ADVERTISEMENT

എന്തുകൊണ്ടാണ് വീട്ടുടമയും കോൺട്രാക്ടറും തമ്മിൽ ഇത്രയേറെ വഴക്കുണ്ടാക്കുന്നത്? അവിശ്വാസം, വിശ്വാസവഞ്ചന, കബളിപ്പിക്കൽ, അമിതമായി പണംപറ്റൽ തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന വർഗമാണ് കോൺട്രാക്ടർമാർ. വീട്ടുടമ ഏതു സമയത്തും തന്നെ പണംതരാതെ കബളിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കോൺട്രാക്ടറും കരുതുന്നു. മനഃസമാധാനത്തോടെ ഉറങ്ങാൻ അതുകൊണ്ടുതന്നെ അവരിരുവർക്കുമാവുമോ എന്നതും എന്റെ സംശയമാണ്.

വീട്ടുടമ തന്നെ പറ്റിച്ചെന്ന് കോൺട്രാക്ടറും കോൺട്രാക്ടർ പറ്റിച്ചെന്ന് വീട്ടുടമയും കാലങ്ങളായി മനസിൽ കണക്കുകൂട്ടുന്നുണ്ട്. തുടക്കത്തിലുള്ള സ്നേഹബന്ധം ഒടുവിലൊടുവിൽ തകർന്നുവീഴുന്നു. വീടുനിർമ്മാണ ഘട്ടത്തിൽ ഇരുകൂട്ടരും തമ്മിലുള്ള രൂക്ഷമായ സംശയങ്ങൾ മൂലം പൊലീസ് സ്റ്റേഷനും പിന്നെ കോടതി വ്യവഹാരങ്ങളുമായി വീട്ടുടമയും, കരാർ രേഖകളും നിർമ്മാണരീതികളും സാധനങ്ങളുടെ വിലവർധനവും കരാറിൽ പറയാത്ത ജോലികളുടെ ആധിക്യവും ചെലവും ഒക്കെയാണ് 'അമിതചെലവെന്ന് പറഞ്ഞുള്ള പരാതിക്കടിസ്ഥാനം' എന്ന് കരാറുകാരനും പറയുന്നു.

നിർമ്മാണത്തെ സംബന്ധിച്ച സാങ്കേതികത്വങ്ങൾ പലതും ഈ കാര്യത്തിൽ നിരക്ഷരനായ ഉടമയുമായി ചർച്ച ചെയ്ത് ബോധ്യപ്പെടുത്താനാവില്ല. ഇവിടെയാണ് പരാതി പരിഹാരസെൽ ഉണ്ടാവേണ്ട ആവശ്യകതയുള്ളത്. കോൺട്രാക്ടറും ക്ലയിന്റും നേരിട്ട് ബന്ധമില്ലാതിരിക്കലാണ് പ്രധാനം. അവർക്കിടയിൽ ഒരു പ്രൊജക്ട് മാനേജ്മെന്റ് എന്ന സ്ഥാപനം ഉണ്ടാവണം.

വീടിന്റെ ഡിസൈൻ തയ്യാറായാൽ പ്രസ്തുത ഡിസൈനുമായി ഉടമ തെരുവിലിറങ്ങി കോൺട്രാക്ടേഴ്സിനെ തിരയുന്നതിന് പകരമായി ആ ഡിസൈനുമായി പ്രൊജക്ട് എൻജിനീയർ / കൺസൾട്ടൻസിയെ ഏൽപിക്കണം. അവർ അതിന്റെ വിശദമായ ബിൽ ഓഫ് ക്വാണ്ടിറ്റി (BoQ) തയ്യാറാക്കി Rate ഇട്ട് കോസ്റ്റ് തയ്യാറാക്കണം. അങ്ങനെ വീടിന്റെ മതിപ്പ് ചെലവ് കിട്ടും.

ശേഷം ഡ്രോയിങ്ങും BoQ വും കോൺട്രാക്ടറെ ഏൽപ്പിച്ച് ക്വട്ടേഷൻ ക്ഷണിക്കുക. അവർ ഓരോ ജോലിയും ചെയ്യാനുള്ള തുകയിട്ട് മൊത്തം ചെലവ് ലഭിക്കുന്നു. അവരിൽനിന്ന് നല്ലൊരു കോൺട്രാക്ടറെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാനേജ്മെന്റ് കമ്പനിക്കായിരിക്കണം. പിന്നീടുള്ള ജോലിയും മേൽനോട്ടവും മെറ്റീരിയൽ തിരഞ്ഞെടുപ്പും എല്ലാം പ്രൊജക്ട് മാനേജ്മെന്റ് കമ്പനിക്കായിരിക്കണം എന്ന് ചുരുക്കം.

പണിയുടെ ഓരോ ഘട്ടത്തിലുമുള്ള അധിക ജോലികൾ (variations) രേഖപ്പെടുത്തി അതിന് അധിക തുക തീരുമാനിക്കാവുന്നതാണ്. ഇത്രയുമായാൽ ഒരു പ്രൊജക്ട് മനഃസമാധാനത്തോടെ പൂർത്തീകരിക്കാവുന്നതാണ്. അതല്ലെങ്കിൽ തലമുടി വളർന്നാൽ ബാർബർ ഷോപ്പിൽ പോകുന്ന ലാഘവത്തോടെ ഉടമ കോൺട്രാക്ടറെ കാണാൻ പോകുമ്പോൾ ഒട്ടേറെ പ്രശ്നങ്ങൾ ഉടലെടുക്കും. ജോലിയെ സംബന്ധിച്ചും സാങ്കേതികത സംബന്ധിച്ചും വില / ഗുണനിലവാരം സംബന്ധിച്ചും ഉടമയ്ക്ക് ധാരണകളുണ്ടാവണമെന്നില്ല. അത്തരം ഉടമകളുമായി ഡീൽ ഉറപ്പിക്കാനും ജോലി മുന്നോട്ടു കൊണ്ടുപോവാനും ബുദ്ധിമുട്ടാണെന്ന് മാത്രമല്ല സങ്കീർണ്ണവും ശ്വാസം മുട്ടുന്നതുമായ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.

മനഃസമാധാനമില്ലാതെ ജോലി ചെയ്യുന്നതിന്റെ വിമ്മിഷ്ടം പല രീതിയിൽ കോൺട്രാക്ടറും ഉടമയും പ്രകടിപ്പിക്കും. കയ്യാങ്കളി, അപവാദപ്രചരണം, വ്യവഹാരം,  പൊലീസിടപെടൽ തുടങ്ങി മനഃസുഖമില്ലാത്ത ഒട്ടേറെ ദുരന്തങ്ങൾക്കുള്ളിൽ സമയവും ധനവും ഹോമിക്കേണ്ടിവരും. അത്രയും പിടിവലി നടത്തി പണിത വീട്ടിൽ ഇരിക്കുന്നതിന്റെ ജുഗുപ്സ വേറെയും.

കേരളത്തിൽ നടക്കുന്നത് പക്ഷെ പലപ്പോഴും അനാരോഗ്യകരമായ പ്രവണതയാണ്. യുദ്ധവീര്യം സൂക്ഷിക്കുന്ന ഉടമയും ജോലി തഴമ്പുള്ള കോൺട്രാക്ടറും തമ്മിലുള്ള മല്ലയുദ്ധത്തിന് കാഴ്ചക്കാരും പ്രോൽസാഹന കമ്മിറ്റിക്കാരും ഏറെയുള്ളത് രംഗം വഷളാക്കുന്നു. അഭ്യുദയകാംക്ഷികളെന്ന വ്യാജേന തമ്പടിക്കുന്ന കുളംകലക്കികളാകും അതിലേറെയും.

'14 അടി ഉയരത്തിലുള്ള മതിൽ വീണു'. കോൺട്രാക്ടറിൽ നിന്ന് നഷ്ടപരിഹാരം കിട്ടുമോ എന്ന ചോദ്യമുണ്ടാകുന്നു. ഉത്തരമെന്ന പേരിൽ പ്രതികൂലമായും അനുകൂലമായും ചേരിതിരിഞ്ഞു തെറി വിളി നടക്കുമെന്നല്ലാതെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. മാത്രമല്ല സ്ക്വയർഫീറ്റ് റേറ്റ് എന്ന മണ്ടത്തരത്തിന് തല വച്ചു കൊടുത്ത്, പരാതിയും പരിദേവനവുമായി നടക്കുന്നത് നല്ല പ്രവണതയല്ല.

കാരണം 1500 സ്ക്വയർഫീറ്റിനകത്ത് 5 ടോയ്‌ലറ്റ് വരാം 4 വരാം 3 വരാം. അങ്ങനെ വരുമ്പോൾ അതിനനുസരിച്ച് Rate വ്യത്യാസം വന്നുകൊണ്ടിരിക്കും. മാത്രമല്ല കൃത്യമായ മേൽനോട്ടത്തിനനുസരിച്ചും Rate വ്യത്യാസം വന്നു കൊണ്ടിരിക്കും. Material Specification മറ്റൊരു ഘടകമാണ്. അങ്ങനെ സ്ക്വയർഫീറ്റ് റേറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഒട്ടേറെയാണ്. ഇതൊന്നുമറിയാതെ സർക്കസ് കൂടാരത്തിനകത്തേക്ക് ടിക്കറ്റെടുത്ത് കേറി സർക്കസുകാരന്റെ അഭ്യാസത്തെ വിമർശിച്ച് ഊഞ്ഞാലാട്ടം അത്രക്ക് പോരാന്ന് തോന്നി ടിക്കറ്റിന് ചെലവഴിച്ച പണം നഷ്ടമായെന്ന് പരിഭവപ്പെടുന്നതിൽ എന്ത് കാര്യമാണുള്ളത്.

English Summary:

Disputes between contractor and owner- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com