ADVERTISEMENT

കാലവർഷം തുടങ്ങുന്നതേയുള്ളൂ, കഴിഞ്ഞ ദിവസങ്ങളിലെ പേമാരിയിൽത്തന്നെ കേരളത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലാവുകയും വീടുകൾ ഒറ്റപ്പെടുകയും ചെയ്തു. ജലാശയങ്ങളുടെ സമീപം വീടുള്ളവരാണ് ഏറ്റവും ജാഗ്രത പുലർത്തേണ്ടത്. വെള്ളംകയറി വീടിന്റെ താഴത്തെ നില മുങ്ങുന്ന സാഹചര്യമുണ്ടായാൽ മുകൾനിലയിൽ തുടരാൻ ശ്രമിക്കാതെ, സുരക്ഷിതമായ സ്ഥാനത്തേക്കു മാറുന്നതാകും ഉചിതം. ഇനിയുള്ള ദിവസങ്ങളിലും മഴ പെയ്യുമെന്നതിനാൽ വെള്ളം ഇറങ്ങാൻ സമയമെടുക്കും.

വെള്ളം ഉയർന്നു സമീപവാസികളെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറുന്നതോടെ രണ്ടാം നിലയിൽ താമസിക്കുന്നവർ ഒറ്റപ്പെടും. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിയെന്ന തെറ്റിദ്ധാരണയിൽ നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ലഭിക്കാതെ പോവും. വൈദ്യുതി ബന്ധം നിലയ്ക്കുന്നതോടെ മൊബൈൽ ഫോൺ അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങളും വെളിച്ചവും ഇല്ലാതാവും. അപ്പോഴേക്കും വീടിനു പുറത്തു രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടാവും. ഇനി അഥവാ മുൻവർഷത്തെ അനുഭവങ്ങൾ വച്ച് മുകൾനിലയിൽ തുടരാൻ ആഗ്രഹിക്കുന്നവർ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.

വീടിന്റെ രണ്ടാം നിലയിൽ അകപ്പെട്ടു പോകുന്ന സാഹചര്യമോ, താഴത്തെ നില മുങ്ങിയിട്ടും വീടിന്റെ രണ്ടാംനിലയിൽ തുടരുന്ന സാഹചര്യമോ ഉണ്ടായാൽ  സ്റ്റൗ, സിലിണ്ടർ എന്നിവ മുകളിലേക്ക് മാറ്റുക. ടോർച്ച്, ആവശ്യത്തിന് അരി, തേങ്ങ, അവൽ, തേയില, പഞ്ചസാര, ഉപ്പ് എന്നിവ കരുതാൻ ശ്രമിക്കുക. മരുന്ന്, പ്രധാന രേഖകൾ എന്നിവ മുകളിലേക്ക് മാറ്റുക.

ആവശ്യത്തിനുള്ള കുടിവെള്ളം ശേഖരിക്കേണ്ടത് പ്രധാനമാണ്. പരമ്പരാഗത രീതിയിൽ മഴവെള്ളം പിടിക്കാൻ, തുണി കൊണ്ടു ‘വല’ കെട്ടുന്നതാണ് പ്രായോഗികം. വീടിന്റെ ടെറസിൽ ഇത്തരത്തിൽ ശുദ്ധമായ മഴവെള്ളം ശേഖരിക്കാൻ കഴിയും. വാവട്ടമുള്ള വലിയ പാത്രങ്ങൾ മഴയത്തു തുറന്നു വച്ചും ആവശ്യത്തിനു ശുദ്ധജലം ശേഖരിക്കാൻ കഴിയും. ഓടിട്ട വീടുകളുടെ പാത്തിയിൽ നിന്നു വെള്ളം ശേഖരിക്കാം

വെള്ളം മുങ്ങിക്കിടക്കുന്ന ഇടങ്ങളിൽ പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ എന്നിവരെ രക്ഷപ്പെടുത്താൻ വഞ്ചി ലഭ്യമല്ലെങ്കിൽ വലിയ ലോഹപ്പാത്രങ്ങൾ അവശ്യഘട്ടത്തിൽ ഉപയോഗപ്പെടുത്താം. ഇത്തരം പാത്രങ്ങളിൽ ഇരുന്നു തുഴഞ്ഞു നീങ്ങാൻ ശ്രമിക്കരുത്, പകരം മറ്റാരെങ്കിലും  മൂന്നുവശങ്ങളിലും നിന്നു പാത്രം മറിയാതെ വെള്ളത്തിലൂടെ ഇവരെ വലിച്ചു കൊണ്ടു നീങ്ങണം. 

വെള്ളം കയറിത്തുടങ്ങിയാൽ റോഡിലെ ഓടകളിൽ കാലുതെന്നി വീഴാതിരിക്കാൻ, അപകടമില്ലാത്ത വഴി വ്യക്തമാവും വിധം വടം, പ്ലാസ്റ്റിക്ക് കയർ എന്നിവ കെട്ടി അതിലൂടെ പിടിച്ചു വേണം നടക്കാൻ. നെഞ്ചിനു മുകളിൽ വെള്ളമെത്തിയ സ്ഥലങ്ങളിൽ നടന്നു നീങ്ങാതെ ചെറുവഞ്ചികൾക്കു ശ്രമിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com