പ്ലാൻ ചെയ്തപോലെ ജീവിതം പോകണമെന്നില്ല: ഇനി വീടുപണിയുമ്പോൾ ഇത് ഉറപ്പായും ശ്രദ്ധിക്കണം
Mail This Article
അതതു കാലത്തെ ട്രെൻഡിനനുസരിച്ചു വീടൊരുക്കാൻ താൽപര്യപ്പെടുന്നവരാണു മലയാളികൾ. പാർക്കാനൊരിടം എന്നതിനപ്പുറം സ്റ്റാറ്റസ് സിംബലായി വീടിനെ കരുതുന്നവരാണധികവും. ബന്ധുക്കളോടും അയൽക്കാരോടും മത്സരിച്ചു ഡിസൈനർ വീടിന്റെ പുറകേ പോകുന്നവർക്കു പിന്നീടു കിട്ടുന്നതു ബാധ്യതകൾ മാത്രമായിരിക്കും. വീടിനകത്തു മഴ പെയ്യുന്നതും ഗ്ലാസ് പടികൾ വയ്ക്കുന്നതുമെല്ലാം ഭംഗി കൂട്ടുമായിരിക്കും. അതെല്ലാം താൽക്കാലികമാണ്. പിന്നീടു വരുന്ന മെയിന്റനൻസ് ചെലവും വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടും മനസ്സിലാകുമ്പോൾ ഏറെ വൈകിയിരിക്കും. മിതമായ ചെലവിൽ ലളിതമായി പണിയുന്ന വീടുകളാണു മുന്നോട്ടുള്ള ജീവിതത്തിന്റെ മുതൽക്കൂട്ടാവുക.
വീടൊരുക്കുമ്പോൾ ആ വീട്ടിൽ നിങ്ങൾക്കു വാർധക്യം ചെലവഴിക്കാനാകുമോ എന്നു കൂടി ചിന്തിക്കണം. വിശ്രമജീവിതകാലത്തു വീടു നിർമിച്ച രീതി നിങ്ങൾക്കു ബാധ്യതയാകരുത്. കൂടുതൽ സ്ക്വയർഫീറ്റിൽ പല തട്ടുകളായുള്ള ഫ്ലോറിങ്ങും ആവശ്യത്തിൽ കൂടുതൽ പടികളും കിടന്നുറങ്ങാൻ വലുപ്പമുള്ള ബാത്റൂമുകളുമെല്ലാം വിശ്രമജീവിതത്തിന്റെ സുഖത്തെയും സൗകര്യത്തെയും തടസ്സപ്പെടുത്തുന്നവയാണ്.
എങ്ങനെ വീടു പ്ലാൻ ചെയ്യണം?
പണ്ടൊക്കെ മലയാളി വീടുണ്ടാക്കാൻ ആലോചിക്കുന്നതു തന്നെ റിട്ടയർമെന്റ് കാലത്താണ്. വിരമിക്കുമ്പോൾ കിട്ടുന്ന പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയിൽ നിന്നുള്ള തുകയും പരമ്പരാഗതമായി കിട്ടുന്ന സ്വത്തുക്കൾ വിഭജിച്ചു കിട്ടുന്ന പാർട്ടീഷൻ തുകയുമൊക്കെയായിരുന്നു വീടു പണിയുന്നതിനുള്ള മൂലധനം. എന്നാലിന്ന് ലോൺ സൗകര്യങ്ങൾ വർധിച്ചു. കയ്യിൽ കാര്യമായ നീക്കിയിരിപ്പ് ഇല്ലെങ്കിൽ പോലും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ലോണുണ്ടല്ലോ എന്നു ചിന്തിക്കാൻ തുടങ്ങി. ലോൺ എടുത്തേ വീടു വയ്ക്കൂ എന്ന അവസ്ഥയിലേക്കായി കാര്യങ്ങൾ.
തുക എത്രയും പെട്ടെന്നു കയ്യിൽക്കിട്ടുമെന്ന ഗുണം മാറ്റി നിർത്തിയാൽ ലോൺ ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങൾ പലതാണ്. ആളുകളുടെ സമ്പാദ്യശീലത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇതിൽ പ്രധാനം. എടുക്കാവുന്നതിന്റെ പരമാവധി തുകയാണ് ഓരോരുത്തരും ലോണെടുക്കുക. 20–30 വർഷം കൊണ്ട് എടുത്തതിന്റെ ഇരട്ടി പലിശയടക്കം തിരിച്ചടയ്ക്കേണ്ടി വരുന്നു. ജീവിതത്തിൽ ആരോഗ്യത്തോടെയിരിക്കുന്ന വർഷങ്ങൾ അങ്ങനെ പോയിക്കിട്ടും.
ഫോൺ മുതൽ വീടു വരെ സകലതും ലോണെടുത്താണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. ശമ്പളം കിട്ടി പല ഇഎംഐ അടച്ചു കഴിഞ്ഞാൽ പിന്നൊന്നിനും പണം തികയുന്നില്ല. വിദേശത്തേക്കു പോകുന്നവരും ഇവിടെ നിന്നു പരമാവധി ലോണെടുത്തിട്ടാണു പോകുന്നത്. എല്ലാറ്റിനും പുറമേ ദൈനംദിന ചെലവുകളിലെ വർധനവ്. ഒരു ശരാശരി മലയാളിയുടെ ശമ്പളത്തിന്റെ പ്രധാന ഭാഗം കൊണ്ടു പോകുന്നതു ഹൗസിങ് ലോണായിരിക്കും. ഏതെങ്കിലും കാരണവശാൽ ലോൺ തിരിച്ചടയ്ക്കാനാകാതെ വന്നാൽ അവസ്ഥ കൂടുതൽ ഗുരുതരമായി ഒടുവിൽ ആഗ്രഹിച്ചു പണിത വീട് കടം വീട്ടാനായി വിൽക്കേണ്ട അവസ്ഥ വരും. ഇതെല്ലാം തരുന്ന മാനസിക സമ്മർദം വേറെ. ഒരിക്കൽ ലോണെടുത്താൽ അയാൾ കാലാകാലം ലോണിന് അടിമപ്പെടുകയാണ്. നല്ല പ്രായത്തിൽ ഇഷ്ടമുള്ള യാത്രകൾക്കോ സന്തോഷങ്ങൾക്കോ വേണ്ടി മാറ്റി വയ്ക്കാൻ കയ്യിലൊന്നും കാണില്ല. ഇതെല്ലാം കഴിഞ്ഞു വിശ്രമജീവിതത്തിലേക്കു കടക്കുമ്പോൾ കയ്യിലുള്ള നീക്കിയിരുപ്പ് പൂജ്യമായിരിക്കും. അങ്ങനെ മരണം വരെ ബാധ്യതകൾ പിന്തുടരും.
എന്നാൽ വരുമാനം കിട്ടിത്തുടങ്ങുന്ന പ്രായം മുതൽ കൃത്യമായ സാമ്പത്തിക ധാരണ ഉണ്ടെങ്കിൽ വിശ്രമജീവിതം വരെ മനസ്സമാധാനമായിട്ടിരിക്കാം. അതിൽ ഏറ്റവും പ്രധാനമാണ് വീടുപണിയും അനുബന്ധ ചെലവുകളും.
തുടരും...
വിവരങ്ങൾക്കു കടപ്പാട് -ജയൻ ബിലാത്തിക്കുളം