ഇത് സങ്കടകരം: പണിസ്ഥലത്ത് കണ്ട ചില കാര്യങ്ങൾ; അനുഭവം
Mail This Article
വർഷങ്ങളായി പല കെട്ടിടനിർമാണ സൈറ്റുകളും സന്ദർശിച്ചതിന്റെ അനുഭവത്തിൽനിന്നാണ് ഇതെഴുതുന്നത്. അവിടെക്കണ്ട ചില അനഭിലഷണീയമായ പ്രവണതകൾ, തിരുത്തലിനായി പറയുന്നുവെന്ന് കരുതിയാൽമതി.
പരുക്കൻ, ചാന്ത്, മട്ടി എന്നൊക്കെ പല പേരിൽ നാട്ടിലറിയപ്പെടുന്ന സിമന്റ്- മണൽ മിശ്രിതത്തോട്, ചില മലയാളി മേസൺ, ഹെൽപ്പർ തുടങ്ങിയവർ കാണിക്കുന്ന ഒരുതരം അവജ്ഞയുണ്ട്. സമൃദ്ധമായി ഉപയോഗിക്കുക, താഴെ ചിതറി വീഴുന്നത് അതേപടി ഉപേക്ഷിച്ച് കടന്നുകളയുക. പിറ്റേദിവസവും അതേയിടത്ത്, അതായത് തലേന്നത്തെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് വീണ്ടും പണിയുക.
അന്നും കഥ തഥൈവ തന്നെ.
വീണുകിടക്കുന്ന പരുക്കൻ, കുറ്റിച്ചൂൽ കൊണ്ട് അടിച്ചുകൂട്ടിയെടുത്ത് പുനരുപയോഗിക്കണമെന്നോ, പണി ചെയ്യുന്ന ഇടം വൃത്തിയായി സൂക്ഷിക്കണമെന്നോ, പരമാവധി സാധനങ്ങൾ നഷ്ടമാവാതെ ജോലി ചെയ്യണമെന്നോ, തോന്നാത്ത ഒരു വിഭാഗം തൊഴിലാളികൾ ഇപ്പോഴുമുണ്ട് (വൃത്തിയായി ചെയ്യുന്നവരും ധാരാളമുണ്ട്).
പണിസ്ഥലം വേണമെങ്കിൽ തൊഴിലുടമ അല്ലെങ്കിൽ വീട്ടുടമ വൃത്തിയാക്കണമെന്നാണ് പലരുടെയും നയവും ന്യായവും. അതല്ലെങ്കിൽ മനസ്സിലിരുപ്പ്.
നാം ഉപയോഗിക്കുന്ന നിർമാണവസ്തുക്കൾ, മാർക്കറ്റിൽനിന്ന് വില കൊടുത്ത് വാങ്ങുന്നതാണെന്ന തോന്നൽ പലർക്കുമില്ലാതെ പോകുന്നു. മാത്രമല്ല, കോവിഡ് കാലത്തിനുശേഷം നിർമാണസാമഗ്രികൾക്ക് റോക്കറ്റ് കുതിക്കുംപോലെ വില കയറുകയാണ് എന്നതുമോർക്കണം.
അതുപോലെ മറ്റൊരു പ്രവണതയാണ് ഭിത്തി നിർമാണത്തിനുപയോഗിക്കുന്ന സിമന്റ് സോളിഡ് ബ്ലോക്ക്, മൺ ബ്ലോക്ക്, ചുടുകട്ട തുടങ്ങിയവയുടെ തെറ്റായ ഉപയോഗം. ആവശ്യത്തിനുള്ള അളവിൽ മുറിക്കും, മുറിച്ചതിന്റെ ബാക്കിഭാഗം ഉപയോഗിക്കാൻ, പറ്റാത്ത രീതിയിലാക്കുകയും ചെയ്യും. ഫലമോ, ഏകദേശം 40 രൂപ കൊടുത്ത് വാങ്ങുന്ന ഒരു കട്ടയുടെ നല്ലൊരു ഭാഗവും നശിപ്പിക്കുന്നു. അതിലും ചില പണിക്കാർക്ക് തെറ്റൊന്നും കാണാനാവുന്നില്ല.
മറ്റൊരു പ്രയോഗം പ്രമാദമാണ്.
ബാക്കി വരുന്ന പരുക്കൻ, മണലിട്ട് മൂടുന്ന അത്യന്താധുനിക എൻജിനീയറിങ് രീതിയാണത്. അതും വിലപിടിപ്പുള്ള സിമന്റ്- മണൽ മിശ്രിതം. പക്ഷേ പിറ്റേദിവസമത് ഉപയോഗശൂന്യമാകുന്നു. ഇത്തരത്തിൽ നിർമാണ വസ്തുക്കൾ നശിപ്പിച്ച് കളയുന്നതിൽ പലർക്കും ആശങ്കയില്ലെന്നതാണ് ഏറെ സങ്കടകരം. ഇനിയെങ്കിലും സ്വയം നവീകരിച്ചുകൂടെ?....