5 സമാന്തര റൺവേ, 70 കി.മി. വിസ്തൃതി; ദുബായിൽ ഒരുങ്ങുന്നു ലോകത്തിലെ വലിയ വിമാനത്താവളം
Mail This Article
നിർമാണ മേഖലയിലെ മുന്നേറ്റംകൊണ്ട് ലോകഭൂപടത്തിൽ നാൾക്കുനാൾ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ദുബായ്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ നിർമാണമാണ് പുതിയതായി വാർത്തകളിൽ നിറയുന്നത്.
ജബൽ അലിയിൽ സ്ഥിതി ചെയ്യുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളമാണ് മുഖം മിനുക്കി ലോകത്തെ ഒന്നാം സ്ഥാനത്തേക്ക് എത്താനൊരുങ്ങുന്നത്.
ദുബായ് വേൾഡ് സെൻട്രൽ എന്നറിയപ്പെടുന്ന ഈ വിമാനത്താവളത്തെ നിലവിലുള്ളതിനേക്കാൾ അഞ്ച് മടങ്ങ് വലുതാക്കി വികസിപ്പിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
നിർമാണം പൂർത്തിയാകുമ്പോൾ പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളത്തക്ക ശേഷിയിലേക്ക് വിമാനത്താവളം ഉയരും. പദ്ധതി പൂർത്തിയാകുന്നതോടെ ആഗോള കണക്ടിവിറ്റി, നഗര പരിഷ്കരണം എന്നിവയുടെ കേന്ദ്ര സ്ഥാനമായി ദുബായ് മാറും.
അഞ്ച് സമാന്തര റൺവേകളാണ് വിമാനത്താവളത്തിൽ ഉൾപ്പെടുത്തുന്നത്. 400 എയർക്രാഫ്റ്റ് ഗേറ്റുകളും ഉണ്ടാകും. അസാമാന്യ വലിപ്പത്തിലുള്ള മൂന്ന് ടെർമിനലുകൾ ഉൾപ്പെടുത്തുന്നുണ്ട്. 70 കിലോമീറ്റർ വിസ്തൃതിയിലാവും വിമാനത്താവളം സ്ഥിതിചെയ്യുന്നത്.
ഒരു പതിറ്റാണ്ടിനുള്ളിൽ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2023ലെ ദുബായ് എയർഷോയിൽ വിമാനത്താവളത്തിന്റെ ത്രീഡി മോഡൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
35 ബില്യൻ ഡോളറാണ് (2.91 ലക്ഷം കോടി രൂപ) വിമാനത്താവള വികസനത്തിനായി ദുബായ് ഭരണകൂടം വകയിരുത്തിയിരിക്കുന്നത്. എന്നാൽ വിമാനത്താവളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല വികസന ലക്ഷ്യങ്ങൾ. ഇതിനുചുറ്റുമായി ഒരു നഗരം കൂടി നിർമിക്കപ്പെടുന്നുണ്ട്.
വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതോടെ ഒരു ദശലക്ഷത്തോളം ആളുകൾക്ക് ഇതിന് സമീപത്തായി താമസ സൗകര്യം വേണ്ടിവരും എന്ന കണക്കുകൂട്ടലിലാണ് നഗരം ഒരുക്കുന്നത്. കാര്യക്ഷമതയുടെയും കണക്ടിവിറ്റിയുടെയും കാര്യത്തിൽ ഈ നിർമാണവിസ്മയം നാഴികക്കല്ലാകും. ഗതാഗത സൗകര്യം എന്നതിനപ്പുറം സുസ്ഥിര ആർക്കിടെക്ചർ, ആഗോള വ്യാപാരം, വാണിജ്യം, സംസ്കാരം എന്നിവ ശക്തിപ്പെടുത്താനുള്ള കേന്ദ്രമായും ഇത് മാറും.