കലിതുള്ളുന്ന പ്രകൃതി; ഇനി കേരളത്തിനാവശ്യം ഭൂമിക്ക് ഭാരമാകാത്ത വീടുകൾ; പരിസ്ഥിതി ദിനചിന്തകൾ
Mail This Article
ചുട്ടുപൊള്ളിച്ച വേനലിനുശേഷം കാലംതെറ്റിപെയ്ത പെരുമഴയും അടുത്ത മൺസൂൺ കാലവും പ്രതീക്ഷിക്കുന്ന വേളയിലാണ് വീണ്ടുമൊരു പരിസ്ഥിതിദിനം എത്തുന്നത്. അതുകൊണ്ട് കുറച്ച് പരിസ്ഥിതികാര്യങ്ങൾ പറയാം.' ചെലവ് കുറഞ്ഞ ഇക്കോ ഫ്രണ്ട്‌ലി വീട് ചെയ്യാമോ' എന്ന് ചോദ്യങ്ങൾ കാണാറുണ്ട്. രണ്ടും രണ്ട് കാര്യങ്ങൾ ആണ്. ചെലവ് കുറഞ്ഞ വീട് ആ ഒരു കാരണം കൊണ്ട് കുറച്ചൊക്കെ ഇക്കോ ഫ്രണ്ട്‌ലി എന്ന് വേണമെങ്കിൽ പറയാം. ചെലവ് കുറവ് എന്നാൽ വസ്തു ഉപഭോഗം കുറവ്, ആ രീതിയിൽ പ്രകൃതി ചൂഷണം കുറവ്, അതുകൊണ്ട് ഇക്കോ ഫ്രണ്ട്‌ലി.
എന്നാൽ വേറെ ഏത് രീതിയിലൊക്കെ ആണ് ഇക്കോഫ്രണ്ട്‌ലി വീടുകൾ ഡിസൈൻ ചെയ്തു നിർമിക്കാൻ സാധിക്കുക? ഒരു നിർമാണവും പൂർണമായി ഇക്കോഫ്രണ്ട്‌ലി അല്ല. പ്രകൃതിക്ക് ഏൽക്കുന്ന ആഘാതം എന്തായാലും ഉണ്ട്, അത് ഏറ്റവും കുറഞ്ഞാൽ ഇക്കോഫ്രണ്ട്‌ലി എന്ന് വിളിക്കാം എന്ന് മാത്രം. Reduce, Recycle, Reuse, മുതലായവ പൊതുവെ ഇക്കോഫ്രണ്ട്‌ലി തത്വങ്ങൾ ആണ്, പഴയ കെട്ടിടം പുനരുപയോഗിക്കുക, പൊളിച്ച കെട്ടിടങ്ങളിലെ നിർമാണ വസ്തുക്കൾ ഉപയോഗിക്കുക മുതലായവ അതുകൊണ്ടുതന്നെ ഇക്കോഫ്രണ്ട്‌ലി ആണ്.
പുതിയ നിർമാണങ്ങളിൽ ഇക്കോഫ്രണ്ട്‌ലിനെസ്സ് എങ്ങനെ ഒക്കെ കൊണ്ട് വരാം, അതാണ് പറയാൻ ആഗ്രഹിക്കുന്നത്. എനർജി അഥവാ ഊർജം ഏറ്റവും കുറച്ചു ഉപയോഗിക്കുന്ന നിർമാണം ആണ് ഏറ്റവും ഇക്കോഫ്രണ്ട്‌ലി. ഇക്കോളജിക്കൽ ഫുട് പ്രിന്റ്, അതായത് എല്ലാ നിർമാണങ്ങളും ഉപയോഗിക്കുന്ന ആകെ ഊർജത്തിന്റെ ശരാശരി, കുറക്കണം. ഇതെങ്ങനെ സാധിക്കും?
ഊർജം രണ്ട് തരമാണ്. ഇന്ധനങ്ങളിൽ നിന്ന് കിട്ടുന്ന തീർന്നു പോകുന്ന ഊർജം, സൂര്യൻ, കാറ്റ് മുതലായവയിൽ നിന്ന് കിട്ടുന്ന തീർന്ന് പോകാത്ത ഊർജം.. ഇതിൽ ആദ്യത്തേത് ഏറ്റവും കുറവും രണ്ടാമത്തേത് കൂടുതലും ഉപയോഗിക്കുക. വീട് നിർമാണത്തിൽ ഇത് ചെയ്യാനുള്ള നൂറുകണക്കിന് രീതികളുണ്ട്, ചിലത് മാത്രം നോക്കാം.
കേരളത്തിലെ പൊതുവായ കാലാവസ്ഥ, സൂര്യന്റെ ദിശ എന്നിവക്ക് അനുസരിച്ച് വീട് പ്ലാൻ ചെയ്യുമ്പോൾ തെക്ക് പടിഞ്ഞാറു നിന്നാണ് കാറ്റ് കൂടുതൽ എന്നതിനാൽ ഈ രണ്ടും ദിശകളിലും ധാരാളം ജനാലകൾ കൊടുക്കാം, പക്ഷേ, ഏറ്റവും വെയിലും ചൂടും വരുന്നതും തെക്ക് നിന്നാണ്. അപ്പോൾ നല്ല ഷേഡ് കൊടുത്ത് ചെറിയ ചെറിയ ജനാലകൾ ആക്കി തെക്കോട്ടു കൊടുക്കുക.
സൂര്യൻ ഏറ്റവും വലിയ ഊർജസ്രോതസ്സ് ആണ്, അത് ഉപയോഗിക്കാം. Utility spaces, തുണി ഉണക്കാനുള്ള സ്ഥലം, ചെടികൾ വയ്ക്കുന്നത്..ഇതൊക്കെ തെക്കു വശത്താവട്ടെ. നല്ല വെയിൽ വേണ്ട മാവ്, പ്ലാവ്, പച്ചക്കറികൾ, പൂമരങ്ങൾ ഒക്കെ തെക്ക് വയ്ക്കുക. മരം നന്നായി വളരും, നമുക്ക് തണലും നേരിയ ചൂടുകുറഞ്ഞ കാറ്റും കിട്ടും.
ഏറ്റവും സുഖകരമായ ദിശ വടക്കും പിന്നെ കിഴക്കും ആണ്. പകൽ ചെലവഴിക്കുന്ന മുറികൾ ഈ ദിശകളിൽ വരട്ടെ. വലിയ ജനാലകൾ ധാരാളം കൊടുക്കാം, വെയിൽ വരില്ല, നല്ല വെളിച്ചമുണ്ടാവും, ശീതളമായിരിക്കും. ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ വേനൽക്കാലത്തു പോലും ഫാൻ വേണ്ടി വരില്ല. അത്രയും എനർജി ലാഭം, അത്രയും ഇക്കോ ഫ്രണ്ട്‌ലി.
വീട് പണിയാനുള്ള വസ്തുക്കൾ തെരഞ്ഞെടുക്കുമ്പോൾ... പലരും തടി, കല്ല് മുതലായവ നാച്ചുറൽ ആയത് കൊണ്ട് ഇക്കോഫ്രണ്ട്‌ലി എന്ന് പറയും. പക്ഷേ ഇത് രണ്ടും പ്രകൃതിയിൽ തീർന്നു പോകുന്ന സാധനങ്ങൾ ആണ്. സ്റ്റീൽ, അലൂമിനിയം മുതലായവ ഉൽപാദിപ്പിക്കുന്ന സമയത്ത് ഭീമമായ അളവിൽ ഊർജം ഉപയോഗിക്കും, അതിനാൽ അതും ഇക്കോഫ്രണ്ട്‌ലി അല്ല. പക്ഷേ കോൺക്രീറ്റിനെ അപേക്ഷിച്ചു നോക്കിയാൽ സ്റ്റീൽ ഭേദം, കാരണം സ്റ്റീൽ പലതവണ പുനരുപയോഗിക്കാം. അലൂമിനിയം കൂടുതൽ ചൂട് ശേഖരിച്ചു വച്ച് രാത്രിയിൽ പുറത്ത് വിടും. ബാംബൂ, മണ്ണ് എന്നിവ നല്ല നിർമാണ വസ്തുക്കൾ ആണ്, പക്ഷേ ഇവയുടെ സാധ്യതകളിൽ പൂർണമായ ഗവേഷണങ്ങൾ ഇനിയും ബാക്കിയാണ്, അതുകൊണ്ട് തന്നെ skill ഉള്ള പണിക്കാരും നല്ല മെറ്റീരിയലും കിട്ടാൻ പലപ്പോഴും കഴിയില്ല.
അപ്പോൾ പിന്നെ ഏറ്റവും നല്ല മെറ്റീരിയൽ എന്താണ്? ഓരോ സാഹചര്യം നോക്കി മാത്രമേ അത് തീരുമാനിക്കാനാവൂ, എങ്കിലും ഏത് മെറ്റീരിയൽ എടുക്കുമ്പോഴും അതിന്റെ എനർജി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുക.
കാർബൺ ഫുട്പ്രിന്റ് എന്ന വാക്കും ഓർത്തിരിക്കുക. അന്തരീക്ഷത്തിൽ ഉള്ള കാർബൺ കുറക്കുന്നത് ഇക്കോഫ്രണ്ട്‌ലി ആകാനുള്ള വഴിയാണ്. ഈ കാർബൺ ആഗിരണം ചെയ്യാൻ കഴിവുള്ള കണ്ടൽ പോലെയുള്ള ചെടികൾ വളർത്തുന്നത് നല്ലത്. മണ്ണൊലിച്ച് പോകാതെ സൂക്ഷിക്കാൻ രാമച്ചം പോലെയുള്ള പുല്ലുകൾ വളർത്തണം.
വെള്ളം ഉപയോഗിക്കുന്ന രീതി പ്രധാനം. ഇപ്പോൾ വിപണിയിൽ പലതരം ടാപ്പുകളും ഫ്ലഷിങ് സിസ്റ്റംസും കിട്ടും, കുറച്ച് മാത്രം വെള്ളം ഉപയോഗിക്കുന്നത്, അവ ഉപയോഗിക്കുക. കൂടാതെ മലിനജലം പുനരുപയോഗിക്കുക.
പെയിന്റ് തെരഞ്ഞെടുക്കുമ്പോൾ വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ട് (VOC) കുറഞ്ഞത് നോക്കി എടുക്കുക. പെയിന്റിൽ ഉള്ള ഓർഗാനിക് കോൺടെന്റ് ആരോഗ്യത്തിന് നല്ലതല്ല. ഉറക്കത്തിൽ ശ്വസിക്കുകയും പകൽ സമയത്ത് contact ൽ വരികയും ചെയുന്ന പെയിന്റ് ആണ് പല അലർജികൾക്കും കാരണം. പെയിന്റ് മാത്രമല്ല എല്ലാ മെറ്റീരിയൽസും ആരോഗ്യകരമായത് കൂടി നോക്കി തിരഞ്ഞെടുക്കണം.