വെറും 323 ചതുരശ്രഅടി ഫ്ലാറ്റിനു മുക്കാൽക്കോടി! വില കേട്ടമ്പരന്ന് ആളുകൾ
Mail This Article
തൊഴിൽ സാധ്യതയും വിദ്യാഭ്യാസ സൗകര്യങ്ങളും പരിഗണിച്ച് ജീവിതം വൻകിട നഗരങ്ങളിലേക്ക് പറിച്ചുനടുകയാണ് ഇന്ത്യയിലെ ഒരുവിഭാഗം ജനങ്ങൾ. ഇതിന്റെ ഫലമായി നഗരപ്രദേശങ്ങളിൽ താമസിക്കാൻ ഒരിടം കണ്ടെത്താൻ ഭഗീരഥപ്രയത്നം തന്നെ വേണ്ടുന്ന സ്ഥിതിയാണ്. മനസ്സിനിണങ്ങാത്ത പരിമിതമായ സൗകര്യങ്ങളിൽ പോലും തൃപ്തിപ്പെട്ട് ജീവിക്കുന്നവരും കുറവല്ല. എന്നാൽ ഇത്തരം താമസസ്ഥലങ്ങൾക്ക് വരെ കണ്ണു തള്ളിക്കുന്ന വിലയും നൽകേണ്ടിവരും. ഇപ്പോൾ അത്തരത്തിൽ വൻതുക ആവശ്യപ്പെട്ട് പരസ്യപ്പെടുത്തിയിരിക്കുന്ന ഒരു മുംബൈ ഫ്ലാറ്റിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്.
കാണ്ടിവാലി ഈസ്റ്റ് മേഖലയിലെ ഒരു ഫ്ലാറ്റാണ് പുതിയ ഉടമയെ തേടി വിപണിയിൽ എത്തിയിരിക്കുന്നത്. വെറും 323 ചതുരശ്ര അടി മാത്രമാണ് ഈ ഫ്ലാറ്റിന്റെ സ്ഥല വിസ്തൃതി. എന്നാൽ രണ്ട് ബെഡ്റൂമുകളും അടുക്കളയും രണ്ടു ബാത്റൂമുകളും ഇവിടെയുണ്ട്. ഒരു ചെറിയ കുടുംബത്തിന് ഞെരുങ്ങി മാത്രം ജീവിക്കാവുന്ന ഫ്ലാറ്റിന്റെ വിലയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. 75 ലക്ഷം രൂപയാണ് പരസ്യത്തിൽ ചോദിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നാണ് മുംബൈ എങ്കിലും പരിമിതമായ താമസസൗകര്യത്തിനു പോലും ഇത്രയും വില നൽകേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് കൂടുതലാളുകളും പ്രതികരിക്കുന്നത്.
23 നിലകളുള്ള ഒരു ടവറിലാണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. 1 BHK ഫ്ലാറ്റിന്റെ വിലയിൽ 2 BHK ഫ്ലാറ്റ് സ്വന്തമാക്കാനുള്ള അവസരം എന്ന നിലയിലാണ് ഫ്ലാറ്റ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇത്ര പരിമിതമായ സ്ഥലത്ത് 2 BHK ഫ്ലാറ്റ് കാണണമെങ്കിൽ അത് മുംബൈയിൽ മാത്രമേ സാധിക്കൂ എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും ന്യായമല്ലാത്ത വില നൽകി വീട് വാങ്ങേണ്ട അവസ്ഥയിലാണ് ആളുകൾ.
സൗകര്യപ്രദമായ 1 BHK ഫ്ലാറ്റ് നിർമിക്കാനുള്ള സ്ഥലത്ത് എന്തിനാണ് 2 BHK നിർമിച്ചത് എന്നാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ഈ സ്ഥിതിയാണെങ്കിൽ മൂന്നു വർഷം കഴിയുമ്പോൾ ഇതേ സ്ഥലത്ത് ട്രയിനിലെ സ്ലീപ്പർ കോച്ചിലെ ബെഡുകൾ പോലെ കിടക്കകളുമായി 4 BHK ഫ്ലാറ്റ് നിർമിച്ച് വില്പനയ്ക്ക് വച്ചാലും അദ്‌ഭുതപ്പെടാനില്ലെന്നും കമന്റുകൾ ഉണ്ട്.
എന്നാൽ ഈ ഫ്ലാറ്റിന്റെ വിലകേട്ട് അദ്‌ഭുതപ്പെടുന്നവർ മുംബൈയ്ക്ക് വെളിയിൽ നിന്നുള്ളവരായിരിക്കും എന്നും മുംബൈക്കാർക്ക് ഇത് സാധാരണ കാഴ്ചയാണെന്നും മുംബൈ സ്വദേശികൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്.