ADVERTISEMENT

പുറംഭിത്തിയിൽ ഗ്ലാസുകൾ പതിച്ച കെട്ടിടങ്ങൾ വൃത്തിയാക്കുന്നത് അങ്ങേയറ്റം സാഹസികമായ പ്രവൃത്തിയാണ്. ഗ്ലാസുകൾ വൃത്തിയാക്കാനായി കയറുകളിൽ തൂങ്ങിക്കിടക്കേണ്ടി വരും. എന്നാൽ ഇങ്ങനെ ക്ലീനിങ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് 'മിന്നൽ കൊടുങ്കാറ്റ'ടിച്ചാൽ സ്ഥിതി എന്താകും?അത്തരമൊരു അനുഭവത്തിലൂടെയാണ് ചൈനയിലെ ഒരുകൂട്ടം ക്ലീനിങ് തൊഴിലാളികൾ കടന്നുപോയത്.

ബെയ്ജിങ്ങിൽ സ്ഥിതി ചെയ്യുന്ന സിസിടിവി ടവർ എന്ന 51 നില കെട്ടിടത്തിന്റെ പുറത്തുള്ള ഗ്ലാസ് ചുവരുകൾ വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ കൊടുങ്കാറ്റ് ഇവരുടെ ജീവനു ഭീഷണി ഉയർത്തുകയായിരുന്നു. മേയ് 30നാണ് സംഭവം. 

കൊടുങ്കാറ്റിനിടെ തറയിൽനിന്ന് നൂറുകണക്കിന് മീറ്ററുകൾ ഉയരത്തിൽ വായുവിൽ തൂങ്ങിക്കിടന്ന് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. 

പതിവുപോലെ ടവറിന്റെ ഗ്ലാസ് ജനാലകൾ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു 13 തൊഴിലാളികൾ. കൊടുങ്കാറ്റ് വീശിയതോടെ തിരികെ മുകളിലേക്ക് എത്താനോ താഴേക്കിറങ്ങാനോ പറ്റാതെ അവർക്ക് അതേനിലയിൽ തുടരേണ്ടിവന്നു. കാറ്റിന്റെ ശക്തി മൂലം ഇരുവശങ്ങളിലേക്കും ഊഞ്ഞാലുപോലെ ആടുന്ന കയറുകളിൽ താഴെ വീഴാതെ ബാലൻസ് ചെയ്ത് നിൽക്കാൻ തൊഴിലാളികൾ കിണഞ്ഞു പരിശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അൽപമൊന്ന് പതറിയാൽ ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥ.

234 മീറ്ററാണ് സിസിടിവി ടവറിന്റെ ഉയരം. അതിനാൽ കെട്ടിടം വൃത്തിയാക്കാൻ ഇറങ്ങുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാറുണ്ടങ്കിലും ഇത്തരത്തിൽ അപ്രതീക്ഷിതമായി പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാൽ അവ മറികടക്കുക പ്രയാസകരമാണ്. എന്നാൽ 15 മിനിറ്റ് നീണ്ടുനിന്ന കൊടുങ്കാറ്റിനെ തൊഴിലാളികൾ അതിജീവിക്കുക തന്നെ ചെയ്തു. മരണത്തെ മുഖാമുഖം കണ്ട അനുഭവത്തിൽനിന്ന് തൊഴിലാളികൾ  അപകടം കൂടാതെ രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇത്തരം സാഹസിക ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ജീവന്റെ സുരക്ഷയെ സംബന്ധിച്ച ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഏഷ്യയിലെ അംബരചുംബികളിൽ പലതിലും ക്ലീനിങ് ജോലികളിൽ ഏർപ്പെടുന്നവരുടെ അവസ്ഥ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണെന്ന് ഈ ദൃശ്യങ്ങൾ തെളിയിക്കുന്നു.

ഉയരം കൂടിയ കെട്ടിടങ്ങളിൽ വൃത്തിയാക്കാനിറങ്ങുന്ന ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി എല്ലാ മുൻകരുതലുകളും തൊഴിൽദാതാക്കൾ നൽകുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ആവശ്യമുയർത്തുന്നവരും കുറവല്ല.

cctv-tower-china
CCTV Tower: Photo credit:Nikada/istock.com

വേറിട്ട ആകൃതികൊണ്ട് ശ്രദ്ധേയമായ സിസിടിവി ടവർ ഈ സംഭവത്തിലൂടെ വീണ്ടും വാർത്തകളിൽ ഇടംനേടി. സങ്കീർണ്ണമായ രൂപകൽപനയാണ്  കെട്ടിടത്തിന്റെ പ്രത്യേകത. മൂന്ന് വ്യത്യസ്ത നിർമിതികൾ മധ്യഭാഗം തുറന്നു കിടക്കുന്ന രീതിയിൽ കൂടിച്ചേർന്നതാണ് കെട്ടിടത്തിന്റെ ഘടന.

41,88,010 ചതുരശ്ര അടിയാണ് നിർമിതിയുടെ ആകെ സ്ഥലവിസ്തൃതി. 2004 ജൂണിൽ നിർമാണം ആരംഭിച്ചെങ്കിലും ടവർ പ്രവർത്തനയോഗ്യമായത് 2012 മേയിലാണ്. ചൈന സെൻട്രൽ ടെലിവിഷന്റെ ആസ്ഥാന കേന്ദ്രമായാണ് കെട്ടിടം പ്രവർത്തിക്കുന്നത്.

English Summary:

window cleaners dangling from china skyscraper in storm video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com