Article
പ്രാവുകളെ കണ്ടാസ്വദിക്കാമെങ്കിലും കൂട്ടമായി താമസത്തിന് എത്തുന്ന ഇവ മേൽക്കൂരയും ബാൽക്കണിയുമൊക്കെ കയ്യടക്കിയാൽ വീടും ഫ്ലാറ്റും വൃത്തികേടാകും എന്ന കാര്യത്തിൽ സംശയമില്ല. പ്രാവുകളെ ഭയപ്പെടുത്തിയും ഉപദ്രവിച്ചും തുരത്താൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ ചില ചെപ്പടിവിദ്യകളിലൂടെ പ്രാവുകളെ ദ്രോഹിക്കാതെ വീട്ടിൽനിന്നും ഫ്ലാറ്റിൽനിന്നും അകറ്റിനിർത്താനാകും (പൂർണഫലം ലഭിച്ചില്ലെങ്കിലും).
പിവിസി മെഷ്
തുറസ്സായ ബാൽക്കണിയിലേക്ക് പ്രാവുകൾ പറന്നിറങ്ങുന്നത് ഒഴിവാക്കാനായി മെഷ് നെറ്റ് സഹായിക്കും. സീലിങ് മുതൽ ബാൽക്കണിയുടെ തറ വരെയുള്ള ഭാഗം മൂടിയിടുന്നതിനായി പിവിസി കോട്ടിങ്ങുള്ള മെഷ് നെറ്റ് ഉപയോഗിക്കാം. പുറംകാഴ്ചകൾക്ക് തടസ്സമുണ്ടാക്കാത്ത വിധത്തിൽ സുതാര്യമായ മെഷ് നെറ്റുകളും ലഭ്യമാണ്. ഇവയ്ക്ക് ബലവും കൂടുതൽ കാലം ഈടുനിൽക്കാനുള്ള കഴിവും ഉണ്ടാവും. ഇത് സ്ഥാപിക്കുന്നതോടെ ബാൽക്കണിയിലേക്ക് എത്താനാവാതെ പ്രാവുകൾ മറ്റൊരിടം തേടി പോകും.
വിന്‍ഡ് ചൈം
കാറ്റിന്റെ ഗതിക്കൊപ്പം മണിനാദം പുറപ്പെടുവിക്കുന്ന വിൻഡ് ചൈമുകൾ പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ ഈ വിൻഡ് ചൈമുകൾക്ക് പ്രാവുകളെ അകറ്റിനിർത്താനും കഴിയും. വീട്ടിൽ പ്രാവുകൾ കൂട്ടമായി വന്നിരിക്കുന്ന സ്ഥലങ്ങളിൽ വിൻഡ് ചൈമുകൾ തൂക്കിയിടാം. പെട്ടെന്നുള്ള ശബ്ദങ്ങൾ പ്രാവുകൾക്ക് അരോചകമാണ്. അവ ചിറകടിച്ച് അരികിലേക്കെത്തുമ്പോൾ വിൻഡ് ചൈമുകൾ ചലിച്ച് ശബ്ദമുണ്ടാകുന്നതിനാൽ പ്രാവുകൾ അകന്നു നിൽക്കും. ഭാരം കുറഞ്ഞതും പ്രതിബിംബം കാണാവുന്നതുമായ വിൻഡ് ചൈമുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഏറ്റവും നല്ലത്.
പഴയ സിഡി
ഉപയോഗശൂന്യമായ സിഡികളാണ് മറ്റൊരു മാർഗം. പ്രകാശം പ്രതിഫലിപ്പിക്കാനുള്ള ഇവയുടെ കഴിവാണ് സഹായകമാകുന്നത്. ഇത്തരത്തിൽ ആവശ്യം കഴിഞ്ഞ സിഡികൾ മേൽക്കൂരയിലോ ബാൽക്കണിയിലോ തൂക്കിയിടുക. അടുത്തടുത്തായി തൂക്കിയിടുന്നതാണ് കൂടുതൽ നല്ലത്. കാറ്റിനൊപ്പം ഇവ ചലിച്ച് കൂട്ടിയിടിച്ച് ശബ്ദം ഉണ്ടാക്കുകയും പല ദിക്കുകളിലേക്ക് പ്രകാശം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതോടെ പ്രാവുകൾ അവിടേക്ക് വരാൻ മടിക്കും.
പക്ഷി രൂപങ്ങൾ
കൃഷിയിടങ്ങളിൽ നോക്കുകുത്തികളെ സ്ഥാപിക്കുന്നതിന് സമാനമായ ഒരു വിദ്യയാണിത്. പ്രാവുകളെക്കാൾ അല്പം കൂടി വലുപ്പമുള്ള പക്ഷികളുടെ പ്രതിമകൾ അവ എത്തുന്ന സ്ഥലത്ത് തൂക്കിയിടാം. ഇതുകണ്ട് ശത്രുക്കളാണെന്ന് കരുതി പ്രാവുകൾ അവിടേക്ക് എത്തില്ല.