പുറംകാഴ്ചയിൽ വിലയിരുത്തരുത്: ഉള്ളിൽ അമ്പരപ്പിക്കുന്ന സൗകര്യങ്ങളുള്ള മൺകുടിൽ
Mail This Article
'ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട കണ്ട് വിലയിരുത്തരുത്' എന്നുപറയുന്നതുപോലെയാണ് അങ്ങ് അസർബൈജാനിലുള്ള ഈ മൺകുടിലിന്റെ കാര്യം. പുറംകാഴ്ചയിൽ കളിമണ്ണു കുഴച്ച് ഉണ്ടാക്കിയ സാധാരണ കുടിലാണെന്നേ തോന്നുകയുള്ളൂ. എന്നാൽ മൺകുടിലിനകത്തേക്ക് കയറിയാൽ അവിശ്വനീയമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വേറിട്ട വീടിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
വീടിന്റെ പുറംഭിത്തിയും സിറ്റൗട്ടുമെല്ലാം പ്ലാസ്റ്ററിങ് ചെയ്യാതെ നിലനിർത്തി. ഭിത്തിയിൽ തൂക്കിയ കർട്ടൻ കടന്ന് ഉള്ളിലേക്ക് കാലെടുത്തുവയ്ക്കുന്ന നിമിഷം മറ്റൊരു ലോകത്ത് എത്തിയ പ്രതീതി ആരംഭിക്കും.
നിലത്ത് മനോഹരമായ കാർപെറ്റുകൾ വിരിച്ച് രാജകീയ പ്രൗഢിയിൽ അലങ്കരിച്ചിരിക്കുന്നു. വീടിനുള്ളിൽ ഉടനീളം ടിൻ റൂഫിങ് നൽകിയിരിക്കുന്നു. വ്യത്യസ്ത ആകൃതികളിലും നിറങ്ങളിലുമുള്ള തലയിണകളും കുഷ്യനുകളും അകത്തളത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. ഇതുകൊണ്ടൊന്നും തീർന്നില്ല. ആധുനിക രീതിയിൽ നിർമിച്ച ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും ഈ കളിമൺ വീടിനുള്ളിലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.
റൂം ഹീറ്റർ, വാക്വം ക്ലീനർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ചെറിയ പെയിന്റിങ്ങുകളും കണ്ണാടികളും ഉൾപ്പെടുത്തി ഭിത്തികളും അലങ്കരിച്ചിട്ടുണ്ട്. വാതിലുകളിലും ജനാലകളിലും ഇളം നിറങ്ങളിലുള്ള കർട്ടനുകൾ ഉപയോഗിച്ചിരിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വീടിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വൈറലായി.
ലാളിത്യവും പ്രൗഢിയും ഒരുപോലെ സമന്വയിക്കുന്ന ഇത്തരമൊരു വീടാണ് സങ്കൽപത്തിൽ ഉണ്ടായിരുന്നത് എന്ന് പലരും കമന്റ് ബോക്സിൽ കുറിക്കുന്നുണ്ട്. സൗകര്യങ്ങളും സന്തോഷവും വീടിനുള്ളിൽ നിറയ്ക്കാൻ കോടികൾ മുടക്കേണ്ടതില്ലെന്നും ഒന്നു മനസ്സുവച്ചാൽ മതിയെന്നും ഈ വീട് ഓർമിപ്പിക്കുന്നു എന്നാണ് മറ്റുചിലരുടെ അഭിപ്രായം. ഇത്രയും ഭംഗിയായി വീടിന്റെ അകത്തളം ഒരുക്കിയതോടൊപ്പം അത് വൃത്തിയായി സൂക്ഷിക്കുന്നതിന് ഉടമയെ പ്രശംസിക്കുന്നവരാണ് അധികവും.