ഇത് വീടുപണിയാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്റെ സ്വപ്നം; കുറിപ്പ്
Mail This Article
സ്വപ്നങ്ങൾക്ക് അസാധ്യമായതൊന്നുമില്ലല്ലോ. ഞാനും ഒരു വീട് പണിയാൻ ആഗ്രഹിക്കുകയാണ്. 700 Sqft. 12 ലക്ഷം രൂപയുണ്ട് കയ്യിൽ. കടം വാങ്ങാൻ ഉദ്ദേശിക്കുന്നില്ല.
രണ്ടു കിടപ്പുമുറികൾ. ഒന്ന് താഴെ, മറ്റൊന്ന് മുകളിൽ. പ്ലാൻ പണിപ്പുരയിലാണ്. നോ പ്ലാസ്റ്ററിങ്, നോ പെയിന്റിങ്. കിടപ്പുമുറിക്ക് മാത്രമേ ചുവരുണ്ടാവുകയുള്ളൂ. എല്ലാം ഉപയോഗിച്ച മരങ്ങൾ. എന്റെ വീടിനുവേണ്ടി ഒരുമരംപോലും മുറിക്കുന്നില്ല.
തീർച്ചയായും പഴയ ഓടുകൾ മേൽക്കൂരയ്ക്ക് ഉപയോഗിക്കും. പഴയ ഓട് കഴുകി നിറമടിച്ച് മേയുന്ന രീതി ഉണ്ടാവില്ല.
വെർട്ടിക്കൽ സ്‌പേസ് പരമാവധി ഉപയോഗിക്കും. കിച്ചനിൽ തന്നെയാണ് ഡൈനിങ്. ലിവിങ്ങിലിരുന്നാൽ വീടിന്റെ മിക്ക ഇടങ്ങളും കാണാം.
അതിഥിയും വീട്ടുകാരും അടുക്കളയും പാചകവും ഭക്ഷണം കഴിക്കുന്നതും ഒക്കെ യാതൊരു മറയുമില്ലാതെ തന്നെ. വീട്ടിനകത്ത് കാർക്കിച്ചു തുപ്പി കൈകഴുകുന്നത് പ്രോൽസാഹിപ്പിക്കില്ല.
പിള്ളേര് കളിപ്പാട്ടം കൊണ്ട് എറിഞ്ഞാൽ അതിഥിയുടെ നെറ്റിയിൽ തട്ടണം! പ്രായമായവരുടെ ചുമയും പിറുപിറുക്കലും തെറിയും എല്ലാരും കേക്കണം. അതെല്ലാം ജീവിതമാണല്ലോ! ബെഡ്റൂം ജീവിതം മാത്രം ആരും കാണരുതെന്ന് നിർബന്ധമുണ്ട്.
പരമാവധി ചുമരുകൾ ഒഴിവാക്കും. അനാവശ്യമായ അടിത്തറയുണ്ടാവില്ല. കുറഞ്ഞ വിലയുള്ള ഫ്ലോർ ടൈൽസ് ഉപയോഗിക്കും. വരച്ചും തിരിച്ചും മറിച്ചും മായ്ച്ചും ഒക്കെയായി പ്ലാൻ തയ്യാറാക്കുകയാണിപ്പോൾ. ഒരു സ്ക്വയർ ഇഞ്ച് ഇടം പോലും വേസ്റ്റാവാതെ നോക്കണം.
കടംവീട്ടി ജീവിക്കാൻ താൽപര്യമില്ല. ഉള്ള പണത്തിനകത്ത് ചെറിയ വീട് വച്ചാൽ, സന്തോഷം കൊണ്ട് വീടിനെ വലുപ്പമുള്ളതാക്കാമല്ലോ എന്നതാണ് എന്റെ തത്വചിന്ത. പണമില്ലാതാകുമ്പോളാണ് ഇത്തരം തത്വചിന്തകൾ ഉണ്ടാവുന്നത് എന്നറിയാം. എങ്കിലും സ്വസ്ഥജീവിതത്തിന് ഇത്തരം തത്വചിന്തകൾ അത്യാവശ്യമാണുതാനും.
***
Follow us on
www.youtube.com/@manoramaveedu
www.facebook.com/ManoramaVeedu
www.instagram.com/manoramaveedu
***