ADVERTISEMENT

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി വീടും നാടും വിട്ട് പോകുന്നവരുടെ എണ്ണം ഇന്ന് ലോകത്തിന്റെ എല്ലാ കോണിലും വർധിക്കുകയാണ്. ഫലമോ? അടച്ചിട്ട വീടുകളും വയസ്സായ മാതാപിതാക്കളുടെ ഒറ്റപെടലുകളും സാമൂഹികവിഷയമായി മാറുകയാണ്.

ഇത്തരത്തിൽ നോക്കാനോ ശ്രദ്ധിക്കാനോ മക്കൾ ആരും അരികിൽ ഇല്ലാത്തതിനെ തുടർന്ന് കോടികൾ വിലമതിക്കുന്ന സ്വത്ത് മുഴുവൻ വളർത്തുമൃഗങ്ങൾക്ക് എഴുതിവച്ചിരിക്കുകയാണ് ചൈനക്കാരിയായ ഒരു സ്ത്രീ. ഒന്നും രണ്ടുമല്ല 23 കോടി രൂപ (20 മില്യൻ യുവാൻ) വിലമതിപ്പുള്ള സ്വത്താണ്  ഇവർ പൂച്ചകൾക്കും നായകൾക്കുമായി എഴുതിവച്ചത്.

ഷാങ്ങ്ഹായ് നഗരത്തിൽ ജീവിക്കുന്ന ല്യു എന്ന സ്ത്രീയാണ് വേറിട്ട വിൽപത്രം  തയാറാക്കിയത്. മൂന്ന് മക്കളാണ് ല്യുവിനുള്ളത്.  നിലവിലെ വിൽപത്രപ്രകാരം മക്കൾക്കായി ല്യുവിന്റെ സമ്പാദ്യത്തിൽ ഒന്നും നീക്കിയിരിപ്പില്ല. എന്നാൽ ഇത് പെട്ടെന്ന് ഒരു തോന്നലിൽ എടുത്ത തീരുമാനവും ആയിരുന്നില്ല. മുൻപ് തൻറെ സമ്പാദ്യം വീതം വച്ചുകൊണ്ട് ഒരു വിൽപത്രം ല്യു തയ്യാറാക്കിയിരുന്നു. അതിൽ തന്റെ പക്കലുള്ള പണവും വസ്തുവകകളും എല്ലാം മക്കൾക്ക് തന്നെയാണ് വകയിരുത്തിയിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റി. 

ദൂരദേശത്തുള്ള മക്കൾ ല്യൂവിന് അസുഖം വന്ന സമയത്തൊന്നും അവരെ സന്ദർശിക്കുകയോ പരിചരിക്കുകയോ ചെയ്തിരുന്നില്ല. എന്തിനേറെ ഫോൺ വിളികൾ പോലും വിരളമായിരുന്നു. വീട്ടിൽ തനിച്ചുള്ള ജീവിതം ഇവർക്ക് മടുപ്പായി തുടങ്ങി. ഏക ആശ്വാസം വളർത്തു പൂച്ചകളും നായകളുമായിരുന്നു. തനിക്ക് ആവശ്യം വന്ന കാലത്ത് ഒപ്പം ഉണ്ടായിരുന്നത് വളർത്തുമൃഗങ്ങൾ മാത്രമാണെന്ന് പൂർണ്ണമായി ബോധ്യം വന്നതോടെയാണ് കാലശേഷം തന്റെ സമ്പാദ്യം മുഴുവനും അവയ്ക്ക് വേണ്ടി നീക്കിവയ്ക്കാൻ ല്യു തീരുമാനമെടുത്തത്. അങ്ങനെ പഴയ വിൽപത്രം മാറ്റിയെഴുതി.

വളർത്തു മൃഗങ്ങൾക്കും അവയുടെ തലമുറയ്ക്കും നൽകിയിരിക്കുന്ന അവകാശങ്ങളുടെ അഡ്മിനിസ്ട്രേറ്ററായി ഒരു പ്രാദേശിക ക്ലിനിക്കിനെയാണ് ല്യു നിയമിച്ചിരിക്കുന്നത്. മൃഗങ്ങളുടെ പരിപാലനത്തിന്റെ ഉത്തരവാദിത്വവും ഇവർക്കാണ്. തൻ്റെ പക്കലുള്ള മുഴുവൻ പണവും നേരിട്ട് വളർത്തു മൃഗങ്ങളുടെ പേരിൽ എഴുതിവയ്ക്കാനാണ് ല്യു ആഗ്രഹിച്ചതെങ്കിലും ചൈനയിൽ അത് നിയമപരമല്ല. അതിന് പരിഹാരമായി ല്യുവിൻ്റെ കാലശേഷം വെറ്റ് ക്ലിനിക് വളർത്തുമൃഗങ്ങളുടെ കാര്യങ്ങൾ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അവർക്ക് വിശ്വാസമുള്ള ഒരു വ്യക്തിയെയും നിയമിച്ചിട്ടുണ്ട്.

എന്നാൽ കയ്യിലുള്ള സമ്പാദ്യവും സ്വത്തുവകളും എല്ലാം ഫലത്തിൽ ഒരു ക്ലിനിക്കിന് കൈമാറുന്ന തീരുമാനത്തിന്റെ അപകടത്തെക്കുറിച്ച് രജിസ്ട്രേഷൻ സെൻ്റർ ല്യുവിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മക്കൾക്ക് ല്യുവിനോടുള്ള മനോഭാവം മാറിയാൽ വിൽപത്രം വീണ്ടും മാറ്റി എഴുതാം.

എന്തായാലും ല്യുവിൻ്റെ കുടുംബത്തെക്കുറിച്ചും അനന്തരാവകാശത്തെ കുറിച്ചുമുള്ള വാർത്തകൾ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ശ്രദ്ധ നേടുകയാണ്.  ജീവിച്ചിരിക്കുന്ന കാലത്ത് മാതാപിതാക്കളെ അവഗണിക്കുകയും കാലശേഷം അവരുടെ വീടും സ്വത്തും സ്വന്തമാക്കുകയും ചെയ്യുന്ന മക്കൾക്ക് ല്യുവിൻ്റെ തീരുമാനം ഒരു പാഠമായിരിക്കുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

English Summary:

Chinese Woman allocated Assets worth Millions to Pet Cats, Dogs instead of Kids- Ne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com